Mathrubhumi Logo
  varky vithayathil

വാക്കുകളെ വാതായനമാക്കിയ വര്‍ക്കി പിതാവ്

ഫാ. പോള്‍ തേലക്കാട്ട്‌ Posted on: 01 Apr 2011

വര്‍ക്കി പിതാവിന്റെ കൈ ഞാന്‍ ആദ്യമായി മുത്തിയത് എറണാകുളം മെത്രാപ്പോലീത്ത ഭവനത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ അദ്ദേഹത്തെ സഭയുടെ അഡ്മിനിസ്‌ട്രേറ്ററായി പ്രഖ്യാപിച്ചുകൊണ്ട് 1996 ഡിസംബര്‍ മാസത്തില്‍ നടന്ന സമ്മേളനത്തിലാണ്. രണ്ടു ദിവസങ്ങള്‍ക്കുശേഷം അദ്ദേഹവുമായി ഞാന്‍ 'സത്യദീപ'ത്തിനുവേണ്ടി സാമാന്യം ദീര്‍ഘമായ അഭിമുഖസംഭാഷണം നടത്തി. 'ഞാന്‍ കടന്നു പോകുന്ന ഒരു കിളിയാണ്' (a bird of passage) എന്ന് അദ്ദേഹം പറഞ്ഞു. കുറേ വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം കൂടുകൂട്ടിയ കിളിയായി എന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ഇന്ന് ആ കിളി പറന്നുപോയിക്കഴിഞ്ഞു.

ആത്മാവു പറന്നുപോയ അദ്ദേഹത്തിന്റെ മുഖം ആദ്യവും അവസാനവുമായി ഞാന്‍ മുത്തി. അന്തരിച്ച എന്റെ അപ്പനെ ഓര്‍മ്മിക്കുന്ന ഒരു വികാരമായിരുന്നു അപ്പോള്‍.

സഭാസമൂഹത്തില്‍ ആരും കാണാതെ കിടന്ന മുത്തിനെ സഭ കണ്ടെത്തി മുത്തിയ ഒരനുഭവമായിരുന്നു ജസ്റ്റിസ് വിതയത്തിലിന്റെ മകന്‍ വര്‍ക്കിയെ സീറോമലബാര്‍ സഭയുടെ ഉത്തരവാദിത്വം ഏല്പിച്ചപ്പോള്‍ ഉണ്ടായത്.

ദൈവമെഴുതിയ രണ്ടു ഗ്രന്ഥങ്ങളാണ് വേദഗ്രന്ഥവും ഈ പ്രപഞ്ചവും എന്നു കരുതുന്നവരാണ് കത്തോലിക്കര്‍. ആ വിധത്തില്‍ വര്‍ക്കി പിതാവിനെ ഒരു വേദഗ്രന്ഥമായി ഞാന്‍ കരുതുന്നു. വചനം മാംസം ധരിച്ചു എന്നു സുവിശേഷകന്‍. മാംസം വചനത്തിന്റെയുമാണ്. വര്‍ക്കി പിതാവിനെ വായിക്കാന്‍ വിളിക്കപ്പെട്ടവനായി ഞാന്‍. അതിനുള്ള ധാരാളം സൗകര്യങ്ങള്‍ എനിക്കു കിട്ടി. എന്നെ സീറോ മലബാര്‍ സിനഡിന്റെ വക്താവായി സിനഡ് തീരുമാനിച്ചതിനു ശേഷം വര്‍ക്കി പിതാവ് എന്നെ വിളിച്ചു സമ്മതം ചോദിച്ചു, അതു ഞാന്‍ അംഗീകരിക്കുകയും ചെയ്തു. അപ്പോള്‍ പിതാവ് എന്നോടു പറഞ്ഞു. സത്യം മാത്രമേ പറയാവൂ, എന്നാല്‍ എല്ലാ സത്യവും പറയേണ്ടതില്ല. വര്‍ഷങ്ങളിലൂടെയുള്ള പത്രപ്രവര്‍ത്തനത്തില്‍ എനിക്കു കിട്ടിയ ഒരു വെളിപാടായിരുന്നു അത്. അത് അദ്ദേഹത്തിന്റെ വെറും ഉപദേശം മാത്രമായിരുന്നില്ല. സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കര്‍ദ്ദിനാളുമായിട്ടുള്ള അദ്ദേഹത്തിന്റെ ഈ വര്‍ഷങ്ങളിലൂടെയുള്ള ജീവിതത്തില്‍ എപ്പോഴും അദ്ദേഹം പാലിച്ച ഒരു ജീവിത പ്രമാണമായിരുന്നു അത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വാതായനങ്ങളായിരുന്നു - അകത്തേയ്ക്കു കടന്നു ചെല്ലാനുള്ള കവാടങ്ങള്‍. വാക്കുകളെ വാതായനങ്ങളാണ് എന്നു വരുത്തുകയും അവയെ വിദഗ്ധമായി സുന്ദരമായ മറകളോ തിരസ്‌കരണികളോ ആക്കുകയും ചെയ്യുന്ന തന്ത്രം അദ്ദേഹത്തിനറിയില്ല. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നു യേശു പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ, ആ സ്വാതന്ത്ര്യം കുരിശു തീര്‍ക്കും എന്നതാണ് അനുഭവം. വര്‍ക്കി പിതാവിനും അത്തരം കുരിശുകള്‍ ഉണ്ടായിട്ടുണ്ട്. തെറ്റിദ്ധാരണകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വാതില്‍ തുറക്കുന്ന ആത്മാര്‍ത്ഥതയുടെയും ആര്‍ജവത്വത്തിന്റെയും ഭാഷണം അദ്ദേഹം നടത്തി.

ഒരിക്കല്‍ സഭയിലെ മദ്യനിരോധന സമിതിക്കാര്‍ അവരുടെ പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനു വര്‍ക്കി പിതാവിനെക്കൊണ്ട് ഒരു പ്രസ് മീറ്റ് നടത്താന്‍ തുനിഞ്ഞു. മദ്യം ആരും തൊടരുത് എന്ന സന്ദേശം എഴുതിക്കൊടുത്തു. ഞാന്‍ പറഞ്ഞും കൊടുത്തു. പത്രസമ്മേളനത്തില്‍ ഏതാണ്ടു നാല്പതോളം ചെറുപ്പക്കാരായ മാധ്യമപ്രവര്‍ത്തകരുണ്ടായി. എല്ലാം നിശ്ചയിച്ച വിധത്തില്‍ നടന്നു. അവസാനം പത്രക്കാര്‍ക്ക് ചോദിക്കാനുള്ള അവസരമായി. ഒരാള്‍ ചോദിച്ചു. 'അല്പം വീഞ്ഞു ബുദ്ധിയെ തെളിയിക്കും എന്നു ബൈബിളിലുണ്ടല്ലോ, തിരുമേനി എന്തു പറയുന്നു?' ഇവിടെ അല്പമൊന്നുമല്ലല്ലോ കുടിക്കുന്നത്, അല്പം ആരോഗ്യത്തിനു നല്ലതാ''- എല്ലാവരും ചിരിച്ചു. മദ്യവിരുദ്ധ സമിതിയുടെ ഡയറക്ടറച്ചന്‍ കോപിച്ചു സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഒരു മാധ്യമക്കാരനും ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തില്ല. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഞാന്‍ ചോദിച്ചു. 'അന്ന് എന്തു പണിയാ കാണിച്ചേ, മദ്യം തൊടരുത് എന്നു പറയാനല്ലേ സമ്മേളനം! അല്പം കഴിക്കാം എന്നായി അതുമാറി''- അദ്ദേഹം പറഞ്ഞു. 'ഞാന്‍ എങ്ങനെയാ വീഞ്ഞു തൊടരുത് എന്നു പറയുന്നത്? ഞങ്ങളുടെ സംന്യാസഭവനങ്ങളില്‍ ഞാന്‍ ചേര്‍ന്ന കാലം മുതല്‍ സായിപ്പച്ചന്മാരുണ്ടായിരുന്നു. ഞങ്ങളുടെ വലിയ പെരുന്നാളുകളില്‍ വീഞ്ഞു വിളമ്പിയിരുന്നു. ഞാനും അതില്‍ പങ്കുകൊണ്ടിട്ടുണ്ട്.'' മെത്രാന്മാര്‍ കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നു പിതാവ് പറഞ്ഞതും ഇങ്ങനെ വിവാദപരമാവുകയും പിതാവിനോട് അതില്‍ വിഷമം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാരുമായും പാവങ്ങളെ സഹായിക്കുന്നതില്‍ സഹകരിക്കാം എന്നു പറഞ്ഞതും അദ്ദേഹത്തെ 'കമ്യൂണിസ്റ്റ്' കാരനാക്കി കാണാന്‍ ചിലര്‍ക്ക് ഇട നല്‍കി.

വാക്കുകള്‍ ഹൃദയത്തിന്റെ വാതായനങ്ങളാക്കി എന്നു പറയുമ്പോഴും വാക്കുകളെ മുറിപ്പെടുത്തുന്നതിനോ കൊച്ചാക്കുന്നതിനോ പറ്റിയ ആയുധങ്ങളാക്കാതിരിക്കാനുള്ള വിശുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രത്യക്ഷത്തില്‍ മിതഭാഷിയും കുടുംബാന്തരീക്ഷത്തില്‍ ആരോടും തര്‍ക്കിക്കുന്നവനുമായ അദ്ദേഹം രഹസ്യങ്ങള്‍ കാക്കുന്നതില്‍ ആരെയും അതിശയിപ്പിക്കുന്ന വിശ്വസ്തത കാണിച്ചിരുന്നു. വാക്കുകള്‍ സംബന്ധത്തിന്റെയും ആത്മാവിഷ്‌കാരത്തിന്റെയുംമാലാഖമാരായിരുന്നു, അദ്ദേഹത്തിന്.

സഭാപരവും സാമൂഹികവുമായ ചില പ്രശ്‌നങ്ങളിലെ നിലപാടുകള്‍ മാധ്യമങ്ങളുടെ മുമ്പിലവതരിപ്പിക്കാന്‍ പിതാവുമായി സംസാരിച്ചു തീരുമാനിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെയും സത്യവും നീതിയും ആത്മാര്‍ത്ഥതയും നിറഞ്ഞ ഉദാത്തമായ സമീപനങ്ങള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. അവിടെയൊക്കെ അദ്ദേഹം അനുധാവനം ചെയ്തത് ശുദ്ധമായ അദ്ദേഹത്തിന്റെ ക്രൈസ്തവമായ മനസ്സാക്ഷിയും സഭാനിയമങ്ങളുടെ ആന്തരിക ചൈതന്യവുമായിരുന്നു. ആ നടപടികള്‍ ഒട്ടും ഭാരമായി എനിക്കൊരിക്കലും തോന്നിയിട്ടുമില്ല.

പക്ഷേ, ഏതെങ്കിലും കമ്മിറ്റിയോ യോഗമോ പ്രശ്‌നങ്ങളെക്കുറിച്ചു ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അതു തന്നെയായിരിക്കും പിതാവ് ആവര്‍ത്തിക്കുക. ആ തീരുമാനം അത്ര പറ്റിയതല്ല എന്നു തോന്നിയാലും മറിച്ചു പറയില്ല. തന്റെ കൂടെ നില്‍ക്കുന്നവരെയും കീഴില്‍ ഉത്തരവാദിത്വങ്ങള്‍ ഏല്പിക്കപ്പെട്ടവരെയും ആദരിക്കുന്ന ഒരു സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. അത് അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ മഹത്വവും അതേസമയം അദ്ദേഹത്തിന്റെ ബലഹീനതയുമായി. മോശയെപ്പോലെ ധീരമായി ഒറ്റയ്ക്കു പുറപ്പാടുയാത്ര നയിച്ച നേതാവായിരുന്നില്ല വിതയത്തില്‍ പിതാവ്. പഴയ ഇറച്ചിക്കലമോഹികളുടെ തഴക്കങ്ങളും താല്പര്യങ്ങളും ഖണ്ഡിക്കാന്‍ അദ്ദേഹത്തിനു പ്രയാസമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വഴിവിട്ട നടപടികള്‍, മെത്രാന്‍ നിയമനങ്ങള്‍, ലിറ്റര്‍ജി പ്രശ്‌നങ്ങള്‍ ഇവിടെയൊക്കെ സ്വന്തം നിലപാടുകള്‍ നടപ്പിലാക്കുക എന്നതിനേക്കാള്‍ ഒരു ആശ്രമശേഷ്ഠന്റെ കൂട്ടുത്തരവാദിത്വ ശൈലിയാണ് അദ്ദേഹം പിന്തുടര്‍ന്നത്. ഈ ശുദ്ധ മനസ്സിനെ വല്ലവരും ചൂഷണം ചെയ്‌തോ എന്നറിയില്ല.

2006 ജനവരി 26-ാം തീയതി വര്‍ക്കി പിതാവ് അലഹബാദ് കുംഭമേളയില്‍ ചെയ്ത പ്രസംഗം ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ വളരെ ശ്രദ്ധിച്ചു. മനുഷ്യന്റെ ജീവിത തീര്‍ത്ഥാടനത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. തീര്‍ത്ഥാടനം പുണ്യസ്ഥലങ്ങളിലേക്ക് എന്നതിനേക്കാള്‍ ചുറ്റുമുള്ള മനുഷ്യരിലേക്കാണ് എന്നും മനുഷ്യനാണ് ഈശ്വരന്റെ മുഖമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ''പരംപൊരുളായ ഈശ്വരനിലേക്കു പോകുന്ന സഹയാത്രികരാണു നാം. എന്നാല്‍ ഞാന്‍ നിന്നിലേക്കും നീ എന്നിലേക്കും യാത്ര ചെയ്യുന്നവരുമാണ്. അപരന്‍ അത്യുന്നതന്റെ കണ്ണാടിയാണ്''. ഈ വിശ്വാസമാണ് വര്‍ക്കി പിതാവിന്റെ ജീവിത തീര്‍ത്ഥാടനത്തിന്റെ വ്യാഖ്യാനത്തിനുള്ള താക്കോല്‍.

2008 ജൂണ്‍ 2 മുതല്‍ 9 വരെ ഏഴുദിവസം ദിനംപ്രതി ഏതാണ്ട് രണ്ടു മണിക്കൂര്‍ വെച്ച് നടത്തിയ അഭിമുഖസംഭാഷണത്തിലാണ് 'തുറന്നമനസ്സോടെ' - ീറിമഹറ ശി്ൗ റസവ സവമിറ എന്ന അദ്ദേഹത്തിന്റെ ആത്മകഥാപരമായ ഗ്രന്ഥം ഞാന്‍ രചിച്ചത്. നേരത്തെ നല്‍കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആ മനസ്സ് ഒരു വിശുദ്ധഗ്രന്ഥം പോലെ വായിക്കാന്‍ എനിക്കു കഴിഞ്ഞു. പൂര്‍ണ്ണമായി മനസ്സിലാക്കിയെന്നോ തര്‍ജ്ജമ ചെയ്തുവെന്നോ അവകാശങ്ങളില്ല. അദ്ദേഹം പുസ്തകത്തില്‍ പറയുന്ന ഒരു വാചകമുണ്ട്. ''ആളുകളില്‍ നിങ്ങള്‍ ദൈവത്തെയാണു നോക്കുന്നത്''. ഞാന്‍ അത് അനുഭവിച്ചു. വീരോചിതമായ വിശുദ്ധിയുടെ മുഖത്തു നിന്നുള്ള വാക്കുകളാണു ഞാന്‍ കേട്ടത്. ആ വിശുദ്ധ ഗ്രന്ഥം മണ്ണില്‍ വീണടിയുന്നു, പുസ്തകം അക്ഷരങ്ങളായി അഴിയുന്നതുപോലെ. വി. അഗസ്റ്റിന്റെ എഴുത്തുകാരിയായിരുന്ന മെലാനിയായെപ്പോലെ പിതാവിന്റെ ജീവിതം മധുരതരമായ പലഹാരം പോലെ ആസ്വദിക്കാനും പങ്കുവെയ്ക്കാനും ഈയുള്ളവനും ഭാഗ്യമുണ്ടായി.

വായനയെ സ്‌നേഹിക്കുന്നവര്‍ക്കു വിര്‍ജീനിയ വുള്‍ഫ് വിഭാവനം ചെയ്ത നിത്യകിരീടം അദ്ദേഹത്തോടൊപ്പം നേടാന്‍ ഇടയാകട്ടെ. ഓര്‍മ്മയുടെ മെഴുകില്‍ ആലേഖിതമായ അദ്ദേഹത്തിന്റെ ജീവിതഗ്രന്ഥം എടുത്തുമുത്താന്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിതമാകട്ടെ.




ganangal


മറ്റു വാര്‍ത്തകള്‍

  12 »

 

varki_condelnse Discuss