Mathrubhumi Logo
  varky vithayathil

പിതാവിന്റെ ആഗ്രഹം, ദൈവത്തിന്റെ പദ്ധതി

Posted on: 01 Apr 2011



അധികാരത്തിന്റെ വഴികളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ആഗ്രഹിച്ചയാളായിരുന്നു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. അതുകൊണ്ടുതന്നെയാണ് അദ്ദേഹം 1946 കാലത്ത് വലിയ ഗ്ലാമറൊന്നുമില്ലാതിരുന്ന റിഡംപ്റ്ററിസ്റ്റ് സംന്യാസസഭയില്‍ ചേര്‍ന്നത്. സംന്യാസജീവിതത്തിന്റെ എളിയനിലകളില്‍ പ്രാര്‍ഥനാനിരതനായി ജീവിക്കാനായിരുന്നു വര്‍ക്കി വിതയത്തില്‍ കൊതിച്ചിരുന്നത്. എന്നാല്‍ ദൈവത്തിന്റെ തിരഞ്ഞെടുപ്പുകള്‍ മനുഷ്യരുടെ ആഗ്രഹങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അതീതമാണല്ലോ. ഒരു ദൈവികനിയോഗം പോലെയാണ് അധികാരങ്ങള്‍ തന്നെ തേടിയെത്തിയതെന്ന് വര്‍ക്കി വിതയത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റിസ് ജോസഫ് വിതയത്തില്‍ തന്റെ അന്ത്യകാലത്ത് മകന്‍ ഒരു ബിഷപ്പാകുന്നത് സ്വപ്‌നം കണ്ടിരുന്നു.

വൈദികനായ മകനെ അടുത്തുവിളിച്ച് ഒരിക്കല്‍ അദ്ദേഹം പറഞ്ഞു ''നിന്നെ ഒരു ബിഷപ്പായി കാണണം, ദൈവം അങ്ങനെ തോന്നിപ്പിക്കുന്നു...''

വര്‍ക്കി വിതയത്തില്‍ അന്ന് സ്വപ്‌നത്തില്‍ പോലും ഇത് ആഗ്രഹിച്ചിരുന്നില്ല. മാത്രമല്ല, റിഡംപ്റ്ററിസ്റ്റ് സഭയില്‍ പെട്ടവര്‍ക്ക് ബിഷപ്പാകുന്നതിന് ഒട്ടേറെ തടസ്സങ്ങളുമുണ്ടായിരുന്നു.

എന്നാല്‍ പിതാവ് തറപ്പിച്ചുപറഞ്ഞു ''നീ ഒരു ബിഷപ്പാകും, ഉറപ്പാണ്...''

''അതെങ്ങനെയാണ് അപ്പാ, എനിക്കിപ്പോള്‍ തന്നെ വയസ്സ് 60 കഴിഞ്ഞു. ബിഷപ്പിന്റെ സ്ഥാനാരോഹണത്തിനുശേഷം ഉടനെ മരണാനന്തര കര്‍മങ്ങളും ചെയ്യാന്‍ ആര്‍ക്കും താല്പര്യമുണ്ടാകില്ല.''

''അങ്ങനെയല്ല, നീ ഒരു ബിഷപ്പാകുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.'' പിതാവ് വീണ്ടും പറഞ്ഞു.

ഒരു ആത്മീയ മനുഷ്യനായിരുന്ന പിതാവിന്റെ വാക്കുകള്‍ പിന്നീട് യാഥാര്‍ഥ്യമായി.

സംന്യാസിയായിരിക്കുമ്പോള്‍ തന്നെ വര്‍ക്കി വിതയത്തില്‍ നടത്തിയ ഗവേഷണം സീറോ മലബാര്‍സഭയെക്കുറിച്ചുള്ളതായിരുന്നു എന്നത് യാദൃച്ഛികതക്കപ്പുറം ദൈവനിശ്ചയമായിരുന്നു എന്ന് അദ്ദേഹം പിന്നീട് തിരിച്ചറിഞ്ഞു.

''സീറോ മലബാര്‍ ഭരണക്രമത്തിന്റെ ഉത്ഭവവും വളര്‍ച്ചയും'' എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം. 1980ല്‍ ഇത് ഗ്രന്ഥമായി പ്രസിദ്ധീകരിച്ചു. പിന്നീട് തര്‍ക്കങ്ങളില്‍പ്പെട്ട് കലുഷിതമായ അന്തരീക്ഷത്തിലേക്കു നീങ്ങിയ സമയത്താണ് സീറോ മലബാര്‍ സഭയുടെ അമരക്കാരനായി അദ്ദേഹം എത്തിയത്.

സീറോ മലബാര്‍സഭയുടെ ഭരണകേന്ദ്രമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിന്റെ കെട്ടിടം വര്‍ഷങ്ങള്‍ക്കു മുമ്പ് ആശീര്‍വദിച്ചത് വൈദികനായ വര്‍ക്കി വിതയത്തിലായിരുന്നു.

അന്ന് വര്‍ക്കി വിതയത്തില്‍ ആശീര്‍വദിച്ച ബംഗ്ലാവ് ഉള്‍പ്പെടുന്ന ഭാഗമാണ് പിന്നീട് സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസ് ആയി മാറിയത്. ഒരു ദശാബ്ദം കഴിഞ്ഞ് മേജര്‍ ആര്‍ച്ച് ബിഷപ്പായി സെന്റ് തോമസ് മൗണ്ടിലെത്തിയപ്പോഴാണ് വര്‍ക്കി പിതാവ് ദൈവപദ്ധതിയുടെ നിഗൂഢമായ പൊരുളുകള്‍ തിരിച്ചറിഞ്ഞത്.






ganangal


മറ്റു വാര്‍ത്തകള്‍

  12 »

 

varki_condelnse Discuss