ലിസി ആസ്‌പത്രി ജനസാഗരമായി
Posted on: 01 Apr 2011

കൊച്ചി: വലിയ പിതാവിന്റെ വേര്‍പാടറിഞ്ഞ് വിശ്വാസികള്‍ ലിസി ആസ്പത്രിയിലേക്ക് ഒഴുകിയെത്തി. രണ്ടുമണിയോടെയാണ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ മരണം സ്ഥിരീകരിച്ചത്. രണ്ടരയോടെതന്നെ വൈദികരും കന്യാസ്ത്രീകളുമടക്കമുള്ള വലിയസമൂഹം ആസ്പത്രിയിലെത്തി. ഈ സമയം പിതാവിന്റെ ശരീരം എംബാം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.
ലിസി ആസ്പത്രിയോട് ചേര്‍ന്നുള്ള ചാപ്പലില്‍ സമ്മേളിച്ച വിശ്വാസികള്‍ പ്രാര്‍ഥനാഗീതങ്ങള്‍ ആലപിച്ചു. ഇവിടെ വര്‍ക്കി പിതാവിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെയ്ക്കാനുള്ള സൗകര്യങ്ങളൊരുക്കി. നാലു മണിയോടെ തിരക്ക് നിയന്ത്രണാതീതമായി. അസി. കമ്മീഷണര്‍ ആന്റോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജനത്തെ നിയന്ത്രിച്ചു.നാലേകാലിനാണ് പിതാവിന്റെ ശരീരം ചാപ്പലിലേക്ക് എത്തിച്ചത്. ബന്ധുമിത്രാദികളും ബിഷപ്പുമാരും വൈദികശ്രേഷ്ഠരും പൊതുപ്രവര്‍ത്തകരുമെല്ലാം തങ്ങളുടെ വലിയ ഇടയന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ പിതാവ്, പോള്‍ ചിറ്റിലപ്പിള്ളി പിതാവ്, ബിഷപ്പ് എ.ഡി. മറ്റം ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്ത പോളി കാര്‍പ്പസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ഡോ. സ്റ്റീഫന്‍ ആലത്തറ തുടങ്ങിയവര്‍ പ്രാര്‍ഥനാശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.