വിലാപക്കടലായി പുട്ടപര്‍ത്തി
Posted on: 25 Apr 2011

പുട്ടപര്‍ത്തി:'ബാബ ഞങ്ങളെ വിട്ടു പോവില്ല. ഞങ്ങള്‍ അത് വിശ്വസിക്കില്ല', പ്രശാന്തി നിലയത്തില്‍ ഒരു മാസമായി പ്രാര്‍ഥനയുമായി കഴിയുന്ന ഇംഗ്ലണ്ടുകാരി എലിസബത്ത് സാമുവലിന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്. ഛത്രാവതി റോഡിലെ ലോഡ്ജില്‍ നിന്ന് പ്രാര്‍ഥനയ്ക്കായി പുറപ്പെട്ടപ്പോള്‍ പ്രശാന്തി നിലയത്തിലെ പോലീസ് സന്നാഹം കണ്ട് അന്വേഷിക്കാനിറങ്ങിയതായിരുന്നു എലിസബത്ത് . ബാബ വിടവാങ്ങിയെന്നറിഞ്ഞതോടെ റോഡരികില്‍ ഇരുന്ന് കരയാനേ അവര്‍ക്കു കഴിഞ്ഞുള്ളൂ.
പ്രശാന്തി നിലയത്തിന് മുന്നില്‍ ഞായറാഴ്ചത്തെ ദൃശ്യം അതുതന്നെയായിരുന്നു. ഭക്തര്‍ക്ക് ബാബയുടെ സമാധി വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല . പോലീസിന്റെ ശക്തമായ നിയന്ത്രണംമൂലം പലര്‍ക്കും വീട്ടില്‍നിന്ന് പുറത്തിറങ്ങാനും കഴിഞ്ഞിരുന്നില്ല. രാവിലെ ഏഴ് മണിയോടെതന്നെ പുട്ടപര്‍ത്തിയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തിരുന്നു . പത്ത് മണിയോടെ ബാബയുടെ സമാധി പുറത്തുവന്നതോടെ ഭക്തര്‍ ആസ്പത്രി ലക്ഷ്യമാക്കി നീങ്ങിയെങ്കിലും പോലീസ് തടഞ്ഞു. പുട്ടപര്‍ത്തിയിലും പരിസരത്തുമായി 116 ചെക്ക്‌പോസ്റ്റുകളാണ് പോലീസ് സ്ഥാപിച്ചത്. റോഡില്‍ കുമ്മായംകൊണ്ട് മാര്‍ക്കിടുന്നതിന്റെയും പ്രശാന്തിനിലയത്തിന് മുന്നിലെ പൂക്കച്ചവടക്കാരെയും ഓട്ടോക്കാരെയും മാറ്റുന്നതിന്റെയും ജോലികള്‍ രാവിലേതന്നെ പൂര്‍ത്തിയാക്കിയിരുന്നു. പുട്ടപര്‍ത്തിയില്‍നിന്ന് സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് ഒരു വാഹനവും കടത്തിവിട്ടിരുന്നില്ല. നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ പുറത്തേക്ക് ഇറങ്ങുന്നവരെ വീടുകളിലേക്ക് മടക്കി അയച്ചു. നാല് ലക്ഷത്തോളം ഭക്തര്‍ പുട്ടപര്‍ത്തിയിലേക്ക് ഒഴുകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പോലീസ് കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് അനന്തപുര്‍ ഡി.ജി.പി. ചാരുസിംഹ പറഞ്ഞു .
സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് മുന്നില്‍ പുലര്‍ച്ചെതന്നെ മാധ്യമങ്ങളുടെ വന്‍നിര തന്നെയുണ്ടായിരുന്നു . ഉന്നത സര്‍ക്കാര്‍ഉദ്യോഗസ്ഥരും മന്ത്രിമാരും ആസ്പത്രിക്കകത്തേക്ക് തുടര്‍ച്ചയായി പോകുന്നുണ്ടെങ്കിലും ബാബയുടെ ആരോഗ്യനില സംബന്ധിച്ച അറിയിപ്പുകളൊന്നും വന്നില്ല . പത്തരയോടെയാണ് സമാധിവാര്‍ത്ത പത്രക്കുറിപ്പ് വഴി അറിയിച്ചത്. പതിനൊന്ന് മണിയോടെ മന്ത്രി ഗീതാ റെഡ്ഡി മെഡിക്കല്‍ സയന്‍സസില്‍നിന്നു പുറത്തുവന്ന് മറ്റ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി . തുടര്‍ന്ന് രണ്ടരയോടെ ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയും ഗവര്‍ണര്‍ എസ്.എല്‍. നരസിംഹനും പ്രത്യേക ഹെലികോപ്ടറില്‍ പുട്ടപര്‍ത്തിയിലെത്തി . അതിനിടെ പ്രശാന്തിനിലയത്തിലേക്കുള്ള അനുബന്ധ റോഡുകള്‍ പോലീസ് അടച്ചെങ്കിലും വൈകുന്നേരത്തോടെ ജനങ്ങളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് പൊളിച്ചുമാറ്റി. ഭൗതികശരീരം വൈകിട്ട് ആറ് മണിക്ക് പൊതുദര്‍ശനത്തിന് വെക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എട്ട് മണിയോടെയാണ് അധികൃതര്‍ അനുവാദം നല്‍കിയത് . പ്രശാന്തിനിലയത്തിന് മുന്നില്‍ ഭക്തരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
ബാബയുടെ മരണമറിഞ്ഞ് രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. പുട്ടപര്‍ത്തി പഴയ ഗ്രാമത്തിലെ നാരായണമ്മ (45) ടി.വി.യില്‍ ബാബയുടെ മരണ വിവരമറിഞ്ഞയുടനെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ജന്ധവേപമാനുവില്‍ മറ്റൊരു സ്ത്രീയും കുഴഞ്ഞുവീണ് മരിച്ചു.