Mathrubhumi Logo
saibaba-1   saibaba-2

മാനവികതയുടെ സ്വരലയം

ജി. മാധവന്‍ നായര്‍ Posted on: 25 Apr 2011

ഒരു യഥാര്‍ഥ മനുഷ്യസ്‌നേഹിയാണ് ബാബ. മനുഷ്യസേവയാണ് ഈശ്വരസേവ എന്ന ബാബയുടെ വാക്കുകള്‍ ആ സ്‌നേഹത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. ഒരു മഹാത്മാവിന്റെ വാക്കും പ്രവര്‍ത്തിയും എപ്പോഴും ഏകീഭവിച്ചു നില്‍ക്കും. ഈയൊരു ഘടകമാണ് എന്നെ ബാബയിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. ആതുര സേവനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മേഖലകളില്‍ സ്തുത്യര്‍ഹ

മായസേവനമാണ് ബാബ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിപോലും കാരുണ്യരഹിതയായി പെരുമാറുന്ന സ്ഥലങ്ങളില്‍ ബാബയുടെ സഹായഹസ്തങ്ങളെത്തിച്ചേരുന്നു. സുനാമി ദുരന്തത്തിലും അതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുരിത ബാധിത പ്രദേശങ്ങളിലും ബാബയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട ഒരായിരം സന്നദ്ധപ്രവര്‍ത്തകര്‍ ആശ്വാസമായിത്തീരുന്നു. ഒരു വ്യക്തിക്ക് ഒരുജനതയെമുഴുവന്‍ ഊര്‍ജസ്വലരാക്കാന്‍ കഴിയുക എന്നത് അത്ഭുകരമായ കാര്യമാണ്.

പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മനുഷ്യര്‍ വ്യത്യസ്ത രീതിയിലാണ് അവയെ സമീപിക്കുന്നത്. ഒരു ഉയര്‍ന്ന ആത്മീയ അവബോധത്തിലിരിക്കുന്ന വ്യക്തിക്കുമാത്രമേ മനുഷ്യന്റെ മുഴുവന്‍ നന്മയെ മുന്നില്‍കണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. ആ ഒരു ആത്മീയമായ ഊര്‍ജം ബാബയ്ക്കു നല്‍കാന്‍ സാധിക്കുന്നുണ്ട്.

എന്റെ ഗുരു ഡോ. എ.പി.ജെ. അബ്ദുള്‍ കലാമില്‍ നിന്നാണ് ബാബയെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. അദ്ദേഹം പുട്ടപര്‍ത്തിയില്‍ ആശ്രമം സന്ദര്‍ശിക്കുകയും സായിബാബയുമായി അടുത്ത് സംവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി.

ഇന്ന് ലോകത്ത് മതത്തിന്റെ പേരില്‍ നടക്കുന്ന കാലുഷ്യങ്ങള്‍ക്കിടയില്‍ ബാബയെപ്പോലുള്ളവരുടെ പ്രസക്തി വര്‍ധിച്ചുവരികയാണ്. ഞാന്‍ കേട്ടിട്ടുള്ളത് ബാബയുടെ ആസ്പത്രിയില്‍ എല്ലാവര്‍ക്കും എല്ലാ ചികിത്സകളും സൗജന്യമാണെന്നാണ്. ഒരു രോഗിയുടെ ജാതിയോ മതമോ ചോദിച്ചിട്ടല്ല അവര്‍ക്ക് ചികിത്സ നല്‍കുന്നത്. അതുപോലെ ബാബയുടെ സ്‌ക്കൂളുകളിലെ പാഠ്യവിഷയത്തിലൊന്നും ഒരു തരത്തിലുമുള്ള ജാതിമത വിവേചനങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കേട്ടിട്ടില്ല. അത് വളരെ ശ്രദ്ധേയമായ കാര്യമാണ്. ഒരു വിശ്വമാനവികതയിലൂന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ബാബ നേതൃത്വം കൊടുക്കുന്നത്. അത് ഒരു കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. വംശീയവും ദേശീയവുമായ സങ്കുചിത ചിന്തകള്‍ മാനവികതയില്‍ വിള്ളലുണ്ടാക്കി സ്‌നേഹവും സാഹോദര്യവുമെല്ലാം കാറ്റില്‍ പറത്തുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഒരു പുതിയ മൂല്യബോധം എല്ലാവരിലും ഉണര്‍ത്താന്‍ ബാബയെപ്പോലുള്ളവര്‍ക്ക് സാധിക്കുന്നുണ്ട് എന്നത് വലിയൊരാശ്വാസമാണ്.

പ്രപഞ്ചത്തിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്ന ഒരു ഊര്‍ജസ്രോതസ്സുള്ളതായി തോന്നിയിട്ടുണ്ട്, ഒരു സര്‍വശക്തന്‍ അതിന് ദൈവമെന്ന പേര്‍ നല്‍കാനാകുമോ എന്നെനിക്കറിയില്ല.

ഞാനുള്‍പ്പെട്ട ചന്ദ്രയാന്‍ ദൗത്യത്തിന് പിന്നിലും ഈ ശക്തിയാണെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു. നാം നമ്മുടെ ഭാഗം ആത്മാര്‍ഥമായി ചെയ്യുമ്പോള്‍ നമുക്ക് അജ്ഞാതമായ ഈ ഊര്‍ജം അതിന്റെ മുഴുവന്‍ ശ്രദ്ധയും നമ്മില്‍ പതിപ്പിക്കുന്നു. ഞങ്ങള്‍ വിക്ഷേപിച്ച പി.എസ്.എല്‍.വി. സി 11 എന്ന ബഹിരാകാശയാനം മനുഷ്യസഹായമില്ലാതെ അതിന്റെ ദൗത്യപേടകമായ മൂണ്‍ ഇംപാക്ട് പ്രോബിനെ ചന്ദ്രനില്‍ ഇറക്കി. ഇത് സാധ്യമായത് ഇവിടെ വിദൂരതയിലിരിക്കുന്ന കുറെ ശാസ്ത്രജ്ഞന്മാരുടെ എറെ നാളത്തെ സങ്കല്‍പ്പങ്ങളും അതിനായുള്ള കഠിനപരിശ്രമവുമാണ്. അതുപോലെ ഈ പ്രപഞ്ചത്തിന്റെ ചലനാത്മകതയ്ക്കു പിന്നില്‍ ഏതെങ്കിലും ഒരു സര്‍വശക്തന്റെ സങ്കല്‍പ്പങ്ങളും പരിശ്രമവും ആയിക്കുടെന്നില്ലല്ലോ. എന്നാല്‍ എപ്പോഴും നമ്മോടൊപ്പം വിജയമുണ്ടാകുമെന്ന് ഇതിനര്‍ഥമില്ല. തോല്‍വികള്‍ ജീവിതത്തിന്റെ ഭാഗമാണെന്നാണ് എന്റെ വിശ്വാസം. ജയപരാജയങ്ങള്‍ സമ്മിശ്രമായി കലര്‍ന്നതാണല്ലോ ജീവിതം. തോല്‍വികള്‍ സംഭവിക്കുമ്പോള്‍ ഓരോരുത്തരും ഓരോ രീതിയിലാണ് അതിനെ മനസ്സിലാക്കുന്നത്. എന്റെ ഭാഗത്താണ് തെറ്റുകളെങ്കില്‍ അത് തിരുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ചിലര്‍ ക്ഷേത്രങ്ങളിലും മറ്റും പോയി സമാധാനം നേടുന്നു.

സ്വയം സമാധാനിക്കാനുള്ള വഴികളില്‍ തങ്ങള്‍ക്ക് അനുയോജ്യമായവ ഏതെന്ന് ഓരോരുത്തരും തിരഞ്ഞെടുക്കുന്നു. അതിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടല്ലോ, എല്ലാ വഴികളുടേയും പിന്നില്‍ നമ്മളറിയാത്ത ഒരു സര്‍വശക്തന്‍ ഉണ്ടായിരിക്കാം.




saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss