Mathrubhumi Logo
saibaba-1   saibaba-2

സ്‌നേഹം വിരിഞ്ഞ സ്വപ്‌നഭൂമിക

Posted on: 25 Apr 2011

പൊള്ളുന്നവെയിലില്‍ മരുഭൂമിപോലെ വറ്റിവരണ്ടുകിടക്കുന്ന നാട്ടില്‍ തൊണ്ട നനയ്ക്കാന്‍ ഒരിറ്റുവെള്ളം നല്‍കിയവനെ അവിടത്തുകാര്‍ ഭഗവാനെന്നുവിളിച്ചാല്‍ അദ്ഭുതപ്പെടാനില്ല.കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കൂട്ടത്തിനിടയില്‍ കള്ളിമുള്‍ച്ചെടികള്‍ വളര്‍ന്നുനിന്ന വലിയ ഒരു ഭൂപ്രദേശത്ത് മൃഗങ്ങളെപ്പോലെ ദാഹജലത്തിനായി അലഞ്ഞുനടന്ന പട്ടിണിപ്പാവങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചുവെന്നതുതന്നെ സത്യസായി ബാബയുടെ പുണ്യം .

പുട്ടപര്‍ത്തി സ്ഥിതിചെയ്യുന്ന ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ മാത്രമല്ല, മേധക്കിലും കിഴക്കുപടിഞ്ഞാറ് ഗോദാവരി ജില്ലകളിലും വെള്ളത്തിന് പൊള്ളുന്ന വിലയുള്ള ചെന്നൈ നഗരത്തിലും ഭൂകമ്പത്തില്‍ തകര്‍ന്ന ലാത്തൂരിലുമൊക്കെ കുടിവെള്ളമൊഴുകുന്നത് ബാബയുടെ കനിവില്‍നിന്ന്. സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് മുന്‍കൈയെടുത്ത് നടപ്പാക്കിയ ഏറ്റവും ബൃഹത്തും മഹത്തുമായ സേവന പദ്ധതിയെന്ന് വിശേഷിപ്പിക്കാവുന്നത് ശുദ്ധജലവിതരണ പദ്ധതി തന്നെ. പുട്ടപര്‍ത്തിയെന്ന ചെറുപട്ടണവും അതിനുചുറ്റിനുമുള്ള ഗ്രാമങ്ങളും ഇതിനു സാക്ഷ്യം.

''ഞാന്‍ ദൈവമാണ്. നിങ്ങളും ദൈവമാണ്. എന്നാല്‍ നമ്മള്‍ തമ്മിലുള്ള വ്യത്യാസം ഞാനത് തിരിച്ചറിയുന്നുവെന്നതും നിങ്ങള്‍ അറിയുന്നില്ല എന്നതുമാണ്.'' സത്യസായിബാബയുടെ ഈ സന്ദേശം ലോകജനത ഏറ്റെടുത്തപ്പോള്‍ പുട്ടപര്‍ത്തിനിയെന്ന ചിതല്‍പ്പുറ്റുകളുടെ നാട് ഇന്നത്തെ പുട്ടപര്‍ത്തിയായി.

പുട്ടപര്‍ത്തിയില്‍ ഇന്നറിയപ്പെടുന്ന പഴയ മന്ദിര്‍ 1944-ല്‍ സ്ഥാപിച്ചെങ്കിലും പ്രശാന്തിനിലയം വരുന്നത് 1950-ലാണ്. 1954-ല്‍ പുട്ടപര്‍ത്തിയില്‍ ആസ്പത്രി സ്ഥാപിച്ചുകൊണ്ടാണ് ആതുരസേവനരംഗത്ത് തുടക്കം കുറിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുംനിന്നായി സംഭാവനകള്‍ പ്രവഹിച്ചപ്പോഴാണ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രസ്റ്റ് രൂപവത്കരിക്കാന്‍ ബാബ തയ്യാറായത്.

സായി ട്രസ്റ്റിലേക്ക് വിദേശങ്ങളില്‍നിന്ന് ധാരാളം സംഭാവനകള്‍ ഒഴുകിയെത്തിയിട്ടുണ്ടെങ്കിലും അമേരിക്കയിലെ ഭക്തനായ മൈക് ടെകരറ്റിന്റേതാണ് രേഖകളിലെ വലിയ സംഭാവന. തന്റെ കോഫി ഹൗസ് വിറ്റ വകയില്‍ ലഭിച്ച 200 കോടി രൂപയാണ് അദ്ദേഹം സായി സെന്‍ട്രല്‍ ആസ്പത്രിക്കായി നല്‍കിയത്. വിദേശ ഇന്ത്യക്കാരനായ ജി.വി. ഷെട്ടിയില്‍നിന്ന് 25 കോടിയും പുട്ടപര്‍ത്തിയിലെ സംഗീത സ്‌കൂളിനായി ഇന്‍ഡൊനീഷ്യയിലെ ഭക്തനില്‍നിന്ന് 50 കോടിയും സംഭാവനയായി ലഭിച്ചിട്ടുണ്ട്. സത്യസായി ട്രസ്റ്റിന്റെ അഭിമാനസംരംഭമായ ശ്രീ സത്യസായി കുടിവെള്ളപദ്ധതി 400 കോടി രൂപ ചെലവിലാണ്1966-ല്‍ നടപ്പാക്കിയത്. പ്രശാന്തിനിലയത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള പ്ലാനറ്റേറിയം, ഓഡിറ്റോറിയം, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവയും ട്രസ്റ്റിന്റെ കീഴില്‍ നിര്‍മിച്ചിട്ടുണ്ട്.

ആസ്പത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചാരിറ്റിസ്ഥാപനങ്ങള്‍ എന്നിവയാണ് സത്യസായിബാബയുടെ പിന്തുണയോടെ ലോകത്താകമാനം പ്രവര്‍ത്തിക്കുന്നത്. പ്രശാന്തിനിലയത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ സത്യസായി യൂണിവേഴ്‌സിറ്റിയാണ് ഇതില്‍ പ്രധാനം. നാകിന്റെ എ + + അംഗീകാരമുള്ള ഇന്ത്യയിലെ ഏകസ്ഥാപനം. 1981-ല്‍ സ്ഥാപിച്ച സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ ലേണിങ് ആണ് സര്‍വകലാശാലയായി മാറിയത്. സത്യസായിബാബയാണ് സര്‍വകലാശാലയുടെ ചാന്‍സലര്‍. ബാംഗ്ലൂരിലെ വൈറ്റ് ഫീല്‍ഡ്, പുട്ടപര്‍ത്തി, അനന്തപുര്‍ എന്നിവിടങ്ങളിലായാണ് സര്‍വകലാശാലയുടെ കാമ്പസ് പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ക്ലാസിക് മ്യൂസിക് പ്രവര്‍ത്തിക്കുന്നുണ്ട്. മുഡനഹള്ളിയിലെ സത്യസായി ലോക സേവ സ്‌കൂള്‍, സത്യസായി ലോക സേവ ട്രസ്റ്റ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവയും വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്.രാജ്യത്തിന്റെ പല ഭാഗങ്ങളിലുമായി നിരവധി സ്‌കൂളുകളും ആശ്രമങ്ങളും വേറെയുണ്ട്.

200 ഏക്കര്‍ സ്ഥലത്ത് പുട്ടപര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സ് ആരോഗ്യരംഗത്തെ ലോകോത്തര നിലവാരമുള്ള മെഡിക്കല്‍ സ്ഥാപനമാണ്. 1991-ല്‍ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവാണ് 100 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആസ്പത്രി ഉദ്ഘാടനം ചെയ്തത്.

തുടര്‍ന്ന് പാവപ്പെട്ടവര്‍ക്ക് സഹായകമായ തരത്തില്‍ ബാംഗ്ലൂരിലും സത്യസായി മെഡിക്കല്‍ സയന്‍സ് ആരംഭിച്ചു. 2001 ജനവരിയില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പേയിയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതുവരെ രണ്ടര ലക്ഷത്തോളം പേര്‍ക്ക് ഇവിടെ നിന്ന് സൗജന്യ മെഡിക്കല്‍ സഹായം ലഭിച്ചിട്ടുണ്ട്. നേരത്തേ 1977-ല്‍ ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡില്‍ ശ്രീ സത്യസായി ജനറല്‍ ആസ്പത്രി ആരംഭിച്ചിരുന്നു.

1974-ലെ ഗുരുപൂര്‍ണിമദിനത്തില്‍ താന്‍ 96 വയസ്സുവരെ ജീവിച്ചിരിക്കുമെന്നും അതിനുശേഷം മൈസൂരിലെ മണ്ഡ്യയില്‍ പ്രേംസായി എന്ന പേരില്‍ പുനര്‍ജനിക്കുമെന്നും സത്യസായിബാബ പ്രവചിച്ചിട്ടുണ്ടെങ്കിലും സത്യസായി ട്രസ്റ്റിന്റെ പിന്‍ഗാമിയാരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.




saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss