സേവനത്തിന്റെ കുട നിവര്‍ത്തി സത്യസായി പ്രസ്ഥാനം
Posted on: 25 Apr 2011

കേവലമായ ഭക്തിക്കപ്പുറം ലോകമെങ്ങും നിസ്വാര്‍ഥ സേവനത്തിന്റെ കുട നിവര്‍ത്തിനില്‍ക്കുന്ന ഒരു മഹാപ്രസ്ഥാനത്തിനാണ് സത്യസായി ബാബ പുട്ടപ്പര്‍ത്തിയില്‍ ബീജാവാപം നടത്തിയത്. സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്നും അനുപമമായ ഒരു മഹനീയ മാതൃകയാണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍.
ഭക്തരുടെ സംഭാവനയിലൂടെ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് വളര്‍ന്നുപന്തലിച്ചത്. ഇപ്പോള്‍ ഇന്ത്യയിലും വിദേശത്തുമായി നിരവധി സംരംഭങ്ങളാണ് ട്രസ്റ്റിന് കീഴിലുള്ളത്. 150 രാജ്യങ്ങളിലായി ട്രസ്റ്റിന്റെ പ്രവര്‍ത്തനം വ്യാപിച്ചുകിടക്കുന്നു. ആന്ധ്ര സര്‍ക്കാറിന്റെ കണക്ക് പ്രകാരം 40,000 കോടിയുടെ ആസ്തിയാണ് സത്യസായി സെന്‍ട്രല്‍ ട്രസ്റ്റിനുള്ളത്.
1964-ലാണ് സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് രൂപവത്കരിക്കുന്നത്. അന്ന് മുതല്‍ സത്യസായി ബാബയാണ് ട്രസ്റ്റിന്റെ ചെയര്‍മാന്‍. കഴിഞ്ഞ വര്‍ഷം ട്രസ്റ്റ്പുനഃസംഘടിപ്പിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് പി.എന്‍. ഭഗവതി, മുംബൈ വ്യവസായിയായ ഇന്ദുലാല്‍ ഷാ, ടി.വി.എസ്. മോട്ടോഴ്‌സിന്റെ വി. ശ്രീനിവാസന്‍, സത്യസായി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ എസ്.വി. ഗിരി, ആര്‍.ജെ. രത്‌നാകര്‍രാജു, മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ചക്രവര്‍ത്തി എന്നിവരാണ് ട്രസ്റ്റ് അംഗങ്ങള്‍. ഇതില്‍ രത്‌നാകര്‍ മാത്രമാണ് സായിബാബയുടെ കുടുംബാംഗം. സത്യസായിബാബയുടെ സഹോദരന്‍ ജാനകിരാമയ്യയുടെ മകനാണ് രത്‌നാകര്‍. 2005-ല്‍ ജാനകീരാമയ്യ മരിക്കുന്നതുവരെ ട്രസ്റ്റ് അംഗമായിരുന്നു. സത്യസായി ബാബയുടെ നാല് സഹോദരങ്ങളുടെ കുടുംബങ്ങളും പുട്ടപര്‍ത്തിയിലാണ് താമസമെങ്കിലും സ്ഥാപനങ്ങളുടെ നടത്തിപ്പ് ട്രസ്റ്റിനാണ്.
1954-ല്‍ പുട്ടപര്‍ത്തിയില്‍ ആസ്പത്രി സ്ഥാപിച്ചുകൊണ്ടാണ് ആതുരസേവനരംഗത്ത് തുടക്കം കുറിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി സംഭാവനകള്‍ പ്രവഹിച്ചപ്പോഴാണ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രസ്റ്റ് രൂപവത്കരിക്കാന്‍ ബാബ തയ്യാറായത്.
സായി ട്രസ്റ്റിലേക്ക് വിദേശങ്ങളില്‍നിന്ന് ധാരാളം സംഭാവനകള്‍ ഒഴുകിയെത്തിയിട്ടുണ്ടെങ്കിലും അമേരിക്കയിലെ ഭക്തനായ മൈക് ടെകരറ്റിന്റേതാണ് രേഖകളിലെ വലിയ സംഭാവന. തന്റെ കോഫി ഹൗസ് വിറ്റ വകയില്‍ ലഭിച്ച 200 കോടി രൂപയാണ് അദ്ദേഹം സായി സെന്‍ട്രല്‍ ആസ്പത്രിക്കായി നല്‍കിയത്. വിദേശ ഇന്ത്യക്കാരനായ ജി.വി. ഷെട്ടിയില്‍നിന്ന് 25 കോടിയും പുട്ടപര്‍ത്തിയിലെ സംഗീത സ്‌കൂളിനായി ഇന്‍ഡൊനീഷ്യയിലെ ഭക്തനില്‍നിന്ന് 50 കോടിയും സംഭാവനയായി ലഭിച്ചിട്ടുണ്ട്. സത്യസായി ട്രസ്റ്റിന്റെ അഭിമാനസംരംഭമായ ശ്രീ സത്യസായി കുടിവെള്ളപദ്ധതി 400 കോടി രൂപ ചെലവിലാണ്1966-ല്‍ നടപ്പാക്കിയത്. പ്രശാന്തിനിലയത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള പ്ലാനറ്റേറിയം, ഓഡിറ്റോറിയം, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവയും ട്രസ്റ്റിന്റെ കീഴില്‍ നിര്‍മിച്ചിട്ടുണ്ട്.
ആസ്പത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചാരിറ്റിസ്ഥാപനങ്ങള്‍ എന്നിവയാണ് സത്യസായിബാബയുടെ പിന്തുണയോടെ ലോകത്താകമാനം പ്രവര്‍ത്തിക്കുന്നത്. പ്രശാന്തിനിലയത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ സത്യസായി യൂണിവേഴ്‌സിറ്റിയാണ് ഇതില്‍ പ്രധാനം. നാക്കിന്റെ എ + + അംഗീകാരമുള്ള ഇന്ത്യയിലെ ഏകസ്ഥാപനം. 1981-ല്‍ സ്ഥാപിച്ച സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ ലേണിങ് ആണ് സര്‍വകലാശാലയായി മാറിയത്. സത്യസായിബാബയാണ് സര്‍വകലാശാലയുടെ ചാന്‍സലര്‍. ബാംഗ്ലൂരിലെ വൈറ്റ് ഫീല്‍ഡ്, പുട്ടപര്‍ത്തി, അനന്തപുര്‍ എന്നിവിടങ്ങളിലായാണ് സര്‍വകലാശാലയുടെ കാമ്പസ് പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ക്ലാസിക് മ്യൂസിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. മുഡനഹള്ളിയിലെ സത്യസായി ലോക സേവ സ്‌കൂള്‍, സത്യസായി ലോക സേവ ട്രസ്റ്റ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവയും വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്.
200 ഏക്കര്‍ സ്ഥലത്ത് പുട്ടപര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സ് ആരോഗ്യരംഗത്തെ ലോകോത്തര നിലവാരമുള്ള മെഡിക്കല്‍ സ്ഥാപനമാണ്. 1991-ല്‍ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവാണ് 100 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആസ്പത്രി ഉദ്ഘാടനം ചെയ്തത്.
തുടര്‍ന്ന് പാവപ്പെട്ടവര്‍ക്ക് സഹായകമായ തരത്തില്‍ ബാംഗ്ലൂരിലും സത്യസായി മെഡിക്കല്‍ സയന്‍സ് ആരംഭിച്ചു. 2001 ജനവരിയില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പേയിയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതുവരെ രണ്ടര ലക്ഷത്തോളം പേര്‍ക്ക് ഇവിടെ നിന്ന് സൗജന്യ മെഡിക്കല്‍ സഹായം ലഭിച്ചിട്ടുണ്ട്. നേരത്തേ 1977-ല്‍ ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡില്‍ ശ്രീ സത്യസായി ജനറല്‍ ആസ്പത്രി ആരംഭിച്ചിരുന്നു. ഇതുകൂടാതെ അനന്ത്പുര്‍, ചെന്നൈ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കോടികളുടെ ജലസേചന പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സത്യസായി ബാബയുടെ എഡ്യുകെയര്‍ പ്രോഗ്രാം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, മെക്‌സിക്കോ, തുടങ്ങി 33 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാനഡയില്‍ സത്യസായി സ്‌കൂളും പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ വേള്‍ഡ് സ്‌പെയ്‌സ് ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെ ഡിജിറ്റല്‍ റേഡിയോ നെറ്റ്‌വര്‍ക്കും തുടങ്ങിയിട്ടുണ്ട്.
സത്യസായി ട്രസ്റ്റിന്റെ പിന്‍ഗാമിയാരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. സത്യസായിബാബയുടെ സഹോദരന്‍ ജാനകി രാമയ്യയുടെ മകന്‍ 39-കാരനായ ആര്‍.ജെ. രത്‌നാകറിന് ട്രസ്റ്റില്‍ ഏറെ സ്വാധീനമുണ്ട്. 2005-ല്‍ ജാനകിരാമയ്യയുടെ മരണത്തിനുശേഷമാണ് എം.ബി.എ.ക്കാരനായ രത്‌നാകര്‍ ട്രസ്റ്റിലേക്ക് എത്തുന്നത്. ആന്ധ്ര റവന്യൂമന്ത്രി രഘുവീരറെഡ്ഡിയുമായി അടുത്ത ബന്ധവുമുണ്ട്. സായിഭക്തനും കൂടിയാണ് മന്ത്രി രഘുവീരറെഡ്ഡി. ട്രസ്റ്റ് അംഗങ്ങളില്‍ സ്വാധീനമുള്ള മറ്റൊരു വ്യക്തി ചക്രവര്‍ത്തിയാണെന്നാണ് ഭക്തര്‍ പറയുന്നത്.