വിശ്വപ്രേമത്തിന്റെ ഈശ്വരസ്പര്‍ശം
Posted on: 25 Apr 2011

വിശ്വാസവും വിമര്‍ശനവും ഒരുപോലെ ഇഴനെയ്ത അവിശ്വസനീയവും സംഭവബഹുലമായ ജീവതമായിരുന്നു ബാബയുടേത്. 1926 നവംബര്‍ 23ന് ആന്ധ്രപ്രദേശിലെ ഒരു കുഗ്രാമമായ പുട്ടപ്പര്‍ത്തിയില്‍ ഈശ്വരമ്മയും പെഡവെങ്കമ്മ രാജു രത്‌നാകരമിന്റെ മകനായാണ് സത്യനാരായണ രാജു എന്ന സത്യസായി ബാബ ജനിച്ചത്. സംഗീതത്തിലും നൃത്തത്തിലും എഴുത്തിലുമെല്ലാം നിപുണത പ്രകടിപ്പിച്ച സത്യനാരായണ രാജുവില്‍ കുട്ടിക്കാലത്തു തന്നെ ദിവ്യത്വത്തിന്റെ സ്പര്‍ശവും വീട്ടുകാര്‍ തൊട്ടറിഞ്ഞിരുന്നു. നന്നേ ചെറിയ പ്രായത്തില്‍ തന്നെ വായുവില്‍ നിന്ന് ഭക്ഷണവും മധുരപലഹാരങ്ങളും സൃഷ്ടിച്ച സത്യനാരായണ രാജുവിനെ തിരഞ്ഞ് ഗ്രാമവാസികള്‍ വീട്ടിലേയ്ക്ക് ഒഴികിയെത്തിക്കൊണ്ടിരുന്നു. 1940ല്‍ സര്‍പ്പദേശമേറ്റ് മണിക്കൂറുകളോളം അബോധാവസ്ഥയില്‍ കഴിഞ്ഞ സത്യനാരായണ രാജുവില്‍ പിന്നീട് പ്രകടമായ മാറ്റങ്ങളാണ് ദൃശ്യമായത്. തനിച്ചിരുന്ന് കരയുകയും ചിരിക്കുകയുമെല്ലാം ചെയ്ത സത്യ പിന്നീട് അന്നോളം പഠിക്കാത്ത സംസ്‌കൃത ശ്ലോകങ്ങള്‍ ഉരുവിട്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഒരുപാട് ഡോക്ടര്‍മാരും മന്ത്രവാദികളുമെല്ലാം സത്യയെ ചികിത്സിച്ചു. ഒടുവില്‍ 1940 മെയ് 23നാണ് കുടുംബാംഗങ്ങള്‍ക്ക് മുന്‍പാകെ സത്യ താന്‍ സായി ബാബയാണെന്ന പ്രഖ്യാപനം നടത്തിയത്. ഷിര്‍ദ്ദി സായി ബാബയുടെ അവതാരമായ സത്യ അങ്ങനെ സത്യസായി ബാബയായി. സത്യസായി ബാബ ജനിക്കുന്നതിന് എട്ട് വര്‍ഷം മുന്‍പാണ് ഷിര്‍ദി സായി ബാബ സമാധിയായത്.
ഇതിനുശേഷം കുടുംബാംഗങ്ങളില്‍ നിന്ന് അകന്നു ജീവിച്ച ബാബ പിന്നീട് തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ഗ്രാമങ്ങളില്‍ പര്യടനം നടത്തി വന്‍ ശിഷ്യ സമ്പത്തിന് ഉടമയായി. 1944ല്‍ ശിഷ്യര്‍ ബാബയ്ക്കുവേണ്ടി ഒരു ആരാധനാലയും പണി കഴിപ്പിച്ചു. 1948ലാണ് ബാബയുടെ ഇപ്പോഴത്തെ ആസ്ഥാനമായ പ്രശാന്തി നിലയത്തിന്റെ നിര്‍ണമാപ്രവര്‍ത്തനം ആരംഭിച്ചത്. രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയായത്.
1954ല്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി പുട്ടപ്പര്‍ത്തിയില്‍ ഒരു ആസ്പത്രി സ്ഥാപിച്ചു. ഇതാണ് പിന്നീട് വളര്‍ന്ന് ലോകപ്രശസ്തമായ ശ്രീസത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസായത്. ആതുരസേവനത്തിലെ ലോകത്തിലെ തന്നെ ഏറ്റവും മഹനീയ മാതൃകകളില്‍ ഒന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട്.
1968ല്‍ മുംബൈയില്‍ സത്യ മന്ദിരവും 1973ല്‍ ഹൈദരാബാദില്‍ ശിവം മന്ദിരവും 1981ല്‍ ചെന്നൈയില്‍ സുന്ദര മന്ദിരവും സ്ഥാപിച്ചു. 1995ലാണ് ആന്ധ്രയിലെ റായല്‍സീമ മേഖലയിലെ വരള്‍ച്ചയ്്ക്ക് പരിഹാരം കാണുവാനുള്ള ഉദ്യമം ബാബ ഏറ്റെടുത്തത്. അനന്ത്പുര്‍ ജില്ലയിലെ 1.2 ദശലക്ഷം ആളുകള്‍ക്ക് കുടിവെള്ളമെത്തിച്ചുകൊണ്ട് ലോകത്തിനെമ്പാടും മാതൃകമായി മാറുകയായിരുന്നു സത്യസായി സേവ ട്രസ്റ്റ്. 2001ല്‍ വൈറ്റ്ഫീല്‍ഡില്‍ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റ് ആസ്പത്രി സ്ഥാപിച്ചു. ഇന്നും ഇന്ത്യയെങ്ങുമുള്ള നിര്‍ദന രോഗികള്‍ക്ക് ഹൃദയശസ്ത്രക്രി ഉള്‍പ്പടെയുള്ള സങ്കീര്‍ണവും ചിലവേറിയതുമായ ചികിത്സകള്‍ക്കുള്ള അത്താണിയാണ് ഈ ആസ്പത്രികള്‍.
2005ല്‍ ആരോഗ്യനില മോശമായി തുടങ്ങിയതോടെ വീല്‍ച്ചെയറില്‍ നീങ്ങിയാണ് ബാബ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കിക്കൊണ്ടിരുന്നത്.