Mathrubhumi Logo
  varky vithayathil

ഹൃദയം തുറന്നത് വിവാദങ്ങളിലേക്ക്‌

ജിജോ സിറിയക്‌ Posted on: 01 Apr 2011

കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ഹൃദയം തുറന്നുള്ള സംഭാഷണമാണ് 'സ്‌ട്രെയിറ്റ് ഫ്രം ദി ഹാര്‍ട്ട്' എന്ന ഗ്രന്ഥം. ഫാ. ഡോ. പോള്‍ തേലക്കാട്ടുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള്‍തന്നെ വിവാദമായി. ഹൃദയം തുറന്നുള്ള സംഭാഷണമായതിനാല്‍, മറച്ചുപിടിക്കലുകളും വെള്ളപൂശലുകളുമൊന്നുമുണ്ടായില്ല.

ഇടതുപക്ഷത്തോട്, പ്രത്യേകിച്ച് മാര്‍ക്‌സിസ്റ്റ് -കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഗ്രന്ഥത്തിലുണ്ടെന്നായിരുന്നു ഒരുപക്ഷത്തിന്റെ ആക്ഷേപം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായതിനാല്‍ തങ്ങള്‍ക്കനുകൂലമെന്ന് വ്യാഖ്യാനിക്കാവുന്ന പരാമര്‍ശങ്ങള്‍ ഇടതുപക്ഷ മാധ്യമങ്ങള്‍ പെറുക്കിയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. സീറോ മലബാര്‍ സഭക്കുള്ളിലെ തര്‍ക്കങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മറ്റുചിലരെ അസ്വസ്ഥമാക്കി.

വൈദികര്‍ക്കും സംന്യാസികള്‍ക്കും മൂല്യച്യുതി സംഭവിക്കുന്നുവെന്നും ഉപഭോഗസംസ്‌കാരം ആശ്രമങ്ങളിലേക്കും കടന്നുചെല്ലുന്നു എന്നുമുള്ള പരാമര്‍ശങ്ങള്‍ വൈദികരടക്കമുള്ളവരെ അലോസരപ്പെടുത്തി. റീത്തുകള്‍ക്കിടയിലെ തര്‍ക്കങ്ങളെക്കുറിച്ചും റോമിന്റെ അധികാരങ്ങളെക്കുറിച്ചുമൊക്കെയുള്ള പരാമര്‍ശങ്ങളും പലരും സൂക്ഷ്മവിശകലനത്തിനു വിധേയമാക്കി. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലില്‍ പിതാവിന്റെ സാന്നിധ്യത്തില്‍പോലും ഇതുസംബന്ധിച്ച് ചൂടേറിയ ചര്‍ച്ച നടന്നു.

ഒരു സംന്യാസിവര്യന്റെ നിര്‍മമതയോടെയുള്ള പ്രതികരണങ്ങളെ പലരും തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വ്യാഖ്യാനിച്ച് വിവാദം സൃഷ്ടിക്കുവാന്‍ ഉത്സാഹിക്കുകയായിരുന്നു. എന്നാല്‍ വര്‍ക്കി പിതാവാകട്ടെ അചഞ്ചലനായിരുന്നു. 'ഞാന്‍ പറഞ്ഞത് പറഞ്ഞതുതന്നെ...' എന്ന മട്ടില്‍ അദ്ദേഹം ഉറച്ചുനിന്നു. വിവാദങ്ങളോട് പ്രതികരിക്കാനോ വാദിക്കാനോ അദ്ദേഹം നിന്നില്ല.യഥാര്‍ഥത്തില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സഭാവിരുദ്ധ- ദൈവവിരുദ്ധ നിലപാടുകളെ അദ്ദേഹം കടന്നാക്രമിക്കുകയാണ് ചെയ്തത്. ഹിന്ദുത്വ മൗലികവാദത്തേക്കാള്‍ മാര്‍ക്‌സിസ്റ്റ് മൗലികവാദമാണ് ഭീഷണിയെന്നുവരെ അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു.

ഇടതുപക്ഷത്തേക്കുറിച്ച് 'ഗവണ്‍മെന്റല്ല ഭരണം നടത്തുന്നത്, മറിച്ച് പാര്‍ട്ടിയാണ്. എവിടെയൊക്കെ ഭരണം കിട്ടുന്നുവോ അവിടെയൊക്കെ പാര്‍ട്ടി വളര്‍ത്താനുള്ള എല്ലാ തന്ത്രങ്ങളും അവര്‍ പയറ്റും. കേന്ദ്രത്തില്‍ ഭരണം കിട്ടിയാല്‍ അവരുടെ പ്ലാനും പദ്ധതിയും ഇന്ത്യ മുഴുവന്‍ നടപ്പാക്കാന്‍ ശ്രമിക്കും... സ്റ്റാലിന്റെയോ മാവോയുടെയോ ഭരണത്തില്‍ നിന്നും വ്യത്യസ്തമായിരിക്കില്ല അത്. സേനയെ പോലും അവര്‍ പാര്‍ട്ടിയുടെ വരുതിയിലാക്കും' എന്ന് കര്‍ശനമായി വിമര്‍ശിക്കുന്നു.

അതേസമയം ഒരു ഇടതുപക്ഷക്കാരന്റെ നന്മയെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും സന്നദ്ധത കാട്ടണമെന്നും അദ്ദേഹം പറയുന്നുണ്ട്. യുഡിഎഫില്‍ എല്‍ഡിഎഫിനേക്കാള്‍ ഗ്രൂപ്പുകളി കൂടുതലാണെന്ന വിമര്‍ശനവുമുണ്ട്. സഭ പഠിപ്പിക്കുന്ന സ്‌നേഹവും നീതിയും യഥാര്‍ഥത്തില്‍ നടപ്പായാല്‍ അന്ന് മാര്‍ക്‌സിസം അവസാനിക്കുമെന്നും അദ്ദേഹം പറയുന്നു.

കത്തോലിക്ക വിദ്യാഭ്യാസനയം സാമൂഹ്യനീതിയെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടിന് ഒരു പരിധിവരെ വിരുദ്ധമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. അധ്യാപക- അനധ്യാപക നിയമനത്തിനും വിദ്യാര്‍ഥി പ്രവേശനത്തിനും സഭ കോഴവാങ്ങിയിട്ടുണ്ടെന്നും താന്‍ പറഞ്ഞിട്ടുപോലും ചിലര്‍ ഇത് അവസാനിപ്പിക്കാന്‍ സന്നദ്ധരായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

''സംഭാവന സ്വീകരിച്ചവരോട് അത് തിരിച്ചുകൊടുക്കാന്‍ പോലും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനുസരിക്കാത്തപക്ഷം ഇവരെക്കുറിച്ച് സര്‍ക്കാരിന് വിവരം നല്‍കി അറസ്റ്റ് ചെയ്യിച്ച് ജയിലിലടയ്‌ക്കേണ്ടിവരുമെന്നും' താക്കീത് നല്‍കുന്നുണ്ട്.

സഭയില്‍ അധികാരികള്‍ സിംഹാസനത്തില്‍ ഇരിക്കുന്ന രീതിയും അധികാരഭാവത്തില്‍ ജനങ്ങളോട് ഇടപഴകുന്നതും മാറണം. സഭയ്ക്ക് രാഷ്ട്രീയം പാടില്ല. സഭയ്ക്ക് ഒറ്റപാര്‍ട്ടിയേ ഉള്ളൂ; അത് പരിശുദ്ധാത്മാവിന്റെ പാര്‍ട്ടിയാണ്. വൈദികര്‍ക്ക് മാനവിക പരിശീലനം പോരെന്ന തോന്നല്‍ വിശ്വാസികള്‍ക്കുണ്ട്. പാവപ്പെട്ടവരോടും പണക്കാരോടും അവര്‍ വിവേചനം കാട്ടുന്നത് ഇതിന് തെളിവാണ്. രൂപതാ വൈദികര്‍ക്കിടയില്‍ ബിഷപ്പിനോടുള്ള അനുസരണം കുറയുന്നു. സുഖത്തിനും സന്തോഷത്തിനും വേണ്ടിയുള്ള ദാഹം അവര്‍ക്കിടയില്‍ കൂടുന്നു.

വാഹനങ്ങളും മറ്റും സ്വന്തമാക്കാനാണ് അവര്‍ക്ക് ആഗ്രഹം. സംന്യാസികള്‍ക്കിടയില്‍ ദാരിദ്ര്യം, ബ്രഹ്മചര്യം അനുസരണം എന്നീവ്രതങ്ങളുടെ അനുഷ്ഠാനത്തില്‍ ഇടിവ് സംഭവിച്ചിരിക്കുന്നു. സഭയില്‍ സംന്യാസിനികള്‍ വിവേചനം അനുഭവിക്കുന്നു. ചിലയിടങ്ങളില്‍ വൈദികര്‍ സിസ്റ്റേഴ്‌സിനെക്കൊണ്ട് കഠിനമായി ജോലിചെയ്യിക്കുന്നു. വൈദികരെ ഭയന്ന് കഴിയുന്ന സിസ്റ്റേഴ്‌സുണ്ട്... എന്നിങ്ങനെയുള്ള സത്യസന്ധമായ തുറന്നുപറച്ചിലുകള്‍ സ്വാഭാവികമായും പലതലങ്ങളിലും അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. നഷ്ടപ്പെട്ട ആത്മീയ മൂല്യങ്ങളുടെ നിറവിലേക്ക് തന്റെ അജഗണങ്ങളെ ആനയിക്കാനുള്ള ഇടയന്റെ സ്‌നേഹപൂര്‍ണമായ ഉപദേശങ്ങളായിരുന്നു അവ. ഒരുപക്ഷേ വരുംതലമുറ വര്‍ക്കി വിതയത്തില്‍ പിതാവിനെക്കുറിച്ച് ഏറ്റവുമധികം ചര്‍ച്ചചെയ്യുക ഈ പുസ്തകത്തെ മുന്‍നിര്‍ത്തിയായിരിക്കും.






ganangal


മറ്റു വാര്‍ത്തകള്‍

  12 »

 

varki_condelnse Discuss