മരണം മുന്‍കൂട്ടി കണ്ടു; മഹായിടയന്‍ ചെറിയാനോട് യാത്ര പറഞ്ഞു
പി.പി. ഷൈജു Posted on: 02 Apr 2011

മുറിയില്‍ കിടക്കുകയായിരുന്ന കര്‍ദിനാളിന് അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ഡ്രൈവറും ശുശ്രൂഷകനുമായ ചെറിയാന്‍ അടുത്തുണ്ടായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ തന്നെ 'താന്‍ അന്ത്യയാത്രയിലേക്ക് നീങ്ങുകയാണെന്ന്' പിതാവ് തന്നോട് പറഞ്ഞതായി ചെറിയാന്‍ പറഞ്ഞു. പിതാവിനൊന്നും സംഭവിക്കില്ലെന്നും പ്രാര്‍ഥിക്കാമെന്നും പറഞ്ഞെങ്കിലും പിതാവ് മരണം ഉറപ്പിച്ചമട്ടായിരുന്നു. മരണം മുന്‍കൂട്ടി കാണാന്‍ പിതാവിന് കഴിഞ്ഞുവെന്ന് ചെറിയാന്‍ വിതുമ്പലോടെ പറഞ്ഞു.
'കരുണയുടെ മഹാസാഗരമായിരുന്നു പിതാവ്. എപ്പോഴും സൗഹൃദത്തോടെയാണ് പെരുമാറുന്നത്. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യുമായിരുന്നു. സഭയെ മൊത്തത്തില്‍ നയിച്ച മഹായിടയനെ 12 വര്‍ഷം നയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായാണ് തൃക്കാക്കര ജഡ്ജിമുക്ക് കാഞ്ഞിരത്തുംമൂട്ടില്‍ വീട്ടില്‍ ചെറിയാന്‍ കാണുന്നത്. കൃത്യസമയത്ത് നിശ്ചിതസ്ഥലത്ത് എത്തിക്കണമെന്ന് പിതാവിന് നിര്‍ബന്ധമുണ്ടായിരുന്നു. വാഹനത്തിന്റെ വേഗം കുറഞ്ഞാലും കൂടിയാലും പ്രശ്‌നമല്ല. ഡ്രൈവര്‍ എന്ന നിലയില്‍ തന്നെ വലിയ വിശ്വാസമായിരുന്നു.നിത്യവും രാവിലെ 9 മണിയോടെ അരമനയിലെത്തിയാല്‍ വൈകീട്ട് 7 മണിയോടെയാണ് മടങ്ങിപ്പോരാറുള്ളത് - ചെറിയാന്‍ പറഞ്ഞു.
26 വര്‍ഷമായി ചെറിയാന്‍ സഭാ പിതാക്കന്‍മാരുടെ ഡ്രൈവറായി ജോലി നോക്കുന്നു. കര്‍ദിനാള്‍ ആന്റണി പടിയറയുടെ ഡ്രൈവറായിട്ടായിരുന്നു തുടക്കം. പടിയറ പിതാവ് കാലംചെയ്തപ്പോള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സാരഥിയായി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പിതാവിന് ഭക്ഷണമെടുക്കാനായി പോകാനൊരുങ്ങിയപ്പോള്‍ തന്റെ തോളത്ത് പിടിച്ച് പിതാവ് അവിടെ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഇപ്പം ഇവിടെ നിന്നു പോകരുതെന്ന് പറഞ്ഞു. തുടര്‍ന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പിതാവിന്റെ മുറിയിലെ ബെല്‍ അടിച്ച് അരമനയിലെ അച്ചന്‍മാരെ വിവരമറിയിച്ചു. അച്ചന്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ എത്തി. തുടര്‍ന്നാണ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്.