Mathrubhumi Logo
saibaba-1   saibaba-2

സത്യം ശിവം സുന്ദരം

Posted on: 25 Apr 2011

ആവേശോജ്ജ്വലമാണ് സത്യസായിബാബയുടെ ജീവിതകഥ. ജനസഹസ്രങ്ങളെ പ്രശാന്തിനിലയത്തിലേക്ക് ആകര്‍ഷിക്കാന്‍ അതിനു കഴിയുന്നു

സായിബാബയുടെ ജീവിതകഥ

'മാതൃഭൂമി' സ്ഥാപക പത്രാധിപര്‍ കെ.പി. കേശവമേനോന്റെ വാക്കുകളില്‍


ഇന്ത്യയിലെ പല ഭാഗങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നും എണ്ണമില്ലാത്ത ഭക്തജനങ്ങള്‍ ദിവസേന വന്നുകൊണ്ടിരിക്കുന്ന ഒരു പുണ്യസ്ഥലമാണ് പുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയം. ഒരുകാലത്ത് ചെടികളും പുറ്റുകളും നിറഞ്ഞ ഒരു കുഗ്രാമമായിരുന്ന സ്ഥലത്ത് ഇന്ന് പാര്‍ക്കുന്നതിന് സകല സൗകര്യങ്ങളുമുള്ള വലുതും ചെറുതുമായ കെട്ടിടങ്ങളും വിശാലമായ പ്രാര്‍ഥനാമന്ദിരങ്ങളുമുണ്ട്. ഇവയെല്ലാം ബാബ ആവിഷ്‌കരിച്ച പ്ലാന്‍ അനുസരിച്ചും സ്വാമിയുടെ മേല്‍നോട്ടത്തിലും പണി ചെയ്തവയാണ്. ആയിരക്കണക്കായ സന്ദര്‍ശകര്‍ വന്നുചേരുന്ന ആ സ്ഥലത്തെ അച്ചടക്കവും ചിട്ടയും ക്രമവും ആരെയും അത്ഭുതപ്പെടുത്തും. പുലര്‍ച്ചെ നാലുമണിക്കുള്ള ഓങ്കാരത്തിനുശേഷം സങ്കീര്‍ത്തനം പാടിക്കൊണ്ടുള്ള അന്തേവാസികളുടെ നഗരപ്രദക്ഷിണത്തോടുകൂടിയാണ് ഓരോ ദിവസത്തെയും പരിപാടി പ്രശാന്തിനിലയത്തില്‍ ആരംഭിക്കുന്നത്. എട്ടു മണിക്ക് സ്വാമിദര്‍ശനത്തിനായി ഭക്തന്മാര്‍ വിശാലമായ ആ മുറ്റത്തു വന്നു കാത്തിരിക്കും; സ്ത്രീകളും പുരുഷന്മാരും ഓരോ ഭാഗത്തായി. എട്ടു മണിക്കും എട്ടര മണിക്കും മധ്യേ ബാബ താഴോട്ട് ഇറങ്ങിവരും.

കാരുണ്യവും പ്രസാദവും തുളുമ്പുന്ന മുഖത്തോടെ, കട്ടിയായി ചുരുണ്ടുനില്‍ക്കുന്ന തലമുടിയും കഴുത്തുമുതല്‍ കാലടിവരെ നീണ്ടുകിടക്കുന്ന ഇളം ചുകപ്പുനിറമുള്ള കുപ്പായവുമിട്ട് പാദരക്ഷയൊന്നുമില്ലാതെ സാവധാനത്തില്‍ നടന്നുവരുന്ന ബാബയുടെ ആഗമനം അവിടെയുള്ളവരില്‍ സന്തോഷവും പ്രതീക്ഷയും ഉണ്ടാക്കുന്നു. ചിലരോട് മൃദുവായി സംസാരിച്ചും ചിലരെ അനുഭാവത്തോടെ നോക്കിയും മറ്റു ചിലരെ കൂടിക്കാഴ്ചയ്ക്കായി അകത്തുപോയി കാത്തിരിക്കാന്‍ നിര്‍ദേശിച്ചും ഏകദേശം അരമണിക്കൂര്‍ നേരം അങ്ങനെ കഴിയും. അതിനുശേഷം അകത്തേക്കുപോയി കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചവരുമായി സംഭാഷണം നടത്തും. ചിലരുമായി ഒറ്റയ്ക്കും മറ്റു ചിലരെ കുടുംബസഹിതവും വേറെച്ചിലരെ സംഘവുമായാണ് കാണുക. അതിലിടയ്ക്ക് അവിടെ കാത്തിരിക്കുന്ന രോഗികളെ ആശ്വസിപ്പിക്കും. ഈ നടപടികള്‍തന്നെ വൈകുന്നേരവും ആവര്‍ത്തിക്കും. ഈ കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ അവിടെ നടക്കുന്ന പലതരത്തിലുള്ള മരാമത്തുകള്‍ പരിശോധിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുക്കുന്നതിനും പോയ്‌ക്കൊണ്ടിരിക്കും. ചിലപ്പോള്‍ വിശ്രമത്തിനായി തനിയെ കുറേനേരം അകത്തുപോയിരിക്കാനും മതി. രാത്രി ഒമ്പതു മണിയായാല്‍ വിളക്കെല്ലാം കെടുത്തണം എന്നാണ് നിശ്ചയം. പിന്നെ, പുലര്‍ച്ചെ നാലുമണിവരെ അവിടമെല്ലാം നിശ്ശബ്ദമായിരിക്കും. പ്രശാന്തിനിലയത്തില്‍നിന്ന് ബംഗ്ലൂരിലുള്ള വൈറ്റ് ഫീല്‍ഡിലോ മറ്റേതെങ്കിലും സ്ഥലത്തോ ചെന്നു പാര്‍ക്കുമ്പോള്‍ ബാബയുടെ ദിനചര്യ സ്വല്പം ഭേദഗതികളോടെ ഏതാണ്ട് മുന്‍വിവരിച്ചപോലെതന്നെയായിരിക്കും.

എന്താണ് വളരെ ദൂരത്തുനിന്നുകൂടി ഇത്രയധികം ആളുകള്‍-വലിയ വിദ്യാഭ്യാസം സിദ്ധിച്ചവരും സാധാരണക്കാരും ഒരുപോലെ-പ്രശാന്തിനിലയത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ രഹസ്യം? ആവേശം ജനിപ്പിക്കുന്ന ആ ചരിത്രം അറിയുമ്പോള്‍ ആ അത്ഭുതപുരുഷന്റെ ആകര്‍ഷണശക്തിയുടെ രഹസ്യം മനസ്സിലാക്കാന്‍ കഴിയും.

പുട്ടപര്‍ത്തി ആന്ധ്രപ്രദേശത്തുള്ള ഒരു കുഗ്രാമമാണ്. പുട്ടു എന്നാല്‍ ഉറുമ്പ് പുറ്റ് എന്നാണര്‍ഥം. പര്‍ത്തി എന്നാല്‍ വര്‍ധനയെന്നും. ഉറുമ്പുപുറ്റുകള്‍ ഒരുകാലത്ത് അവിടെ വളരെ ഉണ്ടായിരുന്നതുകൊണ്ടായിരിക്കാം ഈ സ്ഥലത്തിന് ആ പേരു വന്നത്. ഇപ്പോള്‍ പുട്ടപര്‍ത്തി ഒരു പഞ്ചായത്താണ്. പ്രശാന്തിനിലയം അതിലെ ഒരു ടൗണ്‍ഷിപ്പും.

സത്യനാരായണന്റെ പിറവി


പുട്ടപര്‍ത്തിയിലെ ഒരു ദരിദ്രബ്രാഹ്മണകുടുംബത്തില്‍ 1926 നവംബര്‍ 23-ന് പെണ്ടാവെങ്കപ്പരാജുവിന്റെയും ഈശ്വരമ്മയുടെയും പുത്രനായി ജനിച്ച ശിശുവാണ് ഇന്നു ലോകമെങ്ങും സത്യസായിബാബ എന്നറിയപ്പെടുന്ന ആ പ്രേമമൂര്‍ത്തി. ജനനത്തില്‍തന്നെ പതഞ്ജലി വിവരിച്ചിട്ടുള്ള സകല യോഗസിദ്ധികളും ആ ശിശുവിനുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ജനനത്തിനു മുമ്പുതന്നെ താനെവിടെയാണ് ജനിക്കുകയെന്ന് അറിഞ്ഞിരുന്നതായി ബാബ പറയുന്നു. മാത്രമല്ല, അത്ഭുതശക്തികളോടുകൂടിയാണ് താന്‍ ജനിച്ചിട്ടുള്ളതെന്നും.

ആ കുട്ടിക്ക് മാതാപിതാക്കള്‍ കൊടുത്ത പേര് സത്യനാരായണന്‍ എന്നാണ്. സത്യനാരായണനെ ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം വലിയ ഇഷ്ടമായിരുന്നു. ഭസ്മം നെറ്റിയില്‍ ധാരാളം പൂശുന്നത് ആ കുട്ടിക്ക് ഇഷ്ടമായിരുന്നു. നടുക്ക് ഒരു കുങ്കുമപ്പെട്ടുമുണ്ടായിരിക്കും. ജീവജാലങ്ങളോടുള്ള ആ ബാലന്റെ അളവറ്റ കൃപകൊണ്ടും മത്സ്യ-മാംസം കഴിക്കുവാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടും അവിടത്തുകാര്‍ സത്യനാരായണനെ 'ബ്രഹ്മജ്ഞാനി' എന്നു വിളിച്ചുതുടങ്ങി. ആരുടെ വേദനയും സത്യനു കാണുക വയ്യായിരുന്നു. ഭിക്ഷക്കാര്‍ വീട്ടിലെത്തിയാല്‍ ആ ബാലന്‍ കുട്ടികളൊന്നിച്ച് കളിക്കുകയായിരുന്നാല്‍കൂടി വേഗത്തില്‍ അകത്തുപോയി സഹോദരിമാരോട് അരിയോ കാശോ അവര്‍ക്കു കൊണ്ടുവന്നുകൊടുക്കാന്‍ പറയും. അമ്മ കൊടുക്കുന്ന ഭക്ഷണം പലപ്പോഴും കഴിച്ചില്ലെന്നുവരും. ''ഞാന്‍ ഭക്ഷണം കഴിച്ചു അമ്മേ, എനിക്ക് ആ താത്ത വേണ്ടുവോളം തന്നു'' എന്നു പറഞ്ഞ് അമ്മയോട് കൈ വാസനിച്ചുനോക്കാന്‍ പറയും. തയിര്‍ച്ചോറോ പാല്‍ച്ചോറോ കഴിച്ചതിന്റെ വാസന ആ കൈയിലപ്പോള്‍ അവര്‍ക്ക് അനുഭവപ്പെടും. ആരാണ് അത്ര സ്‌നേഹത്തോടെ സത്യന് ഭക്ഷണം കൊടുത്തതെന്ന് ആര്‍ക്കും നിശ്ചയമില്ല. പുറത്തു നടക്കുമ്പോള്‍ അന്ധരെയോ അവശരെയോ മുടന്തരെയോ രോഗികളെയോ കണ്ടാല്‍ അവരെയുംകൂട്ടി വീട്ടിലേക്ക് പോയി അവര്‍ക്കെന്തെങ്കിലും ഭക്ഷണം കൊടുക്കാന്‍ സഹോദരിമാരോടു പറയും.

വീട്ടിലുള്ളവരും അയല്‍വാസികളുമായ ഇരുപതോളം കുട്ടികളുടെയിടയിലാണ് സത്യനാരായണന്‍ വളര്‍ന്നത്. ശുചിയോടും സത്യനിഷ്ഠയോടും ദയാദാക്ഷിണ്യത്തോടും ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകത തന്റെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ആ അത്ഭുതയുവാവ് അവരെ ഉദ്‌ബോധിപ്പിച്ചു. തന്റെ പ്രായത്തിലുള്ള കുട്ടികളെ ഒന്നിച്ചുകൂട്ടി കൃഷ്ണലീലയിലെ പല ഭാഗങ്ങളും അഭിനയിക്കുക സത്യനാരായണന്റെ പതിവായിരുന്നു. അതില്‍ മറ്റുള്ളവരെ പങ്കെടുപ്പിക്കുന്നതിനും അതിനാവശ്യമായ ഗാനങ്ങള്‍ രചിക്കുന്നതിലും സത്യനാരായണന്‍ സന്തോഷംകൊണ്ടു.

തെലങ്കില്‍ നല്ലപോലെ എഴുതുന്നതിന് ആ ബാലന് കഴിഞ്ഞിരുന്നു. പാടുവാനും അതുപോലെ തന്നെ. നൃത്തകലയില്‍ സത്യനാരായണനോട് കിടപിടിക്കുവാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അധ്യാപകന്മാരേക്കാള്‍ പഠിപ്പും വിവരവും സത്യനാരായണനുള്ളതായി പലര്‍ക്കും ബോധ്യമായി. വളരെ കാലങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ സംഭവങ്ങള്‍ങ്ങള്‍ കൂടി നല്ലപോലെ ഓര്‍ക്കുവാനും വരാന്‍ പോകുന്ന സംഭവങ്ങള്‍ ശരിയായി അറിയുവാനും ഉള്ള ശക്തി സത്യനാരായണന് ഉണ്ടായിരുന്നു. ആ ബാലന്റെ നേട്ടങ്ങളും ദൈവികമായ ശക്തിയും ആ പ്രദേശത്തുകാരുടെയെല്ലാം സംസാരവിഷയമായി.

എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍


സത്യന്‍ പഠിച്ചിരുന്ന ക്ലാസില്‍ വല്ല പാഠങ്ങളുമെടുക്കുവാന്‍ എല്ലാ അധ്യാപകരും ആഗ്രഹിച്ചു; ചിലര്‍ ജിജ്ഞാസകൊണ്ടും ചിലര്‍ സത്യനോടുള്ള ആദരവുകൊണ്ടും മറ്റു ചിലര്‍ ഈ കാണിക്കുന്നതെല്ലാം വെറും പൊള്ളയാണെന്നു തെളിയിക്കുവാനുമുള്ള ദുരുദ്ദേശം കൊണ്ടും. എന്നാല്‍ പൊതുവില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സത്യനോട് അതിയായ സ്‌നേഹവും ബഹുമാനവുമുണ്ടായിരുന്നു. സ്‌കൂളിലെ പ്രാര്‍ഥനാ യോഗത്തിലെ നേതാവായിരുന്നു സത്യനാരായണന്‍. സ്‌കൂളില്‍ ദിവസേന കാലത്തു പഠിപ്പു തുടങ്ങുന്നതിന് മുമ്പായി കുട്ടികള്‍ എല്ലാം നിശ്ചയിച്ച സ്ഥലത്ത് വന്നുകൂടും. ആ യോഗത്തില്‍ സത്യനാരായണന്‍ നടത്തിയിരുന്ന പ്രാര്‍ഥനയും ചെയ്തിരുന്ന പ്രസംഗവും അന്നത്തെ പ്രവൃത്തി ആരംഭിക്കുന്നതിന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉത്തേജനവും ഉത്സാഹവും നല്‍കിയിരുന്നു.

സത്യന്റെ ജ്യേഷ്ഠന്‍ ആ വിദ്യാലയത്തിലെ ഒരധ്യാപകനായിരുന്നു. അനുജന്‍ പരീക്ഷയെല്ലാം പാസ്സായി ഒരു നല്ല ഗവണ്മെന്റുദ്യോഗസ്ഥനായിത്തീരണമെന്നായിരുന്നു ജ്യേഷ്ഠന്റെ മോഹം. എന്നാല്‍ ഈ തരത്തിലുള്ള മോഹങ്ങളെല്ലാം തകര്‍ക്കുന്നതിന് പര്യാപ്തമായ സംഭവങ്ങള്‍ ക്രമേണ കണ്ടുതുടങ്ങി.

1940 മാര്‍ച്ച് 18-ാം തീയതി വൈകുന്നേരം ഒരവക്കോണ്ടയിലെ പറമ്പില്‍ക്കൂടി സത്യന്‍ നടന്നുപോകുമ്പോള്‍ പെട്ടെന്ന് എന്തോ കാലില്‍ തട്ടിയെന്ന് പറഞ്ഞ് ഉറക്കെ നിലവിളിച്ചു. ആ നിലവിളി കേട്ടു പരിഭ്രമിച്ച് അവിടെയെത്തിയവര്‍ അത് കരിന്തേളോ പാമ്പോ കടിച്ചതായിരിക്കും എന്ന് ഭയപ്പെട്ടു. എന്നാല്‍ ഒന്നിനെയും അവിടെ കണ്ടില്ല. പിറ്റേ ദിവസം വൈകുന്നേരം സത്യന്‍ ബോധകെട്ടുവീണു. ദേഹം വിറങ്ങലിച്ചു. ശ്വാസം ക്ഷയിച്ചു തുടങ്ങി. ഡോക്ടറെക്കൊണ്ടു പരിശോധിപ്പിച്ചു മരുന്നുകൊടുത്തു. സ്വല്പം ഭേദമുണ്ടെന്ന് തോന്നിയിരുന്നുവെങ്കിലും എന്തോ ഒരു വ്യത്യാസം സത്യന്റെ ഭാവത്തിലും പെരുമാറ്റത്തിലും അനുഭവപ്പെട്ടു. ചിലപ്പോള്‍ പൊട്ടിച്ചിരിച്ചും ചിലപ്പോള്‍ കരഞ്ഞും ചിലപ്പോള്‍ സ്‌തോത്രങ്ങള്‍ പാടിയും അവിടെയുണ്ടായിരുന്നവരില്‍ വല്ലാത്ത ആശ്ചര്യവും അമ്പരപ്പും ഉണ്ടാക്കി. എന്തു ചെയ്യണമെന്നറിയാതെ ആ ബാലനെ അവര്‍ ഒരു പ്രസിദ്ധനായ മന്ത്രവാദിയുടെ അടുക്കല്‍ കൊണ്ടുപോയി. അയാള്‍ പലതും പരീക്ഷിച്ചുനൊക്കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. വീട്ടിലേക്ക് മടങ്ങി.

മെയ് 23-ാം തീയതി സത്യന്‍ കൈവീശിക്കൊണ്ട് എവിടെനിന്നോ എന്നറിയാതെ കല്‍ക്കണ്ടവും പുഷ്പവും പാലും ചോറും അവിടെയുള്ളവര്‍ക്കെല്ലാം കൊടുത്തു. ഈ അത്ഭുതവാര്‍ത്ത കേട്ട് ആളുകള്‍ തിരക്കിക്കൂടി. വന്നവര്‍ക്കെല്ലാം യഥേഷ്ടം ആ സാധനങ്ങള്‍ കൊടുക്കുകയും ചെയ്തു. അച്ഛന്‍ അപ്പോഴും അവിടെയുണ്ടായിരുന്നില്ല. ഈ വര്‍ത്തമാനങ്ങള്‍ എല്ലാം കേട്ട് ക്ഷുഭിതനായ അദ്ദേഹം കൈയില്‍ ഒരു വടിയുമായി ആ തിരക്കില്‍ക്കൂടി മകന്റെ മുമ്പിലെത്തി. ''എന്താണീ കാണിക്കുന്നതെല്ലാം? നീ ആര് ഒരു പ്രേതമോ, ഭ്രാന്തനോ, ദൈവമോ?'' എന്ന് വടിയുയര്‍ത്തിക്കൊണ്ട് ചോദിച്ചു. ഉത്തരം പറയാന്‍ സത്യനാരായണന്‍ ഒട്ടും താമസിച്ചില്ല. ''ഞാന്‍ സായിബാബയാണ്'' എന്ന് ശാന്തമായി ഉറച്ച സ്വരത്തില്‍ മറുപടി നല്‍കി. അച്ഛനും അവിടെയുണ്ടായിരുന്നവരെല്ലാം തന്നെയും അതുകേട്ട് വിസ്മയിച്ച് നിശ്ചലരായി നിന്നു. സത്യന്റെ അച്ഛന്റെ കൈയിലുണ്ടായിരുന്ന വടി അദ്ദേഹം അറിയാതെ കൈയില്‍ നന്നു വഴുതി വീണു. പിന്നെ അവിടെയുണ്ടായിരുന്നവരോട് സത്യന്‍ ഇങ്ങനെ പറഞ്ഞു: ''ഞാന്‍ വന്നിരിക്കുന്നത് നിങ്ങളുടെ കുഴപ്പങ്ങളെല്ലാം തീര്‍ക്കാനാണ്, നിങ്ങളുടെവീടുകളെല്ലാം വൃത്തിയായും ശുദ്ധമായും വെക്കുവിന്‍.'' ഇതുകേട്ട് അവരമ്പരന്നു. സത്യനില്‍ എന്തോ ചില പ്രത്യേകതകള്‍ ഉണ്ടെന്ന് അവര്‍ക്കു മുമ്പേതന്നെ അറിയാമായിരുന്നു. അത് ഒന്നുകൂടി ഇപ്പോള്‍ ബലപ്പെട്ടു.

ആരാണ് സായിബാബ?


സായിബാബ എന്ന പേര് ചിലര്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ആരാണെന്നോ എവിടെയാണ് ജീവിച്ചിരുന്നതെന്നോ ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു. കുറേ ദിവസത്തിനുശേഷം പലരും സത്യനാരായണനെ സമീപിച്ച് അദ്ദേഹത്തിന്റെ വാസ്തവസ്ഥിതി അന്വേഷിച്ചു. അതിന് ഉത്തരമെന്ന നിലയില്‍ അദ്ദേഹം ഒരു മുല്ലപ്പൂമാല എടുത്ത് അതിലുള്ള പൂക്കള്‍ നിലത്തെറിഞ്ഞു. 'സായി ബാബ' എന്ന് തെളിഞ്ഞ തെലുങ്കക്ഷരത്തില്‍ ആ പൂക്കള്‍ എല്ലാം ശരിയായി നിലത്തു പതിഞ്ഞു. ഇതുപോലെ വേറെ ചില അത്ഭുതങ്ങളും ആ ബാലന്‍ കാണിക്കുകയുണ്ടായി. ജനങ്ങളുടെ സംശയങ്ങള്‍ നീങ്ങിവന്നിരുന്നുവെങ്കിലും സത്യനാരായണന്‍ സ്‌കൂള്‍ പഠിപ്പ് നിര്‍ത്തിയില്ല.

വ്യാഴാഴ്ച തോറും കൂടുന്ന യോഗങ്ങളില്‍ ഷിര്‍ദിയിലെ സായിബാബയുടെ ഫോട്ടോഗ്രാഫും അദ്ദേഹം ഉപയോഗിച്ച ചില സാധനങ്ങളും പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങി. വന്നവര്‍ക്കെല്ലാം അന്തരീക്ഷത്തില്‍ നിന്ന് വിഭൂതി ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.

1940ഒക്ടോബര്‍ 20-ാം തീയതി സത്യനാരായണന്റെ വിദ്യാര്‍ഥി ജീവിതം അവസാനിച്ചു. അന്ന്, ജ്യേഷ്ഠന്റെ കൂടെ ഒന്നിച്ചാണ് താമസിച്ചിരുന്നത്. ''എന്റെ ഭക്തന്മാര്‍ക്ക് എന്റെ സേവനം ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. പഠിപ്പെല്ലാം നിര്‍ത്തി, ഞാനവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുറപ്പെടുകയാണ്.'' എന്നു പറഞ്ഞ് അടുത്തുള്ള ഒരു പരിചയക്കാരന്റെ വീട്ടിലേക്ക് പോയി. അവിടെവെച്ചു ഒരു ഫോട്ടോഗ്രാഫര്‍ സത്യന്റെ ഫോട്ടോ എടുത്തു. അത് ഡവലപ് ചെയ്തപ്പോള്‍ ഷിര്‍ദിയിലെ സായിബാബയുടെ രൂപവും അതില്‍ പതിഞ്ഞുകണ്ടു.

ആ പരിചയക്കാരന്റെ വീട്ടില്‍ അച്ഛനമ്മമാര്‍ വന്നു മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തിയപ്പോള്‍ താന്‍ ഷിര്‍ദി സായിബാബ പുനര്‍ജന്മം എടുത്തിരിക്കയാണെന്ന വസ്തുത ആ ബാലന്‍ ഊന്നിപ്പറഞ്ഞു. അതിന് ചില തെളിവുകളും കാണിക്കുകയുണ്ടായി.

ശൃംഗേരി മഠത്തിലെ ശങ്കരാചാര്യരുടെ ശിഷ്യനായ ഗായത്രീ സ്വാമി ശ്രീസത്യസായിബാബയെ ദര്‍ശിക്കുവാനായി പുട്ടപര്‍ത്തിയിലേക്ക് വന്നു. സ്വാമി 1906ല്‍ ഷിര്‍ദിയില്‍ച്ചെന്ന് സായിബാബയോടൊന്നിച്ച് ഒരു കൊല്ലത്തോളം താമസിച്ചിരുന്നതാണ്. അതിനുശേഷം പല പ്രാവശ്യവും ചെന്നുകാണുകയുണ്ടായിട്ടുണ്ട്. ഷിര്‍ദി സായിബാബ പുനര്‍ജന്മം എടുത്തതാണ് ശ്രീസത്യസായിബാബ എന്ന വര്‍ത്തമാനം കേട്ടപ്പോള്‍ അദ്ദേഹത്തെ കാണാനുള്ള ഉദ്ദേശത്തോടുകൂടിയാണ് പുട്ടപര്‍ത്തിയില്‍ ചെന്നത്. അവിടെ നിന്ന് മടങ്ങുന്നതിന്റെ തലേദിവസം ഗായത്രീ സ്വാമിക്ക് ഒരു ദര്‍ശനമുണ്ടായി. താന്‍ മഹാസമാധി കഴിഞ്ഞ് എട്ടുവര്‍ഷത്തിനുശേഷം പുനര്‍ജന്മം എടുത്തിരിക്കുകയാണെന്നും, തന്റെ സ്വത്തുക്കള്‍ എല്ലാം ഇപ്പോള്‍ പതിനഞ്ചു കൊല്ലത്തിനുശേഷം കൂടെ കൊണ്ടുവന്നിരിക്കുകയാണെന്നും ഷിര്‍ദി സായാബാബ പറഞ്ഞതായിട്ടായിരുന്നു ദര്‍ശനം. സ്വത്ത് എന്ന പറഞ്ഞതിന്റെ അര്‍ഥം തന്റെ സിദ്ധികള്‍ എന്നാണ്.

പതിനഞ്ചാമത്തെ വയസ്സില്‍ 1938ലെ സത്യനാരായണന്‍ ശ്രീസത്യസായിബാബയായിത്തീര്‍ന്നു. താന്‍ ഷിര്‍ദിയിലെ സായിബാബ പുനര്‍ജന്മം എടുത്തിരിക്കുകയാണെന്ന് ധരിപ്പിക്കുവാനായി രണ്ടുകൈയും നിവര്‍ത്തി ഒരു കൈയില്‍ ഷിര്‍ദി സായിബാബയുടെ രൂപവും മറ്റെ കൈയില്‍ പുട്ടപര്‍ത്തിയിലെ സത്യസായിബാബയുടെ രൂപവും കാണിച്ചുകൊടുക്കുമത്രെ.

മറ്റു ചില അവസരങ്ങളില്‍ താന്‍ എവിടെയെങ്കിലും തനിയെ ഇരിക്കുകയാണെങ്കില്‍ തന്റെ അരികത്ത് ഷിര്‍ദി സായിബാബയുടെ പൂര്‍ണരൂപവും അതേവലിപ്പത്തില്‍ അവര്‍ക്കു കാണുമാറാക്കുമെന്നും പറഞ്ഞുകേട്ടിട്ടുണ്ട്.

('പൂര്‍ണ ജീവിതം' എന്ന ഗ്രന്ഥത്തില്‍നിന്ന് )





saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss