Mathrubhumi Logo
  bookday

പുസ്തകം കണ്ണാടിയാണ്‌

എ. സഹദേവന്‍ Posted on: 23 Apr 2011

പുസ്തകം കണ്ണാടിയാണ്. കഴുത ഉറ്റുനോക്കുമ്പോള്‍ ബുദ്ധിമാനെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഒന്ന് - ഒരു ചൊല്ല്.
എഴുത്തിന്റെയും വായനയുടെയും ലോകത്ത് വന്ന് ചേരുന്ന ആളെസംബന്ധിച്ചേടത്തോളം ഒരക്ഷരംപോലും എഴുതാന്‍ വയ്യാത്ത ദിവസങ്ങള്‍ കടന്നുപോകുമ്പോഴും ഇച്ഛാഭംഗത്തിന് വകയില്ല; ചാരിതാര്‍ത്ഥ്യത്തിന്നുണ്ട്.



എഴുത്ത്, വായന, ആസ്വാദനം എന്നിവയുടെ ലോകം പര്‍വതങ്ങളും താഴ്‌വരകളും ജലരാശിയും ആകാശവും ജീവനും നിറഞ്ഞുനില്‍ക്കുന്ന വിശാലമായ ഭൂവിഭാഗം പോലെയാണ്.

രണ്ടിനും സാമ്യങ്ങളുണ്ട്. രണ്ടും അതിരുകളില്ലാത്ത ഇടങ്ങളാണ്. ആര്‍ക്കും എവിടെനിന്നും എങ്ങനെയും പ്രവേശിക്കാം. വലിയൊരു മരച്ചോട്ടിലിരിക്കാം-പുസ്തകം തരുന്ന ചങ്ങാത്തത്തിന്റെ പ്രതീകമായി അതിനെ എണ്ണുക. ഒരു ചെറു ചെടി നട്ടുപിടിപ്പിക്കാം. ഒരാശയം മുളപ്പിച്ചെടുക്കുന്നതിന് തുല്യമായി അതിനെ കാണുക. ഇനി അതുമല്ലെങ്കില്‍ അവിടെയൊക്കെ ചുറ്റിനടന്ന് കണ്ട് ആസ്വദിക്കുന്നതില്‍നിന്ന് ആരുണ്ട് നമ്മളെ തടയാന്‍?

ഫിലിപ്പ് റോത്തിന്റെ ചെറുകഥയില്‍, തിളങ്ങുന്ന വട്ടക്കണ്ണുകളുള്ള കറുത്ത വര്‍ഗക്കാരനായ കുട്ടി ഗ്രന്ഥശാലയിലേക്ക് വരുന്നത് വിവരിക്കുന്ന സന്ദര്‍ഭമുണ്ട്. ഒരു 'പിക്ചര്‍ബുക്ക്' തേടിയാണ് അവന്‍ കുറേദിവസമായി അവിടെ ചുറ്റിക്കറങ്ങുന്നത്. ആരും അവനെ കടത്തിവിടുന്നില്ല. അവന്റെ കറുകറുത്ത ശരീരം അവിടത്തെ പുസ്തകങ്ങളിലത്രയും അഴുക്ക് പുരട്ടും എന്നാണ് ഒരാള്‍ കണ്ടുപിടിച്ചത്. ആരോ കൂടുതലന്വേഷിച്ചപ്പോള്‍ അവന്‍ വരുന്നത് വാന്‍ഗോഗിന്റെ പെയിന്റിംഗുകള്‍ ഉള്ള പുസ്തകം തേടിയാണ് എന്നറിഞ്ഞു.
ഗ്രന്ഥാലയത്തിന്റെ അച്ചടക്കത്തിലേക്ക് കയറിവന്ന അവന്റെ ജിജ്ഞാസയില്‍ മതിപ്പ് തോന്നിയ ആളാണ് അവന് പുസ്തകം എടുത്തുകൊടുത്തത്. 'ബുക്ക്‌സ് ആര്‍ മെന്റ് ടു ബി ടച്ച്ഡ്' എന്നും അയാള്‍ പറഞ്ഞു. സമൂഹത്തോടായാണ് അയാള്‍ അത് പറഞ്ഞത് എന്ന് കരുതാം. വായിക്കുന്നില്ലെങ്കില്‍ പുസ്തകങ്ങള്‍ തൊടുകയെങ്കിലും ചെയ്യുക സുഹൃത്തുക്കളേ...!
പുസ്തകം തൊട്ടുനോക്കുകയോ!

അങ്ങനെയൊരു കാഴ്ചപ്പാട്. തൊട്ടുകഴിഞ്ഞാല്‍ തുറന്നുനോക്കാതിരിക്കുമോ? ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ആര്‍തര്‍ ബാല്‍ഫൗര്‍ (1902) വായനയുടെ സര്‍വസാധാരണമായ രസം എന്തെന്ന് പറഞ്ഞത് കേള്‍ക്കാം.
'പുതിയ ഒരു പുസ്തകം കിട്ടിയാല്‍ പേജുകള്‍ പടപടാന്ന് മറിച്ച് ഒന്ന് രണ്ടിടത്ത് കണ്ണോടിച്ച് ഓട്ടപ്രദക്ഷിണ വിദ്യ നടത്താത്ത വായനക്കാരന്‍ പുസ്തകത്തിന്റെ രസമറിയുന്നില്ല'.

ശരിയാണ്. അലസമായി പേജുകള്‍ മറിച്ചുനോക്കി, മടിയില്‍ തുറന്ന്‌വെച്ച് കണ്ണടച്ച് മയങ്ങി, ഞെട്ടിയുണര്‍ന്ന് മാറ്റിവെച്ച്.... പിന്നെപ്പോഴോ ആണ് യഥാര്‍ത്ഥത്തില്‍ ആദ്യാക്ഷരംതൊട്ടുള്ള വായന. ആരും സമ്പൂര്‍ണമായി പെട്ടെന്ന് പുതുപുസ്തകങ്ങളിലേക്ക് കടന്നുചെല്ലുന്നില്ല. കടന്നാലോ?

അവിടെ രണ്ട്മൂന്ന് കൂട്ടം കാര്യങ്ങളുണ്ട്. ചില പുസ്തകങ്ങള്‍ ഉല്‍ക്കണ്ഠയും ആവേശവും ജനിപ്പിക്കുന്നവയാണ്. വായനാലോകത്ത് ഈ രണ്ട് വകയും നിങ്ങളുടെ ശ്വാസം എടുക്കാന്‍ നിയുക്തരായ മണ്ടന്മാരാണ് അധമര്‍..
പക്ഷേ, ആസ്വാദനം അങ്ങിനെയല്ല. അതാണ് എല്ലാത്തിലും മീതെ നില്‍ക്കുന്നതും. ഹൃദയവും ബുദ്ധികേന്ദ്രവും ഒരുപോലെ ത്രസിക്കുന്ന അവസ്ഥ.

പുസ്തകം വായിച്ചവസാനിപ്പിക്കുന്നതു ഒരു ദീര്‍ഘയാത്രയുടെ അന്ത്യത്തിലെത്തുന്നതുപോലെയാണ്. 'അസാധാരണമായ ആഹഌദത്തിന്റെ തടവറയില്‍ നിന്ന് പുറത്ത് വരുന്ന നിമിഷം ആണത്.'
'എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള മൗനമായ സംഭാഷണമല്ലെങ്കില്‍ വായന മറ്റെന്താണ്' എന്ന് വേറൊരു ഗ്രന്ഥത്തില്‍ ചോദിക്കുന്നു.
വായന വലിയ കുഴപ്പം പിടിച്ച സംഗതിയാണെന്ന് ചിലര്‍ മനസ്സിലാക്കിയിട്ടുണ്ട്. കിട്ടാവുന്ന പുസ്തകമൊക്കെ കത്തിച്ചുകളയുകയും രാജ്യത്തിന് പുറത്ത് വന്‍മതില്‍കെട്ടിയുയര്‍ത്തുകയും ചെയ്ത ഏകാധിപതികളെപ്പറ്റി ചരിത്രം എന്തെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു. വായനയുടെ ശരിയായ കുഴപ്പമെന്താണെന്ന് പ്രപഞ്ചത്തെത്തന്നെ ഉള്ളംകയ്യിലാക്കിയ സൂത്രവാക്യത്തിന്റെ ഉപജ്ഞാതാവിന് നല്ല നിശ്ചയമുണ്ട്- 'ഏറെ വായിക്കുന്ന ഏതൊരാളും അയാളുടെ ബുദ്ധി കുറച്ചേ ഉപയോഗിക്കുന്നുള്ളൂ. മടിയന്റെ ലക്ഷണമായ പാഴ്‌വിചാരങ്ങളിലേക്ക് അയാള്‍ വീഴുകയും ചെയ്യും'. അതെ, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തന്നെ ഈ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതിനെ ഏറെ വായിക്കുന്നവര്‍ക്ക് കുടുംബവും പ്രശ്‌നമാണ്. അവരൊരിക്കലും ഒറ്റയ്ക്ക് ഉറങ്ങാന്‍ പോകാറില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ അല്പമൊന്ന് പിരിഞ്ഞിരിക്കുന്നതില്‍ വര്‍ഗഗുണമുണ്ടെങ്കില്‍ പുസ്തകവിരഹവും ആകാം. വായിക്കാതിരിക്കാനേ പറ്റില്ല എന്നത് ഒരുതരം നാട്യമാണെന്ന് ആര്‍ക്കാണറിയാത്തത്. കുടുംബം നിലനിര്‍ത്താനും അതുപകരിക്കും.

യഥാര്‍ത്ഥ വായനക്കാരെ വേറൊന്നുകൊണ്ട് തിരിച്ചറിയാം. അത്ര നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷവും, പാതി വായിച്ചുനിര്‍ത്തിയ പുസ്തകത്തിന്റെ അതേ പേജിലേക്ക്, വരിയിലേക്ക്, വാക്കിലേക്ക് ഒട്ടും ഓര്‍മതെറ്റാതെ തിരിച്ചു വരുമെന്ന് ഒരു ഗ്രന്ഥകാരന്‍ എഴുതുന്നു. ആ ഒറ്റ നിമിഷത്തില്‍ത്തന്നെ വായിച്ചത്രയും ഭാഗം ഒരു മിന്നലിന്റെ ഗതിവേഗത്തില്‍ അയാളുടെ മനസ്സില്‍ തിരിച്ചെത്തും. എന്തൊരു അനുഭവം.
വായനയിലേക്ക് മിന്നല്‍ കടന്നുവന്നപോലെ ഇടിയേയും കൊണ്ടുവരാം.
വാചകത്തോടൊപ്പം ആശയവും ഒരേനിമിഷത്തില്‍ത്തന്നെ പൊട്ടിപ്പുറപ്പെടുന്ന മിന്നലും ഇടിയുംപോലെ മനസ്സില്‍ തെളിയുന്ന വായനക്കാര്‍ ഭാഷയുടെ സര്‍വസ്വാതന്ത്ര്യവും രുചിച്ചറിയുന്നു.

മറന്നുവെച്ച പുസ്തകം എന്നൊന്നുണ്ടോ എന്നും പ്രസക്തമായ ചോദ്യമായി ഇപ്പോള്‍ മുന്നില്‍ വരുന്നു. വായനയുടെ ഇടവേളകളില്‍ പുസ്തകം അതിന്റെ സ്ഥാനങ്ങള്‍ സ്വയം കണ്ടെത്തുകയാണ്. അലമാറകളില്‍നിന്ന് പുറത്തുവരുന്ന പുസ്തകങ്ങള്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചുതുടങ്ങുകയാണ്. അവ എവിടേയും സ്ഥാനം പിടിക്കും. ജനല്‍പ്പിടിയില്‍, ചാരുപടിയില്‍, കട്ടിളപ്പടിയില്‍, ഊഞ്ഞാല്‍പ്പലകയില്‍, അടുക്കളയില്‍.

ചെവി മടങ്ങിയ കാവല്‍നായയെപ്പോലെ താളിന്റെ കോണ് മടങ്ങി, ചാഞ്ഞോ, ചെരിഞ്ഞോ കമിഴ്‌ന്നോ മലര്‍ന്നോ ചാരുകസേരച്ചോട്ടില്‍ പുസ്തകം കാത്തുകിടക്കും.
ടി.വി.യാണ് ഇനി താരം എന്ന് പറഞ്ഞ മാര്‍ഷല്‍ മക്‌ലൂഹനെ പരിഹസിച്ചുകൊണ്ട് പുസ്തകം ടെലിവിഷന് മേലെയും കയറി ഇരിപ്പുറപ്പിക്കും.
പുസ്തകങ്ങളെ അലമാറികളില്‍ അടച്ചിടാമെന്ന് വ്യാമോഹിക്കുകയേ വേണ്ട. അവസാനം വീട്ടില്‍നിന്ന് കാമുകിമാരെപ്പോലെ ധൈര്യപൂര്‍വ്വം ഇറങ്ങിവരും. വാസ്തവത്തില്‍ പുസ്തകങ്ങള്‍ക്ക് സ്വന്തം വീടുകളേ ഇല്ല. വീടുകളും പുസ്തകശാലകളും അവയുടെ ഇടത്താവളങ്ങള്‍ മാത്രമാണ്. ഒരുനാള്‍ വീട്ടില്‍ കയറി വരുന്ന സന്ദര്‍ശകന്റെ കൂടെ അവ സ്ഥലം വിടും, നാടുചുറ്റും.
തന്റെ വിലപിടിപ്പുള്ള പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഒരിടത്തെപ്പറ്റി അറിവുതരുന്ന സാമുവല്‍ ബട്‌ലര്‍ ഇത് തിരിച്ചറിഞ്ഞ എഴുത്തുകാരനാണ്. 'ഞാനെന്റെ സ്വന്തം പുസ്തകങ്ങള്‍ സൂക്ഷിക്കുന്നത് ബ്രിട്ടീഷ് മ്യൂസിയത്തിലാണ്'.
ഇത്രയേറെ അഭിമാനംകൊള്ളുന്ന മറ്റൊരു പുസ്തക ഉടമ ആരുണ്ട്?

പുസ്തകങ്ങള്‍ ഇന്ന് വരും നാളെ പോകും. അവയോട് മമത വേണ്ട. അതുതന്നെയാണ് നോവലിസ്റ്റ് അനത്തോള്‍ ഫ്രാന്‍സ് വേറൊരു വിധത്തില്‍ പറയുന്നത്.
'ആര്‍ക്കും പുസ്തകം കടം കൊടുക്കരുത്. കൊടുത്താല്‍ പുസ്തകം തിരിച്ചു ഉടമയിലെത്തുകയില്ല. എന്റെ അലമാറയിലെ ഈ പുസ്തകങ്ങള്‍ തന്നെ നോക്കൂ. ഇവയൊന്നും എന്റെയല്ല. മറ്റുള്ളവര്‍ വായിക്കാന്‍ തന്നവയാണ്.'
ഹ!
പുസ്തകങ്ങള്‍ വാങ്ങി, വായിക്കാതിരിക്കുക മാത്രമല്ല കൊടുക്കാതിരിക്കുകയും ചെയ്യുന്നത് വായനയുടെ ഒരു പ്രബലമായ സാംസ്‌കാരിക വശമാണ്. അതേപ്പറ്റി ബോബ് മെക്കോളെയ്ക്കുള്ള ഘനഗംഭീരമായ അഭിപ്രായം ഇവിടെ രേഖപ്പെടുത്താനുണ്ട്.
'അലമാറയുടെ മുകള്‍ത്തട്ടുകളിലുള്ള പൊടിക്കും മൗനത്തിനും ഇരുട്ടിനും എന്തു കനമാണെന്നോ!'
(ഉദ്ധരണികള്‍ക്ക് ഒമൃുലൃ ആീീസ നോട് കടപ്പാട്)




ganangal books