Mathrubhumi Logo
saibaba-1   saibaba-2

അപാരസ്‌നേഹത്തിന്റെ പ്രകാശപൂര്‍ണിമ

കെ. ജയകുമാര്‍ Posted on: 25 Apr 2011

മനുഷ്യജീവിതത്തെ ചൈതന്യ ഭരിതമാക്കാനായി കാലം നമുക്ക് അനുഗ്രഹിച്ചുനല്‍കിയ തേജോരൂപമാണ് ഭഗവാന്‍ ശ്രീ സത്യസായിബാബ. എത്രയോ കോടി മനുഷ്യരുടെ ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ പ്രകാശസൗന്ദര്യം നിറയ്ക്കാന്‍ കഴിഞ്ഞ കാരുണ്യരൂപനാണ് ഇന്നലെ ഭൗതികശരീരം വിട്ടുപോയ ഭഗവാന്‍. ഇലകൊഴിയാത്ത വന്മരംപോലെ തണല്‍ പടര്‍ത്തിയ മഹാസാന്നിധ്യം. ലോകമെമ്പാടുമുള്ള ഭക്തരുടെ മാതാവും പിതാവും ബന്ധുവും സുഹൃത്തുമാകാന്‍ സാധിച്ച സ്‌നേഹത്തിന്റെ അപാരത. സ്വാമി എന്നുച്ചരിക്കുമ്പോള്‍ അത് ഏറ്റവും വലിയ സ്‌നേഹസംബോധനയാവുന്നതിന്റെ പിന്നിലെ ഇന്ദ്രജാലം വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുകയില്ല. വികാരശീലരും വിചാരശീലരും പണ്ഡിതനും ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞരും ബുദ്ധിജീവികളും സാധാരണ മനുഷ്യരും തങ്ങളുടെ ഗുരുവിനെയും ദൈവത്തെയും ഒരേരൂപത്തില്‍ ദര്‍ശിക്കുന്ന അത്യപൂര്‍വമായ അനുഭവം മറ്റെങ്ങും കാണുകയില്ല. ചെറിയ മോഹങ്ങളുമായി തന്നെ സമീപിക്കുന്നവര്‍ക്ക് സ്വാമി ആശ്വാസമേകി. അരികിലെത്തുന്ന ഉയര്‍ന്ന ചിന്തയുള്ളവരെക്കാള്‍ സ്വാമി എപ്പോഴും ഉയര്‍ന്നുനിന്നു.

ഭഗവാന്‍ നിര്‍വഹിച്ചിട്ടുള്ള അത്ഭുതങ്ങളുടെ കഥകള്‍ നിരവധി. എന്നാല്‍ ഇത്രയും കോടി മനുഷ്യരുടെ ഹൃദയങ്ങളെ ഇത്ര അനായാസമായി കീഴടക്കാന്‍ സാധിച്ച മഹാത്ഭുതത്തിന് ചരിത്രത്തില്‍ സമാനതകളില്ല. ഒരു കടാക്ഷംകൊണ്ട് ജീവിതത്തെ നിര്‍മലമാക്കുന്ന ഗംഗാപ്രവാഹം. ആ പ്രഭാവലയത്തിലെത്തുന്ന ഓരോ വ്യക്തിക്കും താന്‍ സനാഥനായെന്ന് തോന്നുന്ന സ്‌നേഹത്തിന്റെ ഇന്ദ്രജാലമായിരുന്നു സ്വാമി. ഓരോ ഹൃദയത്തിലും തന്റെ ഇരിപ്പിടം തീര്‍ത്ത് നിത്യജീവിതത്തിലെ വെളിച്ചവും സാന്ത്വനവുമായി.നിസ്സാരമായ ജീവിതപ്രശ്‌നങ്ങളില്‍പ്പോലും ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ഭഗവാന്‍ ഉത്തരമായി. ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഭഗവാന്‍ ബന്ധുവായി നമ്മുടെ സന്ദേഹങ്ങള്‍ക്ക് എപ്പോഴും മറുപടി നല്‍കി. വിസ്മരിക്കാതെ, വിശ്രമിക്കാതെ, കാവലാളായി, മാലാഖയായി, അമ്മയും അച്ഛനുമായി, സ്‌നേഹിതനും ഈശ്വരനുമായി സ്വാമി എപ്പോഴും കോടി മനുഷ്യരുടെ ജീവിതങ്ങളില്‍ കുടിപ്പാര്‍ത്തു; ഒരു ഭജനയില്‍ വിശേഷിപ്പിക്കുംപോലെ.

പര്‍ത്തിവിഹാരി, ഹൃദയവിഹാരി
ഭക്തസഖാ ഭഗവാന്‍

മഹിതമായ ആ ജീവിതത്തിന് എന്നും ഒരേ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. തന്റെ ദൈവികത വിളംബരം ചെയ്ത ചെറുപ്പനാള്‍ മുതല്‍ ഇതുവരെയും മനുഷ്യജീവിതത്തിന്റെ പ്രേമനിര്‍ഭരമായ പരിവര്‍ത്തനവും അതിലൂടെയുള്ള മൂല്യധന്യമായ ജീവിതവും മാത്രമായിരുന്നു അവതാരലക്ഷ്യം. ആത്മസാക്ഷാത്കാരത്തിനായി ഏകാന്തധ്യാനത്തിലമര്‍ന്ന പരിവ്രാജകനായിരുന്നില്ല. നിരന്തരമായ കര്‍മംകൊണ്ടും വാക്കുകൊണ്ടും സ്വന്തംജീവിതമെന്ന സന്ദേശം കൊണ്ടും മാനവരാശിയുടെ ഹൃദയപരിവര്‍ത്തനത്തിനായി നടത്തപ്പെട്ട മഹായജ്ഞമാണ് പവിത്രമായ ഈ ജന്മം. മതങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് മതാതീതമായ ആത്മീയതയുടെ പ്രായോഗിക മധുരിമയില്‍ ജീവിതങ്ങളെ ഉദാത്തവത്കരിക്കുകയും സനാഥമാക്കുകയും പ്രേമസമ്പന്നമാക്കുകയും ചെയ്ത മഹാവതാരമാണ് ഭഗവാന്‍ ശ്രീ സത്യസായിബാബ.

ഏറ്റെടുത്ത ഓരോ പ്രവൃത്തിയിലും അസാധാരണമായ അര്‍ഥവ്യാപ്തി പകര്‍ന്നുകൊടുത്തിരുന്നു. സത്യസായി വിദ്യാലയങ്ങളിലൂടെയും സര്‍വകലാശാലയിലൂടെയും ബാലവികാസ് ക്ലാസ്സുകളിലൂടെയും കുട്ടികളുടെ ഹൃദയത്തില്‍ വേരോടേണ്ട ആത്മീയ മൂല്യങ്ങളെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചു. ആധുനികമായ ആസ്പത്രികള്‍ സ്ഥാപിക്കുന്നതിലൂടെ ആതുര സേവനത്തിന്റെ പിന്നിലെ നിസ്വാര്‍ഥതയുടെ സന്ദേശം വിളംബരം ചെയ്തു. ലോകോത്തരമായ ചികിത്സാ സൗകര്യം ലഭ്യമാവുന്ന ശ്രീ സത്യസായി ആസ്പത്രിയുടെ മുന്നില്‍ ''ഇവിടത്തെ ചികിത്സ തികച്ചും സൗജന്യമാണ്'' എന്ന ബോര്‍ഡ് കാണാം. കൊട്ടാര സദൃശ്യമായ പുട്ടപര്‍ത്തിയിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്പത്രി പൂര്‍ത്തിയാക്കാന്‍ സ്വാമിക്ക് വേണ്ടിവന്നത് പത്തുമാസം മാത്രം. ആധുനിക മാനേജ്‌മെന്റ് വൈദഗ്ധ്യവും ഈശ്വര സങ്കല്പവും ഒത്തുചേര്‍ന്നാല്‍ സാധിക്കാത്ത അത്ഭുതങ്ങളില്ലെന്നതിന്റെ മറ്റൊരു തെളിവാണ് അനേകം ഗ്രാമങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ബൃഹത്പദ്ധതി.

അരികിലിരുന്ന് ഭഗവാനെ കാണാനെത്തുകയും അകലെയിരുന്ന് നിനയ്ക്കുകയും ചെയ്യുന്ന ലക്ഷോപലക്ഷം ഭക്തര്‍ക്ക് ലഭിക്കുന്നത് ഏത് ദിവ്യാനുഭൂതിയാണ്? അകലെനിന്ന് ഒരു കടാക്ഷം, ഒരു അംഗചലനം, അഗ്‌നിനാളം പോലെയൊരു സാമീപ്യം, അപൂര്‍വമായി ഒരു സ്പര്‍ശം, ചിലപ്പോള്‍ സൃഷ്ടിച്ചുതരുന്ന വിഭൂതിയുടെ അനുഗ്രഹം. കുല്‍വന്ത്ഹാളില്‍ സ്വാമിയുടെ സാന്നിധ്യത്തില്‍ ഭജനയും ആരതിയും കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മനസ്സ് വിങ്ങിനിറയുന്ന ഒരാനന്ദം. ''എനിക്ക് നിന്നെ അറിയാമെന്നും നിന്റെ ഭൂതഭാവികള്‍പോലും ഞാന്‍ കാണുന്നുവെന്നും'' അറിയിക്കുന്ന ആ കടാക്ഷസൗന്ദര്യം ജീവന്റെ പുണ്യം.

നമ്മുടെ ആത്മാവില്‍ അദ്ദേഹം സിംഹാസനം പണിയുന്നത് ക്ഷണനേരം കൊണ്ടാണ്. നിര്‍വചിക്കാനാവാത്ത സ്‌നേഹച്ചരടിലൂടെ നാം ഒരാത്മബന്ധത്തിന്റെ സുരക്ഷിതത്വവും നിര്‍വൃതിയും അറിയാന്‍ തുടങ്ങുന്നു. അനന്തവിസ്തൃതമായ ഒരു സാമ്രാജ്യത്തിലെ സ്‌നേഹസാര്‍വ ഭൗമനാണ് ഭഗവാന്‍.

ജീവിതമെന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് സ്‌നേഹബന്ധുരമാക്കാന്‍ സ്വാമി എന്നും പ്രേരിപ്പിച്ചു. എല്ലാ മതങ്ങളുടെയും മഹത്ത്വം അംഗീകരിച്ചു. ഗഹനമായ വേദാന്ത ചിന്തകളെ പരമ ലളിതമായി ആവിഷ്‌കരിച്ചു. ഏക ദൈവവിശ്വാസം ഊട്ടിയുറപ്പിച്ചു. ദൈവം സ്‌നേഹമാണെന്ന് ബോധ്യപ്പെടുത്തി. ഈശ്വരസ്‌നേഹമെന്നതിന്റെ ഭാഷ്യം മനുഷ്യസേവനമാണെന്ന് ജീവിതത്തിലുടനീളം വിളംബരം ചെയ്തു. ദുര്‍ബലരായ നമ്മളെ ഈശ്വരകാരുണ്യത്തിന് സജ്ജരാക്കി. ഇതിനൊക്കെ പ്രതിഫലമായി സ്വാമി ആഗ്രഹിച്ചത് നമ്മുടെ സ്‌നേഹനിര്‍മലമായ ഹൃദയം മാത്രം. ''ഹൃദയവിശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും''' എന്ന ബൈബിള്‍ വാക്യത്തിന്റെ വ്യാഖ്യാനമായിരുന്നു ഈ നിലപാട്.

സ്വാമിയുടെ മാന്ത്രികപ്രഭയില്‍ കുറെ സമയമെങ്കിലും കഴിയാന്‍ സാധിച്ചവര്‍ ഭാഗ്യവാന്മാര്‍. ആ ദൃഷ്ടികളുടെ സൂര്യചന്ദ്രപ്രഭയേല്‍ക്കാന്‍ സാധിച്ചവര്‍ ധന്യര്‍. മൃദുസാന്നിധ്യമായി സ്വാമി മുന്നിലെത്തുമ്പോള്‍ നിര്‍വചിക്കാനാവാത്ത ഒരു ഊഷ്മപ്രസരം അറിഞ്ഞവര്‍ നിത്യസമ്പന്നര്‍.

രണ്ടുവര്‍ഷം മുന്‍പ് പുട്ടപര്‍ത്തിയിലെ ഓണാഘോഷത്തിന് കുട്ടികള്‍ക്ക് അഭിനയിക്കാനായി 'ശങ്കര ദിഗ്‌വിജയം' എന്നൊരു നാടകം എഴുതാന്‍ എനിക്ക് ഭാഗ്യമുണ്ടായി. നാടകം കണ്ടുകൊണ്ടിരുന്ന സ്വാമി ശങ്കരന്‍ അമ്മയെ പിരിയുന്ന രംഗവും ഒടുവില്‍ അമ്മയ്ക്കുവേണ്ടി നാരായണസ്തുതി പാടി അമ്മയെ സംസ്‌കരിക്കുന്ന രംഗവും കണ്ടുകൊണ്ടിരിക്കേ ഒരു കുഞ്ഞിനെപ്പോലെ വിതുമ്പുന്നതു കണ്ടു. അനേകരുടെ കണ്ണീരൊപ്പുന്ന സ്വാമിയുടെ കണ്ണ് നിറയുകയോ? ഹൃദയത്തിന്റെ നിര്‍മലതയില്‍ സ്വാമി അപ്പോള്‍ ഈശ്വരാംബയുടെ മകനായി, ശങ്കരന്റെ അനുഭവം സ്വാംശീകരിക്കുകയായിരുന്നു. സഹജമാം നിര്‍മമതയ്‌ക്കൊപ്പം മനുഷ്യബന്ധങ്ങളുടെ പവിത്രതയും പ്രാധാന്യവും തിരിച്ചറിയുന്ന ആത്മീയതയുടെ വൈകാരികതയാണ് സ്വാമിയെ വ്യത്യസ്തനാക്കുന്നത്; കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയനാഥനാക്കുന്നതും.

ഉയിര്‍ത്തെഴുന്നേല്പിന്റെ ദിനമായ ഈസ്റ്റര്‍ പ്രഭാതത്തിലാണ് ഭഗവാന്‍ തന്റെ ഭൗതികശരീരം വെടിഞ്ഞത്. ഈ ദേഹവിയോഗം മറ്റൊരു ഉയിര്‍ത്തെഴുന്നേല്പിന്റെ നാന്ദിയാവുകയാണ്. മനുഷ്യഹൃദയങ്ങളില്‍ സ്‌നേഹത്തിലൂടെ, സ്‌നേഹ നിര്‍ഭരമായ സേവന മനോഭാവത്തിലൂടെ, ധര്‍മ വിശ്വാസത്തിലൂടെ, മാനവികതയിലൂടെ ഭഗവാന്‍ ഉയിര്‍ത്തെഴുന്നേല്ക്കുകയാണ്. ഈ മഹാജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താന്‍ മൃത്യുവിനാവുകയില്ലെന്ന വിളംബരമാണ് ഈസ്റ്റര്‍ നാളിലെ ദേഹവിയോഗം. രണ്ടായിരം വര്‍ഷം മുന്‍പ് മൃത്യു ഇതേപോലെ പരാജയപ്പെട്ടതിന്റെ ഓര്‍മപുതുക്കുമ്പോള്‍ തന്നെ സ്വാമി നമ്മെ വിട്ടുപോയതിന്റെ അര്‍ഥം നാം കാണാതിരുന്നുകൂടാ. എങ്കിലും, ഇതെല്ലാമറിയുമ്പോഴും പിതാവും ദൈവവുമായി പുട്ടപര്‍ത്തിയില്‍ ഇത്ര പരിചിതനായ നമ്മുടെ സ്വാമിയെ ഇനി നേരില്‍ കാണാന്‍ കഴിയില്ലല്ലോ എന്ന വിചാരം ഓരോ ഭക്തന്റെയും ഹൃദയത്തിലുളവാക്കുന്ന നൊമ്പരവും എത്ര യാഥാര്‍ഥ്യം. പക്ഷേ, നിരാശയും നിഷ്‌ക്രിയത്വവും നമ്മുടെ സ്വാമിക്ക് ഇഷ്ടമല്ല. അദ്ദേഹം പ്രഫുല്ലമായ തന്റെ അവതാരകാലത്തില്‍ ഒരിക്കലും നിഷ്‌ക്രിയനായതേയില്ലല്ലോ.വിളക്ക് ഉടഞ്ഞുപോയാല്‍ സാധാരണയായി തിരി കെട്ടുപോകും. എന്നാല്‍ ഇവിടെ വിളക്ക് കാണുന്നില്ലെങ്കിലും പ്രകാശം നിറഞ്ഞൊഴുകുന്ന അത്ഭുതാവസ്ഥയില്‍ ലോകത്തെ നിമഗ്‌നമാക്കിയിരിക്കുന്ന അപാരതയുടെയും അനശ്വരതയുടെയും സ്‌നേഹത്തിന്റെയും പൂര്‍ണാവതാരമായിരുന്നു ശ്രീ സത്യസായി ബാബ. യുഗങ്ങള്‍ കാത്തിരുന്ന് കിട്ടിയ കൈവല്യമാണ് ആ പ്രകാശം.




saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss