മദാം ബോവറിയും ഷാബ്രോളും-വശീകരണവായന
സച്ചുതോമസ് Posted on: 23 Apr 2011

ചാള്‍സ് ബോവറി എന്ന ഇടത്തരക്കാരന്‍ ഡോക്ടറുമായുള്ള ദാമ്പത്യത്തിന്റെ വിരസതയിലും നാട്ടിന്‍പുറ ജീവിതത്തിന്റെ ഏകതാനതയിലും അകപ്പെട്ട് വീര്‍പ്പുമുട്ടുന്ന സുന്ദരിയായ എമ്മ ബോവറിയുടെ ദുരന്തകഥ. അതിവൈകാരികത നിറഞ്ഞ നോവലുകളുടെ ആരാധികയായ അവള്‍ പ്രണയത്തിനുവേണ്ടി കൊതിച്ചു; നിറമുള്ള സ്വപ്‌നങ്ങള്‍ കണ്ടു. അങ്ങനെ, ഒടുവില്‍ പരപുരുഷബന്ധങ്ങളില്‍ വരെ അവളെത്തിച്ചേരുന്നു. പക്ഷേ, തന്റെ പ്രണയങ്ങളും എമ്മയെ നിരാശപ്പെടുത്തിയതേയുള്ളൂ. നോവലുകളിലൂടെ താന്‍ പരിചയിച്ച കാല്പനികലോകം യഥാര്‍ഥ ജീവിതവുമായി തീരെ പൊരുത്തപ്പെടുന്നില്ലെന്ന് അവള്‍ നിരാശയോടെ മനസ്സിലാക്കി. താറുമാറായ പ്രതീക്ഷകള്‍. അനന്തരഫലം എല്ലാം തകര്‍ക്കുന്നവയായിരുന്നു. അവള്‍ വിഷം കഴിച്ച് മരിക്കുന്നു. പ്രസിദ്ധീകരിച്ചിട്ട് 150 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും എമ്മ ബോവറി നമ്മെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു - അന്ന കരേനീനയെപ്പോലെ, എഫി ബ്രീസ്തിനെപ്പോലെ, മോണാലീസയെപ്പോലെ. ഉദാഹരണത്തിന് അവളുടെ കണ്ണുകളുടെ കാര്യം തന്നെയെടുക്കാം - എമ്മയെക്കുറിച്ചുള്ള ആദ്യവര്‍ണനയില്‍ തവിട്ടുനിറമുള്ള കണ്ണുകളാണ് അവളുടേതെന്ന് ഫ്ലൊബേര്‍ എഴുതുന്നു. എന്നാല്‍ മറ്റൊരിടത്ത് അത് ശ്യാമവര്‍ണമാകുന്നു. ചിലപ്പോള്‍ കടുംനീലയും! രതിപൂരിതവും മനഃശാസ്ത്രപരമായി സൂക്ഷ്മവുമായ എമ്മ ബോവറിയുടെ ചിത്രീകരണം ഈ നോവല്‍ പുറത്തിറങ്ങിയപ്പോള്‍ ഏറെ നെഞ്ചിടിപ്പുകള്‍ക്ക് കാരണമായി. എഴുത്തുകാരന് വിചാരണ നേരിടേണ്ടിവന്നു. നോവലിലെ നായിക തങ്ങളുടെ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പാണെന്ന് പല സ്ത്രീകളും അവകാശപ്പെട്ടു. പക്ഷേ, ഫ്ലൊബേര്‍ പറഞ്ഞത് ഇത്രമാത്രം: 'മദാം ബോവറി, അത് ഞാന്‍ തന്നെയാണ്.' ഈ കൃതിയുടെ ആദ്യ ഇംഗ്ലീഷ് പരിഭാഷകരിലൊരാളായ കാറല്‍ മാര്‍ക്‌സിന്റെ പുത്രിയായ ഇലിയനോര്‍ മാര്‍ക്‌സ് ഏവ്‌ലിംഗും എമ്മയെപ്പോലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു - ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ രഹസ്യമായി വിവാഹം ചെയ്തു എന്നറിഞ്ഞപ്പോള്‍.
പതിമൂന്നാം വയസ്സില്‍ 'മദാം ബോവറി'യുടെ ആകര്‍ഷണവലയത്തില്‍പ്പെട്ട് കന്യകാത്വം നഷ്ടപ്പെടുന്നതിന്റെ ഓര്‍മയാണ് ക്ലോദ് ഷാബ്രോള്‍ ഇവിടെ പങ്കുവെക്കുന്നത്. ഫ്രഞ്ച് ന്യൂവേവ് സിനിമയുടെ പ്രധാന പേരുകളിലൊന്നാണ് ഷാബ്രോള്‍. 1930-ല്‍ പാരീസില്‍ ജനനം. സിനിമയില്‍ അന്‍പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ഇതുവരെ അന്‍പതോളം ഫീച്ചര്‍ ചിത്രങ്ങള്‍, ഇരുപതോളം ടെലിവിഷന്‍ സിനിമകള്‍, ഒരുപിടി ഡോക്യുമെന്ററികള്‍... കൂടാതെ നടനും തിരക്കഥാകൃത്തും. സിനിമ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ഈ ഊര്‍ജ്ജവും വീര്യവുമെല്ലാം വെച്ച് ഷാബ്രോള്‍ എന്തായിരിക്കും ചെയ്യുക എന്ന് അദ്ഭുതം കൂറുന്നവരുണ്ട്. മൂന്നു വിവാഹങ്ങള്‍; മൂന്നിനും ഒരേ വിവാഹമോതിരം. 1992-ല്‍ ഇസബെല്ല ഹൂപെറിനെ നായികയാക്കി ഷാബ്രോള്‍ 'മദാം ബോവറി' ചലച്ചിത്രമാക്കിയിട്ടുണ്ട്. തീര്‍ത്തും ഫിലിമിക് എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച ഈ ഓര്‍മ്മക്കുറിപ്പ്, 'കെന്നഡി, ജോണ്‍ ലെനന്‍, ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?' എന്ന പഴയ അത്താഴമേശ ചോദ്യത്തിനു പകരം പുതിയൊരു കുറുമ്പന്‍ചോദ്യത്തിനുള്ള സാധ്യത തരുന്നു - 'കന്യകാത്വം നഷ്ടപ്പെട്ടപ്പോള്‍ നിങ്ങള്‍ എന്തായിരുന്നു വായിച്ചുകൊണ്ടിരുന്നത്?' 2010 സെപ്തംബര്‍ 12-ന് അദ്ദേഹം ഓര്‍മ്മയായി
ബാധ
ക്ലോദ് ഷാബ്രോള്‍

മദാം ബോവറി