Mathrubhumi Logo
  varky vithayathil

വലിയ ഇടയന് വിട

Posted on: 01 Apr 2011

കൊച്ചി: സീറോ മലബാര്‍സഭയുടെ പരമാധ്യക്ഷനും ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) പ്രസിഡന്റും എറണാകുളം-അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ (84) കാലം ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ വച്ച് ഹൃദയാഘാതമുണ്ടായ വര്‍ക്കി വിതയത്തിലിനെ 12.20 ന് എറണാകുളം ലിസി ആസ്പത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിയോടെ മരിച്ചു. നാലുമണിക്ക് ആസ്പത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം ഭൗതികശരീരം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രി ഫ്രീസറിലേക്ക് മാറ്റി. സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാര്‍ എല്ലാവരും മാര്‍പാപ്പയെ സന്ദര്‍ശിക്കാനായി റോമിലേക്ക് പോയിരിക്കുകയാണ്. ഇവര്‍ തിരിച്ചെത്തിയ ശേഷമായിരിക്കും കബറടക്കം. ഏപ്രില്‍ 10ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസ്‌ലിക്കയില്‍ കബറടക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. റോമില്‍ സീറോ മലബാര്‍ സഭ ബിഷപ്പുമാര്‍ അടിയന്തര സിനഡ് ചേര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വേര്‍പാട് ഔപചാരികമായി മാര്‍പാപ്പയെ അറിയിച്ചു. കാനോന്‍ നിയമപ്രകാരം സഭയുടെ അഡ്മിനിസ്‌ട്രേറ്ററായി കൂരിയ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ചുമതലയേറ്റു.

പൗരസ്ത്യസഭകള്‍, നിയമഗ്രന്ഥങ്ങള്‍, ക്രൈസ്തവ ഐക്യം എന്നീ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിലെ അംഗമായിരുന്നു കര്‍ദിനാള്‍ വിതയത്തില്‍. ജോണ്‍ പോള്‍ രണ്ടാമന്റെ മരണത്തെ തുടര്‍ന്ന് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിലും പങ്കെടുത്തിരുന്നു.

സഭാചിന്തകന്‍, ഗവേഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന കര്‍ദിനാള്‍ വിതയത്തില്‍ ലളിതജീവിതം കൊണ്ടും സരസ സംഭാഷണങ്ങള്‍കൊണ്ടും വിശ്വാസികള്‍ക്ക് പ്രിയങ്കരനായിരുന്നു. റിഡംപ്റ്ററിസ്റ്റ് സന്ന്യാസസമൂഹത്തില്‍ അംഗമായിരുന്ന കര്‍ദിനാള്‍ വിതയത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രത്യേക താത്പര്യപ്രകാരമാണ് സഭയുടെ നേതൃപദവി ഏറ്റെടുത്തത്. ആരാധനാക്രമവുമായി ബന്ധപ്പെട്ട് സീറോ മലബാര്‍സഭയില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളുടെ രൂക്ഷത കുറയ്ക്കാനും ഐക്യത്തോടെ സഭയെ നയിക്കാനും വിതയത്തിലിനു കഴിഞ്ഞു. ആത്മീയത നഷ്ടപ്പെടുന്ന ആഘോഷങ്ങള്‍ക്കെതിരെയും സഭയ്ക്കുകീഴിലുള്ള ചില വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കോഴ വാങ്ങുന്നതിനെതിരെയും അദ്ദേഹം പുറപ്പെടുവിച്ച ഇടയലേഖനങ്ങള്‍ ഏറെ ശ്രദ്ധ നേടി. കര്‍ദിനാള്‍ വിതയത്തില്‍ തന്റെ ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും നിലപാടുകളെ കുറിച്ചും വിശദീകരിച്ച 'തുറന്ന മനസ്സോടെ' (സ്‌ട്രെയ്റ്റ് ഫ്രം ദി ഹാര്‍ട്ട്) എന്ന ഗ്രന്ഥം സഭയ്ക്കുള്ളിലും സമൂഹത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.



വടക്കന്‍ പറവൂരില്‍ ഷെവലിയര്‍ ജസ്റ്റിസ് ജോസഫ് വിതയത്തിലിന്റെയും ത്രേസ്യാമ്മയുടെയും എട്ടുമക്കളില്‍ രണ്ടാമനായി 1927 മെയ് 29നാണ് വര്‍ക്കി വിതയത്തില്‍ പിറന്നത്. പറവൂര്‍ സെന്റ് ജെര്‍മയിന്‍ സ്‌കൂളിലും തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലുമായിരുന്നു പഠനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായശേഷം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് വൈദികനാകാന്‍ റിഡംപ്റ്ററിസ്റ്റ് സന്ന്യാസസഭയില്‍ ചേര്‍ന്നു. 1947 ആഗസ്ത് രണ്ടിന് സന്ന്യാസവ്രത വാഗ്ദാനം നടത്തി. 1954 ജനവരി 12ന് ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് പോത്തയ്ക്കാമുറിയില്‍ നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. തുടര്‍ന്ന് 'സീറോ മലബാര്‍ സഭയുടെ ആരാധനാക്രമത്തിന്റെ ഉല്‍പ്പത്തിയും വളര്‍ച്ചയും' എന്ന വിഷയത്തില്‍ റോമിലെ സെന്റ് അക്വീനാസ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് കാല്‍ നൂറ്റാണ്ടോളം ബാംഗ്ലൂരില്‍ റിഡംപ്റ്ററിസ്റ്റ് മേജര്‍ സെമിനാരിയില്‍ കാനന്‍ നിയമ പ്രൊഫസറായി സേവനം ചെയ്തു. 1972ല്‍ കര്‍ണാടക യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്ത്യന്‍ തത്ത്വശാസ്ത്രത്തില്‍ എം.എ. ബിരുദവും നേടി. ബാംഗ്ലൂരിലെ ഇതര സെമിനാരികളിലും ഇക്കാലത്ത് പഠിപ്പിച്ചിരുന്നു.

1978 മുതല്‍ 84 വരെ റിഡംപ്റ്ററിസ്റ്റ് സഭയുടെ ബാംഗ്ലൂര്‍ പ്രൊവിന്‍ഷ്യാളായിരുന്നു. 1984-85 കാലത്ത് കത്തോലിക്ക സന്ന്യാസിസംഘടനയായ കോണ്‍ഫറന്‍സ് റിലിജിയസ് ഇന്ത്യ (സിആര്‍ഐ) ദേശീയപ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1990 മുതല്‍ 96 വരെ ബാംഗ്ലൂര്‍ ആശിര്‍വനം ബനഡിക്ട്‌സ് ആശ്രമത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്നു. തുടര്‍ന്ന് കേരളത്തില്‍ ചൊവ്വര ദിവ്യരക്ഷകഭവനത്തിന്റെ ചുമതലക്കാരനായി. രണ്ടുമാസം കഴിഞ്ഞാണ് 1996 ഡിസംബര്‍ 18ന് സീറോ മലബാര്‍ സഭയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായത്. 1997 ജനവരി 6ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ റോമില്‍ വെച്ച് അദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്തു. ജനവരി 18ന് അദ്ദേഹം സീറോ മലബാര്‍ സഭയുടെയും അതിരൂപതയുടെയും ചുമതല ഏറ്റെടുത്തു. 1999 ഡിസംബര്‍ 23ന് മാര്‍പാപ്പ അദ്ദേഹത്തെ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായും നിയമിച്ചു. 2000 ജനവരി 16നായിരുന്നു സ്ഥാനാരോഹണം. 2001 ജനവരി 21ന് മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാളായി ഉയര്‍ത്തി. 2008ലാണ് സിബിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

സഹോദരങ്ങള്‍: പ്രൊഫ.പോള്‍ വിതയത്തില്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂര്‍), സിസ്റ്റര്‍ മരിയ ത്രേസ്യ (ഹോളി ക്രോസ്, മെന്‍സിന്‍ഗെന്‍), ഡോ. ആന്റണി വിതയത്തില്‍ (ഫോര്‍മര്‍ റിസര്‍ച്ച് അസോസിയേറ്റ്, വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി, യുഎസ് എ), ഡോ.ജോണ്‍ വിതയത്തില്‍ (ഫെലോ ഓഫ് ഐഇഇഇ, യുഎസ്എ), ഡോ.ഫ്രാന്‍സിസ് വിതയത്തില്‍ (എന്‍ജിനീയര്‍, ബോയിങ് കമ്പനി, യു എസ് എ), മേരി ആന്റിയോ (ഇംഗ്ലീഷ് വിഭാഗം മുന്‍മേധാവി, സെന്റ് ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുട), പരേതനായ ജോസഫ് വിതയത്തില്‍ (റിട്ട.ഡീന്‍ ഓഫ് എന്‍ജിനീയറിങ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂര്‍).



ganangal


മറ്റു വാര്‍ത്തകള്‍

  12 »

 

varki_condelnse Discuss