ഇന്ന് വത്തിക്കാനില്‍ സമൂഹബലിയും പ്രാര്‍ഥനയും
Posted on: 01 Apr 2011

റോം: സീറോ മലബാര്‍ സഭാ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ വേര്‍പാടിനെ തുടര്‍ന്ന് സഭയിലെ മെത്രാന്മാരുടെ അടിയന്തര സമ്മേളനം റോമില്‍ ചേര്‍ന്നു. സീറോ മലബാര്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്ററായി ചാര്‍ജെടുത്ത കൂരിയ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ അധ്യക്ഷതയില്‍, കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. മാര്‍ ജോസഫ് പൗവത്തില്‍ അനുശോചന സന്ദേശം നല്‍കി.
പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രത്യേക അനുശോചനം അറിയിക്കുകയും മാര്‍ വര്‍ക്കി വിതയത്തിലിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.
ശനിയാഴ്ച നാലിന് വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ സമൂഹബലിയും പ്രത്യേക പ്രാര്‍ഥനകളും നടത്തും. സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ആമുഖ പ്രഭാഷണം നടത്തും. സമൂഹബലിക്ക് മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യകാര്‍മികത്വം വഹിക്കും. മാര്‍ മാത്യു മൂലേക്കാട്ട് വചനസന്ദേശം നല്‍കും. മാര്‍പാപ്പയുടെ അനുശോചന സന്ദേശം വത്തിക്കാന്‍ പ്രതിനിധി വായിക്കും. റോമിലെ സീറോ മലബാര്‍ സഭാ വൈദികരോടും സന്ന്യസ്തരോടും വിശ്വാസികളോടും ഒപ്പം ഇതര സഭകളില്‍ നിന്നുള്ളവരും സമൂഹബലിയിലും പ്രാര്‍ഥനാ ശുശ്രൂഷയിലും പങ്കെടുക്കുമെന്ന് റോമില്‍ നിന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ അറിയിച്ചു.