Mathrubhumi Logo
  bookday

കഥകളുടെ ആയിരത്തൊന്ന് രാവുകള്‍

Posted on: 23 Apr 2011

ആയിരത്തൊന്നു രാവുകള്‍ - ലോകകഥാസാഹിത്യത്തില്‍ ഏറ്റവും പ്രചാരമുള്ള കഥാപരമ്പര. ബൈബിള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ലോകത്തില്‍ ഏറ്റുമധികം വായിക്കപ്പെട്ടിട്ടുള്ളത് ആയിരത്തിയൊന്ന് രാവുകളായിരിക്കും. ഇന്ത്യ-ചൈനാദ്വീപുകളില്‍പ്പെട്ട പല രാജ്യങ്ങളുടേയും അധീശനായ ഷെഹരിയാര്‍ രാജാവിനെ കഥകള്‍ കൊണ്ട് നിലയ്ക്ക് നിറുത്തുന്ന ഷഹ്‌റസാദിന്റെ ഇതിഹാസമാണിത്. ഭാര്യ ഒരു നീഗ്രോയുടെ കൂടെ സഹശയനം ചെയ്യുന്നത് കണ്ട് ഭാര്യയേയും നീഗ്രോയേയും ഷെഹരിയാര്‍ രാജാവ് കൊലപ്പെടുത്തുന്നു. എന്നിട്ടും രോഷം തീരാതെ നിത്യവും തനിക്കായി ഓരോ കന്യകയെ വീതം കൊണ്ടുവരണമെന്ന് അദ്ദേഹം മന്ത്രിയോട് ആജ്ഞാപിച്ചു. ഒരു രാത്രി കഴിഞ്ഞാല്‍ രാജാവ് പ്രഭാതത്തില്‍ അവളെ കൊന്നുകളയും. ഈ പതിവ് മൂന്നുകൊല്ലം തുടര്‍ന്നു. ജനങ്ങള്‍ക്കു ദുഃഖവും സംഭ്രാന്തിയും പെരുകി. അവര്‍ പെണ്‍മക്കളെയുംകൊണ്ടു രാജ്യം വിട്ടുപോകാന്‍തുടങ്ങി. ഒടുവില്‍ നഗരത്തില്‍ ഒരു കന്യകപോലും അവശേഷിച്ചില്ല. ഇനിയാരെ രാജാവിന് കാഴ്ച വെയ്ക്കണമെന്ന ഉത്തരം കിട്ടാതെ ഭയന്ന മന്ത്രിക്ക് മുന്നില്‍ മകള്‍ ഷെഹറാസാദ് 'പ്രിയപിതാവേ, അങ്ങ് എന്നെ ആ രാജാവിനു വിവാഹംചെയ്തുകൊടുക്കൂ. ഒന്നുകില്‍ ഞാന്‍ മരിക്കും; അല്ലെങ്കില്‍ ഞാന്‍ മുസല്‍മാന്മാരുടെ പെണ്‍മക്കളുടെ മോചനത്തിനു വഴിതെളിക്കും എന്ന് പറഞ്ഞ് രംഗത്ത് വരുന്നു. മന്ത്രിയുടെ എതിര്‍പ്പ് സമ്മതമാക്കി മാറ്റി ഷെഹറസാദ് രാജാവിനെ വിവാഹം കഴിക്കുകയാണ്.



ഷഹ്‌റസാദ് അനുജത്തിയായ ദുന്യസാദിനെ വാത്സല്യപൂര്‍വ്വം അരികില്‍ വിളിച്ചു പറഞ്ഞു: ''ഞാന്‍ രാജാവിന്റെ ഭാര്യയായാല്‍ നിന്നെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുവരാന്‍ ആളെ അയയ്ക്കും. ആദ്യരാത്രിയില്‍ കുറേനേരം ഞങ്ങള്‍ ഒരുമിച്ചു കഴിയും. രാജാവിന് എന്നിലുള്ള താല്‍പര്യം തല്‍ക്കാലം തീരും. പ്രഭാതമാകാന്‍ വളരെനേരം പിന്നെയും കഴിയണം. അപ്പോള്‍ നീ വന്ന് എന്നോടപേക്ഷിക്കണം: 'ജ്യേഷ്ഠത്തിക്ക് ഒരു പാടു കഥകളറിയാമല്ലോ-അത്ഭുതകമായ കഥകള്‍. ചിലതൊക്കെ പറയാമോ? രാത്രി എത്ര രസകരമാകും, എന്നാല്‍' അപ്പോള്‍ ഞാന്‍ കഥ പറയും. ദൈവേച്ഛയുണ്ടെങ്കില്‍, ആ കഥകള്‍ മുസല്‍മാന്മാരുടെ പെണ്‍കുട്ടികളെ രക്ഷിക്കും.''

മന്ത്രി കൊട്ടാരത്തില്‍നിന്നു തിരിച്ചെത്തി. വിവാഹവസ്ത്രങ്ങളണിഞ്ഞ് ഷഹ്‌റസാദിനേയുംകൊണ്ടു രാജസന്നിധിയില്‍ ചെന്നു: ''നമുക്കു വേണ്ടത് ഹാജരാക്കിയിട്ടുണ്ടോ?''
''അടിയന്‍, അവിടുത്തെ ആജ്ഞ.'' മന്ത്രി ഉണര്‍ത്തിച്ചു.

രാജാവ് ഷഹ്‌റസാദിനെ അന്തഃപുരത്തിലേക്കു കൊണ്ടുപോയി. ഷഹ്‌റിയാര്‍ മഞ്ചത്തില്‍ വന്ന് ഇരുന്നപ്പോള്‍ അവള്‍ ഏങ്ങിക്കരഞ്ഞു: ''എന്താണ്? എന്തുപറ്റി?'' ഷഹ്‌റിയാര്‍ ചോദിച്ചു: ''പ്രഭോ, എനിക്കൊരു കൊച്ചനുജത്തിയുണ്ട്. അവളെക്കണ്ടു യാത്ര പറയാനനുവദിക്കണമെന്നപേക്ഷിക്കുന്നു.'' രാജാവ് ഉടനെ ഷഹ്‌റസാദിന്റെ സഹോദരിയെ കൂട്ടിക്കൊണ്ടുവരാന്‍ ആളെ അയച്ചു. ദുന്യസാദ് വന്നു. മഞ്ചത്തിലിരിക്കുന്ന ജ്യേഷ്ഠത്തിയുടെ കഴുത്തില്‍ കെട്ടിപ്പിടിച്ചു ഇരുവരും കണ്ണീരൊഴുക്കി. കുറച്ചുകഴിഞ്ഞപ്പോള്‍ ആ കൊച്ചുസഹോദരി മഞ്ചത്തിനു താഴെ പരവതാനിയില്‍ ഇരുന്നു. ചക്രവര്‍ത്തി ഷഹ്‌റസാദിനെ ആശ്ലേഷിച്ചു.

രാത്രിയുടെ ആദ്യയാമങ്ങള്‍ കഴിഞ്ഞപ്പോള്‍ ദുന്യസാദ് ഷഹ്‌റസാദിനോടു പറഞ്ഞു: ''ജ്യേഷ്ഠത്തീ, ദൈവം തുണയായിരിക്കട്ടെ! നേരം പോകുന്നില്ല. ജ്യേഷ്ഠത്തിക്ക് അത്ഭുതകരങ്ങളായ ഒരുപാടു കഥകളറിയാമല്ലോ. ചിലതു ഞങ്ങളോടു പറയൂ. രാത്രി രസകരമാകട്ടെ'' ഷഹ്‌റസാദ് പറഞ്ഞു. ''മഹാനും ഉദാരനുമായ തിരുമനസ്സിലെ അനുജ്ഞയുണ്ടെങ്കില്‍, അതു സന്തോഷകരമായ കടമയാണ്.'' ഷഹ്‌റിയാര്‍ അതു കേട്ടു. അദ്ദേഹം ഉറക്കംവരാതെ ക്ലേശിക്കയായിരുന്നു; പോരാത്തതിന്, കഥാപ്രിയനുമായിരുന്നു. അദ്ദേഹം സോത്സാഹം എണീറ്റിരുന്നു.
അങ്ങനെ ഷഹ്‌റസാദ് ആദ്യരാത്രിയിലെ കഥ തുടങ്ങി. അങ്ങനെ ഓരോ ദിവസവും കഥകള്‍ പറഞ്ഞ് പറഞ്ഞ് ഷെഹറസാദ് ആയുസ്സിനെ നീട്ടും. കഥകള്‍ പറഞ്ഞ് പറഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞ് പോവുന്നു. രാജാവിന്റെ രോഷം ശമിക്കുന്നു. കഥകള്‍ കൊണ്ട് മരണത്തെ തോല്പിക്കാമെന്ന് കാണിച്ചുതരികയായിരുന്നൂ ഷഹറസാദ് . കഥ വായിക്കുന്നതും കേള്‍ക്കുന്നതും ജീവിതത്തെ നീട്ടിക്കൊണ്ട് പോവുന്ന കപ്പലുകളാണെന്ന് ആദ്യം പഠിപ്പിച്ച് തന്നത് ഷഹറസാദ് ആയിരിക്കും.

ആയിരത്തിയൊന്ന് രാവുകളാല്‍ ജീവിതം മാറ്റിമറിക്കപ്പെട്ട ഒട്ടനവധി ഉദാഹരണങ്ങള്‍ ഉണ്ട്. ആയിരത്തൊന്നു രാവുകള്‍ പത്തുവാള്യങ്ങളിലായി വിവര്‍ത്തനംചെയ്ത റിച്ചാര്‍ഡ് ഫ്രാന്‍സിസ് ബര്‍ട്ടണ്‍ നൈല്‍നദിയുടെ ഈറ്റില്ലം കണ്ടുപിടിക്കാന്‍ ആഫ്രിക്കയില്‍ സോമാലിലാന്റിന്റെ അന്തരാളത്തിലേക്കുള്ള സാഹസസഞ്ചാരത്തില്‍ ബഡുവിന്‍ വര്‍ഗക്കാരെ മെരുക്കിയെടുത്തു സ്വന്തം ജീവന്‍ രക്ഷിച്ചത് ആ കഥകള്‍ പറഞ്ഞു രസിപ്പിച്ചിട്ടാണെന്ന് ഒരു ലേഖനത്തില്‍ ജോര്‍ജ്ജ് ക്രീല്‍ സവിസ്മയം അനുസ്മരിച്ചിട്ടുണ്ട്. ലോകഭാഷകളിലെ മഹാരഥരായ പഴയ എഴുത്തുകാരെയും, പ്രൂസ്റ്റ്, ജോയ്‌സ്, ബോര്‍ഹസ് തുടങ്ങിയ ആധുനികരെയും ഒരുപോലെ സ്വാധീനിച്ച കഥാ സമുച്ചയമാണത്. വോള്‍ട്ടയര്‍ അത് പതിന്നാലുവട്ടം വായിച്ചു. കോള്‍റിഡ്ജ് പറയുന്നു. ''ജനല്‍പ്പടിയിലിരിക്കുന്ന ആ ഗ്രന്ഥം ഞാന്‍ രാത്രി ഭയാശങ്കകളോടെയാണ് നോക്കുക. പുലരിയില്‍ ഇളവെയിലേറ്റുകൊണ്ടു വായിക്കും. എന്നില്‍ അതിനുള്ള വശീകരണശക്തികണ്ട് പിതാവ് ആ ഗ്രന്ഥം കത്തിച്ചുകളഞ്ഞു.'' ആയിരത്തൊന്നുരാവുകളിലെ കഥകള്‍ സത്യമായിരുന്നെങ്കില്‍ എന്ന് കാര്‍ഡിനല്‍ ന്യൂമാന്‍ ആഗ്രഹിച്ചു, അറബിക്കഥ ചലച്ചിത്രമാക്കി വിജയിച്ച ഏക സംവിധായകനായ പോളോ പബോലിനി ചിത്രാന്ത്യത്തില്‍ കുറിച്ചിട്ടത് ''ഒരു സ്വപ്‌നത്തില്‍ നിന്നു മാത്രം സത്യത്തിലെത്തിച്ചേരാനാകില്ല; ഒട്ടേറെ സ്വപ്‌നങ്ങളില്‍ കൂടിയേ അതു സാധിക്കു'' എന്നാണ്.

ആയിരത്തൊന്ന് രാവുകളിലെ ഷഹ്‌റസാദ് പറയുന്ന ആദ്യകഥ ഇവിടെ വായിക്കാം. ഒന്നാംരാവുതൊട്ടു മൂന്നാംരാവിന്റെ ഒരുഭാഗംവരെ ഈ കഥ പറച്ചില്‍ നീളുന്നു.

കച്ചവടക്കാരനും ഭൂതവും

ഒരുദിവസം ഒരു കച്ചവടക്കാരന്‍ കാട്ടില്‍ക്കൂടി സഞ്ചരിക്കുകയായിരുന്നു. ക്ഷീണിച്ചപ്പോള്‍ അയാള്‍ ഒരിടത്തിരുന്ന് ഈത്തപ്പഴം തിന്നാല്‍ തുടങ്ങി അപ്പോഴുണ്ട്, ഒരു വലിയ ഭൂതം അയാളുടെ മുമ്പില്‍! 'കൊല്ലും നിന്നെ ഞാന്‍. നീയെന്റെ കുഞ്ഞിനെ കൊന്നു. നീയെറിഞ്ഞ ഈത്തപ്പഴക്കുരു വീണാണ് എന്റെ പൊന്നുമോന്‍ മരിച്ചത്,' എന്നു പറഞ്ഞുകൊണ്ടു ഭൂതം അയാളുടെനേര്‍ക്കടുത്തു. ''എന്നെ തല്‍കാലം വിട്ടയയ്ക്കണേ. എന്റെ സ്വത്തു മുഴുവന്‍ ഭാര്യയുടേയും കുട്ടികളുടേയുമൊക്കെ പേരില്‍ എഴുതിവെച്ചിട്ടു മടങ്ങി വരാം.'' കച്ചവടക്കാരന്‍ ഭൂതത്തിന്റെ കാല്ക്കല്‍വീണു കരയാന്‍ തുടങ്ങി. ഭൂതമാണെങ്കിലും അതിനും അനുകമ്പയുണ്ട്; സത്യബോധവും നീതിബോധവുമുണ്ട്. അതു കച്ചവടക്കാരനെ വിട്ടയച്ചു. കച്ചവടക്കാരന്‍ നാട്ടില്‍പ്പോയി സ്വത്തെല്ലാം അവകാശികള്‍ക്കെഴുതിവെച്ചു സ്വന്തക്കാരോടും ബന്ധുക്കളോടും യാത്രപറഞ്ഞ് ഭൂതത്തെ കണ്ട സ്ഥലത്തേക്കു തിരിച്ചെത്തി.

കച്ചവടക്കാരന്‍ ഭൂതത്തേയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ മൂന്നു ഷേയ്ഖുകള്‍ അവിടെ എത്തിച്ചേര്‍ന്നു. ഒരു ഷേയ്ഖ് ഒരു കലമാനിനേയും പിടിച്ചുകൊണ്ടാണ് വന്നിരുന്നത്. മറ്റൊരു ഷേയ്ഖിന്റെ കൈയില്‍ രണ്ടു നായകളുണ്ടായിരുന്നു. മൂന്നാമത്തെ ഷേയ്ഖിന്റെ കൂടെയുണ്ടായിരുന്നത് ഒരു കോവര്‍കഴുതയായിരുന്നു. അവര്‍ കച്ചവടക്കാരനോടു ചോദിച്ചു: ''ഹേ മനുഷ്യാ, ഭൂതബാധയുള്ള പ്രദേശത്ത് ഒറ്റയ്ക്കു വന്നിരിക്കാന്‍ തനിക്കു ഭ്രാന്തുണ്ടോ?'' കച്ചവടക്കാരന്‍ നടന്ന കാര്യങ്ങളെല്ലാം വിവരിച്ചു. കഥ കേട്ടു ഷേയ്ഖുകള്‍ക്കു വല്ലാത്ത വ്യസനം തോന്നി. അപ്പോഴേക്കും ഭൂതം വായുംപിളര്‍ന്ന് അലറിക്കൊണ്ട് അവിടെ എത്തിക്കഴിഞ്ഞു. കച്ചവടക്കാരനോടൊപ്പം ഷേയ്ഖുകളും വിറയ്ക്കാന്‍തുടങ്ങി. എന്നാലും കച്ചവടക്കാരന്റെ കഥ കേട്ടു ദയതോന്നിയ ഷേയ്ഖുകളിലൊരുവന്‍ ഒരുവിധം ധൈര്യം സംഭരിച്ചു ഭൂതത്തോടു പറഞ്ഞു: ''ഹേ, വന്ദ്യനായ ഭൂതരാജാവേ! എന്റെ കൂടെ വന്നിരിക്കുന്ന ഈ കലമാനിന്റെ അത്ഭുതകരമായ കഥ ഞാന്‍ അങ്ങയെ കേള്‍പ്പിക്കാം. ഈ കച്ചവടക്കാരന്റെ രക്തത്തില്‍ ഒരുഭാഗം എനിക്കു തന്നാല്‍ മതി.'' ഭൂതം പറഞ്ഞു: ''ശരി, അത്ര വിചിത്രമായ കഥയാണെങ്കില്‍, ആവശ്യപ്പെട്ടപോലെ ഞാന്‍ അവന്റെ രക്തത്തില്‍ ഒരു പങ്കു നിനക്കു തരാം.''

ഒന്നാമത്തെ ഷേയ്ഖിന്റെ കഥ
ഷേയ്ഖ് കഥ പറയാന്‍ തുടങ്ങി: ''ഞാന്‍ വിവാഹംചെയ്തു ഭാര്യയുമായി കുറച്ചുകാലം സുഖമായി താമസിച്ചു. എന്നാല്‍ എനിക്ക് ഒരു കുഞ്ഞിനെ നല്‍കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. അതുകൊണ്ട് ഞാന്‍ ഒരു അടിമപ്പെണ്‍കുട്ടിയെ വിവാഹംചെയ്തു. അവളില്‍ എനിക്ക് ഒരു കുഞ്ഞു ജനിച്ചു. അങ്ങനെ എന്റെ ജീവിതം സന്തോഷപൂര്‍ണമായിത്തീര്‍ന്നു. ഒരിക്കല്‍ കച്ചവടസംബന്ധമായി നാടുവിടേണ്ടിവന്ന എനിക്ക് തിരിച്ചുവന്നപ്പോള്‍ കിട്ടിയ വാര്‍ത്ത അസഹനീയമായിരുന്നു. എന്റെ കുഞ്ഞും അവന്റെ അമ്മയും മരിച്ചുപോയെന്ന് എന്റെ ആദ്യഭാര്യ എന്നെ അറിയിച്ചു. എനിക്ക് ആ നടുക്കത്തില്‍നിന്നുണരാന്‍ കുറെക്കാലം വേണ്ടിവന്നു. ഒരുദിവസം അറുക്കാനായി എന്റെ കന്നിന്‍കൂട്ടത്തില്‍ ഒന്നിനെ കൊണ്ടുവരാന്‍ പറഞ്ഞു. എന്റെ ഭാര്യ നല്ല തടിച്ച ഒരെണ്ണത്തെ തെരഞ്ഞെടുത്തു കൊടുത്തയച്ചു. അത് എന്നെ കണ്ടപ്പോഴേക്കും ഒച്ചയെടുക്കാനും ബഹളംകൂട്ടാനും തുടങ്ങി. അതു വകവെയ്ക്കാതെ ഞാനതിനെ വെട്ടി. അത്ഭുതമെന്നു പറയട്ടെ, മാംസമോ രക്തമോ അതില്‍നിന്നു കിട്ടിയില്ല. കുറെ എല്ലും തോലും മാത്രമാണു ലഭിച്ചത്. വീണ്ടും ഒരു പശുക്കുട്ടിയെ കൊണ്ടുവരാന്‍ പറഞ്ഞു. അവള്‍ നല്ല തടിച്ച ഒരു പശുക്കുട്ടിയെ കൊടുത്തയച്ചു. അതും എന്നെ കണ്ടപ്പോള്‍ ദീനദീനമായി നിലവിളിക്കാന്‍ തുടങ്ങി. ആ പശുക്കുട്ടിയില്‍ അനുകമ്പ തോന്നിയ ഞാന്‍ അതിനെ പശുക്കളെ നോക്കിയിരുന്നവനു സമ്മാനമായി കൊടുത്തു. പിറ്റേദിവസം അയാള്‍ പശുക്കുട്ടിയേയുംകൊണ്ടു തിരിച്ചുവന്നു: 'യജമാനനേ, എന്റെ മകള്‍ പറയുന്നു ഇതു പശുക്കുട്ടിയല്ലെന്ന്. ഞാനിതിനെ കൊണ്ടുചെന്നപ്പോള്‍ അവള്‍ ചോദിച്ചത് അച്ഛനെന്തിനാ ഈ ചെറുപ്പക്കാരനെ എനിക്കു കൊണ്ടുവന്നു തന്നത് എന്നാണ്. അവളുടെ അഭിപ്രായത്തില്‍ ഇത് അങ്ങയുടെ മകനാണ്; നേരത്തേ കൊന്ന പശു അങ്ങയുടെ പ്രിയതമയും. അങ്ങയുടെ ആദ്യഭാര്യയ്ക്ക് മന്ത്രവാദമറിയാമല്ലോ. അവര്‍ ചെയ്ത പണിയാണിത്.' ഇതു കേട്ടു ഷേയ്ഖ് വ്യസനാക്രാന്തനായി പശുപാലകന്റെ വീട്ടിലേക്കു പാഞ്ഞു. മകനെ എങ്ങനെയെങ്കിലും പഴയരൂപത്തിലാക്കി തനിക്കു നല്കണമെന്നു പശുപാലകന്റെ പുത്രിയോടഭ്യര്‍ഥിച്ചു. അവള്‍ പകരം രണ്ടു കാര്യങ്ങള്‍ ആവശ്യപ്പെട്ടു. ഷേയ്ഖിന്റെ മകനെക്കൊണ്ട് അവളെ വിവാഹംചെയ്യിക്കണം. അവനെ അപ്രകാരമാക്കിയ മന്ത്രവാദിനിയെ തനിക്കിഷ്ടംപോലെ ഏതുരൂപത്തില്‍ വേണമെങ്കിലുമാക്കാന്‍ അനുവദിക്കുകയും വേണം. ഷേയ്ഖ് സമ്മതിച്ചു. അങ്ങനെ രൂപം മാറിയ ഷേയ്ഖിന്റെ ആദ്യഭാര്യയാണ്, എന്റെകൂടെയുള്ള കലമാന്‍.''

രണ്ടാമത്തെ ഷേയ്ഖിന്റെ കഥ
ഭൂതത്തിനു കഥ വളരെ ഇഷ്ടമായി. കച്ചവടക്കാരന്റെ രക്തത്തില്‍ ഒരുഭാഗം നല്കാമെന്നു സമ്മതിച്ചു. അപ്പോള്‍ രണ്ടാമത്തെ ഷേയ്ഖ് മറ്റൊരഭ്യര്‍ഥനയുമായെത്തി: 'ഞാന്‍ എന്റെ പക്കലുള്ള നായക്കുട്ടികളെക്കുറിച്ചു മറ്റൊരത്ഭുതകഥ പറയാം. പക്ഷേ, കച്ചവടക്കാരന്റെ രക്തത്തില്‍ ഒരുപങ്ക് എനിക്കു വിട്ടുതരണം എന്നു മാത്രം,' ഭൂതം സമ്മതിച്ചു. ഷേയ്ഖ് കഥ തുടങ്ങി: ''ഞങ്ങള്‍ മൂന്നു സഹോദരന്മാരായിരുന്നു. ഞങ്ങളുടെ അച്ഛന്‍ വലിയ പണക്കാരനായിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ സ്വത്തു മൂന്നായി ഞങ്ങള്‍ പങ്കിട്ടെടുത്തു. ഓരോരുത്തരും അവരുടെ പങ്കുകൊണ്ടു കച്ചവടം തുടങ്ങി. കുറേക്കഴിഞ്ഞപ്പോള്‍ അതില്‍ ഒരു സഹോദരനു പുറംരാജ്യങ്ങളില്‍ പോയി ഭാഗ്യം അന്വേഷിക്കാന്‍ മോഹമായി. ഭാഗ്യംകൊണ്ടു ഞാന്‍ അതിന് ഒരുങ്ങിയില്ല. മറ്റു രണ്ടു സഹോദരന്മാരും പുറപ്പെട്ടുപോയി. എന്നാല്‍ ഭാഗ്യദേവത അവരെ കടാക്ഷിച്ചില്ല. എല്ലാവര്‍ക്കും മുതലും പോയി, വെറുംകൈയോടെ മടങ്ങേണ്ടിവന്നു. സഹോദരന്മാരുടെ സ്ഥിതിയില്‍ അലിവുതോന്നിയ ഞാന്‍ എന്റെ മുടക്കുമുതലിന് ഊനംതട്ടാതെ കിട്ടുന്ന ആദായം മൂന്നായി പങ്കിട്ടു ജീവിക്കാമെന്നു പറഞ്ഞു. അങ്ങനെ ഞങ്ങളുടെ കച്ചവടം ഒരുവിധം നന്നായി നടക്കുകയായിരുന്നു. ഒരുദിവസം ഞങ്ങളെല്ലാവരുംകൂടി ഒരു കപ്പലില്‍ യാത്രപുറപ്പെട്ടു. കപ്പലില്‍വെച്ച് മുഷിഞ്ഞു കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ഒരു യുവതി എന്നെ സമീപിച്ച് അവളേയുംകൂടി എന്റെകൂടെ കൊണ്ടുപോകണമെന്ന് അപേക്ഷിച്ചു. അവളുടെ ദയനീയസ്ഥിതിയില്‍ ദയതോന്നിയ ഞാന്‍ സമ്മതിച്ചു. അവള്‍ക്കു ഞാന്‍ നല്ല വസ്ത്രങ്ങളും ഭക്ഷണവും കൊടുത്തു. നല്ല വസ്ത്രം അണിഞ്ഞപ്പോള്‍ അവള്‍ ഒരു രാജകുമാരിയെപ്പോലെ ശോഭിച്ചു. ക്രമേണ അവള്‍ എന്റെ ഭാര്യയായിത്തീര്‍ന്നു. എന്റെ ഭാഗ്യത്തില്‍ അസൂയാകലുഷിതരായിരുന്ന സഹോദരന്മാര്‍ ഒരുദിവസം രാത്രി ഉറങ്ങിക്കിടന്നിരുന്ന എന്നേയും അവളേയും കടലിലേക്കെടുത്തെറിഞ്ഞു. ഞെട്ടിയുണര്‍ന്ന ഞാന്‍ കണ്ടത് അവള്‍ ഒരു വലിയ ഭൂതമായി എന്നെയും തോളിലേറ്റി പോകുന്നതാണ്. അവള്‍ എന്നെ എന്റെ വീടിന്റെ ടെറസ്സിലെത്തിച്ചു. അവളില്ലായിരുന്നെങ്കില്‍, അന്നേ ഞാന്‍ നശിച്ചേനെ. അവള്‍ യഥാര്‍ഥത്തില്‍ ഒരു ഭൂതമായിരുന്നെന്നും എന്റെ ദയാപൂര്‍വമായ പെരുമാറ്റത്തില്‍ ആകൃഷ്ടയായിട്ടാണ് എന്നെ വിവാഹംകഴിച്ചതെന്നും പറഞ്ഞു. സഹോദരന്മാരെ രണ്ടുപേരെയും താന്‍ കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ട് അവള്‍ അപ്രത്യക്ഷയായി, അവരെ കൊല്ലരുതേ എന്നു ഞാന്‍ താണുവീണപേക്ഷിച്ചിട്ടും കാര്യമുണ്ടായില്ല. പിറ്റേദിവസം കട പൂട്ടി വീട്ടിലേക്കു ചെന്ന എന്നെ സ്വാഗതംചെയ്തത് ഈരണ്ടു നായ്ക്കളായിരുന്നു. എന്നെ കണ്ട ഉടനെ ഈ നായ്ക്കള്‍ എന്റെ വസ്ത്രത്തുമ്പില്‍ പിടിച്ച് ഉറക്കെ കുരയ്ക്കാന്‍ തുടങ്ങി. അപ്പോള്‍ എന്റെ ഭാര്യ വന്നു പറഞ്ഞു: 'അവര്‍ നിങ്ങളുടെ സഹോദരന്മാരാണ്. എന്റെ സഹോദരിമാന്ത്രികവിദ്യയില്‍ എന്നേക്കാള്‍ ജ്ഞാനമുള്ളവളാണ്. അവളാണ് ഇവരെ ഈ രൂപത്തിലാക്കിയത്. പത്തുകൊല്ലം കഴിയാതെ അവര്‍ക്കു ശാപമോക്ഷം കിട്ടുകയില്ല.' അല്ലയോ ഭൂതരാജാവേ, ഇപ്പോള്‍ പത്തുകൊല്ലം കഴിഞ്ഞു. എന്റെ ഭാര്യാസഹോദരിയോടു വീണ്ടും ഇവരെ പൂര്‍വസ്ഥിതിയിലാക്കിത്തരുവാന്‍ അപേക്ഷിക്കാനാണ് ഞാന്‍ ഈവഴി വന്നത്.'' ഭൂതം പറഞ്ഞു: ''ശരി, നിന്റെ കഥ വളരെ വിചിത്രംതന്നെ. ഞാന്‍ വാഗ്ദാനംചെയ്തപോലെ ഈ മനുഷ്യന്റെ രക്തത്തില്‍ മൂന്നിലൊരുഭാഗം നിനക്കുള്ളതാണ്.''

മൂന്നാമത്തെ ഷേയ്ഖിന്റെ കഥ
അപ്പോഴേക്കും മൂന്നാമത്തെ ഷേയ്ഖ് ഭൂതത്തിന്റെ മുമ്പില്‍ പ്രവേശിച്ചു: ''ഇവരുടെ രണ്ടുപേരുടേയും കഥകളേക്കാള്‍ അത്ഭുതകരമാണ് എനിക്കു പറയാനുള്ള കഥ. പക്ഷേ, അങ്ങു ദയവുചെയ്ത് ഈ മനുഷ്യന്റെ ശേഷിച്ച രക്തം എനിക്ക് തരണം.''

മൂന്നാമത്തെ ഷേയ്ഖ് കഥ തുടര്‍ന്നു: ''എന്റെ കൈയിലുള്ള ഈ കോവര്‍കഴുത എന്റെ ഭാര്യയായിരുന്നു. ഒരിക്കല്‍ ഒരുകൊല്ലത്തോളം കച്ചവടസംബന്ധമായി ഇവളെ പിരിഞ്ഞിരിക്കേണ്ടിവന്നു. ഒരു രാത്രി തിരിച്ചെത്തിയ ഞാന്‍ കണ്ടത് ഇവള്‍എന്റെ കറുത്ത അടിമയോടൊന്നിച്ച് എന്റെ കിടക്കിയല്‍ ശയിക്കുന്നതാണ്. അവരുടെ കളിയും ചിരിയും ചുംബനാലിംഗനങ്ങളുമാണ് എന്നെ സ്വീകരിച്ചത്. പെട്ടെന്ന് എന്നെ കണ്ടപ്പോള്‍ അവള്‍ ഒരുപാത്രം വെള്ളവുമായി എന്റെനേരെ ചാടിവന്നു. എന്തോ മന്ത്രിച്ചിട്ട് അവള്‍ ആ വെള്ളം എന്റെ ദേഹത്തു തളിച്ച് 'നായയായിത്തീരട്ടെ' എന്നു പറഞ്ഞു. ഉടനെ ഞാന്‍ ഒരു നായയായിത്തീര്‍ന്നു. അവള്‍ എന്നെ വീട്ടില്‍നിന്നും ഓടിച്ചു. അലഞ്ഞുതിരിഞ്ഞു ഞാന്‍ ഒടുവില്‍ ഇറച്ചിക്കടയില്‍ എത്തി. അവിടെക്കിടന്നിരുന്ന എല്ലു തിന്നാന്‍ തുടങ്ങിയ എന്നെ കച്ചവടക്കാരന്‍ പിടിച്ചു വീട്ടിലേക്കു കൊണ്ടുപോയി. ഇറച്ചിക്കച്ചവടക്കാരന്റെ മകള്‍ എന്നെ കണ്ടയുടനെ ലജ്ജിച്ച് അവളുടെ മുഖാവരണം എടുത്തിട്ടു. അവള്‍ അച്ഛനോടു ചോദിച്ചു: ''ഇതെന്താണ് എന്റെ അടുത്തേക്ക് ഒരു പുരുഷനെ കൊണ്ടുവരുന്നത്? '' അയാള്‍ അമ്പരന്നു. ''അതെ അച്ഛാ, ഇതൊരു മനുഷ്യന്‍തന്നെയാണ്. ഇയാളെ നായയാക്കിയത് ഒരു സ്ത്രീയാണ്. ഇയാളെ ഞാന്‍ രക്ഷിക്കാം.'' അവള്‍ എന്തോ മന്ത്രിച്ചു. കുറെ വെള്ളത്തുള്ളികള്‍ എന്റെമേല്‍ തളിച്ചു. പെട്ടെന്ന് ഞാന്‍ പൂര്‍വരൂപത്തിലായി. സന്തോഷത്തോടെ, നന്ദിയോടെ, ഞാന്‍ അവളെ വണങ്ങി. എന്റെ ദുഷ്ടയായ ഭാര്യയെ ഇതുപോലെ മാന്ത്രികശക്തികൊണ്ടു ശിക്ഷിക്കണമെന്ന് അപേക്ഷിച്ചു. അവള്‍ എനിക്കു കുറച്ചു വെള്ളം തന്ന്, ഭാര്യ ഉറങ്ങിക്കിടക്കുമ്പോള്‍ അവളെ ഇഷ്ടമുള്ള രൂപത്തില്‍ സങ്കല്പിച്ചു തളിക്കാന്‍ പറഞ്ഞു. അങ്ങനെ എന്റെ ഭാര്യയെ ഞാന്‍ കോവര്‍കഴുതയാക്കി.'' കഥ പറഞ്ഞുതീര്‍ന്നപ്പോള്‍ ഭൂതം കഴുതയുടെ അടുത്തുചെന്നു ചോദിച്ചു: ''ഇതു സത്യമാണോ?'' അവള്‍ ശരിയാണെന്നുള്ള അര്‍ഥത്തില്‍ തലയാട്ടി. ഈ കഥ ഭൂതത്തെ വികാരപരവശനാക്കി. കച്ചവടക്കാരന്റെ രക്തത്തില്‍ അവശേഷിച്ച പങ്ക് അയാള്‍ക്കും നല്കി. അങ്ങനെ കച്ചവടക്കാരന്‍ പൂര്‍ണമായും ഷെയ്ഖുകളുടെ അധീനതയിലായി. അവര്‍ അയാളെ സ്വതന്ത്രനാക്കിവിട്ടു.




ganangal books