ഇനിയുമെന്നെ വഴിനടത്തട്ടെ
മോഹന്‍ലാല്‍ Posted on: 25 Apr 2011

അപ്പോള്‍ ബാബ എനിക്കു മുന്നിലൂടെ കടന്നു വന്നു. കേക്ക് മുറിച്ചു. കൂടെയുള്ളവര്‍ എന്നെ അദ്ദേഹത്തിന്റെ അരികിലേക്ക് കൊണ്ടുപോയി. ഞാന്‍ കാല്‍ക്കലിരുന്നു. കൈയില്‍ കരുതിയിരുന്ന ചുവന്ന പനിനീര്‍ പുഷ്പം അദ്ദേഹത്തിന് നല്‍കി പതുക്കെ പറഞ്ഞു: ''എന്റെ പേര് മോഹന്‍ലാല്‍. കേരളത്തില്‍ നിന്നു വരുന്നു. സിനിമയിലഭിനയിക്കുന്ന ആളാണ്''. അതു പറഞ്ഞപ്പോള്‍ അദ്ദേഹം നിറഞ്ഞു ചിരിച്ചു. ഞാനാ ചിരി നെറുകയില്‍ സ്വീകരിച്ചു.
ബാബയെ കണ്ടപ്പോളുള്ള അനുഭവത്തെക്കുറിച്ച് പലരും വിളിച്ചു ചോദിച്ചു. പക്ഷേ, എനിക്കത് പറയാനാകില്ല. ആദ്യമായി കാണുകയാണ്, ആ തണുപ്പ് ഞാന്‍ ആദ്യമായി അനുഭവിക്കുകയാണ്. ഇനിയങ്ങോട്ടുള്ള ജന്മങ്ങളില്‍ വേണം ആ പുഷ്പം തളിര്‍ത്ത് വസന്തമാകാന്‍. ഞാന്‍ അതിനായി കാത്തിരിക്കുന്നു, ക്ഷമാപൂര്‍വം.
ഒന്നും നേടാനോ ഒന്നും ചോദിക്കാനോ അല്ല ഞാന്‍ പുട്ടപര്‍ത്തിയിലെത്തിയത്. നമ്മെക്കാള്‍ എത്രയോ ഉയരത്തില്‍ നില്‍ക്കുന്ന സ്ഫുടശുദ്ധമായ ഒരാത്മാവിനെക്കാണാന്‍ മാത്രം. അത് സഫലമായി. ഒരു കൊച്ചുകുട്ടിയുടേതെന്ന പോലുള്ള ചിരിയും കണ്ണുകളും കണ്ടു.
ഇപ്പോഴും അതെന്നെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഇനിയും അതെന്നെ വഴി നടത്തട്ടെ. വീണു പോകാതെ താങ്ങി നിര്‍ത്തട്ടെ.