ഹൃദയങ്ങള്‍ കീഴടക്കിയ ശ്രേഷ്ഠ പിതാവ്
Posted on: 01 Apr 2011

ഒരു റിഡംപ്റ്ററിസ്റ്റ് സന്ന്യാസി എങ്ങനെ ഒരു വലിയ സഭയെ നയിക്കും? പോരാഞ്ഞിട്ട് പലയിടത്തും പ്രശ്‌നങ്ങള്‍ പുകയുന്ന കാലമായിരുന്നു അത്. തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഒരു സന്ന്യാസിയെ ഇവിടെ കുടിയിരുത്തി എന്ന് ആകുലപ്പെട്ടവരില്‍ വിശ്വാസികള്‍ മാത്രമല്ല, വൈദികരും ഉണ്ടായിരുന്നു.
എന്നാല്‍, വര്‍ഷം 14 പിന്നിടുമ്പോള്‍ സഭയൊന്നാകെ വര്‍ക്കി വിതയത്തിലിന്റെ ആത്മീയ നേതൃത്വത്തിന്റെ ശക്തി തിരിച്ചറിയുകയാണ്. ഭരണാധികാരിയുടെ അധികാരത്തെക്കാള്‍ ക്രിസ്തുസാക്ഷ്യത്തിന്റെ ഉദാത്ത മാതൃകയിലൂടെ അദ്ദേഹം ഹൃദയങ്ങള്‍ കീഴടക്കി. അതോടൊപ്പം വത്തിക്കാനുമായി കൂടുതല്‍ അടുത്തബന്ധം പുലര്‍ത്താനും അദ്ദേഹം ശ്രദ്ധിച്ചു.
സീറോ മലബാര്‍ സഭയ്ക്കുള്ളിലേയും അതിരൂപതയ്ക്കുള്ളിലേയും പ്രശ്‌നങ്ങളെ ആത്മീയമാനത്തോടെ അദ്ദേഹം സമീപിച്ചപ്പോള്‍ അവയെല്ലാം ആവിയായിപ്പോയി. ചങ്ങനാശ്ശേരി ഗ്രൂപ്പെന്നും എറണാകുളം ഗ്രൂപ്പെന്നും ചേരിതിരിഞ്ഞുള്ള സമരകാഹളങ്ങള്‍ കേള്‍ക്കാതായി. ലത്തീന്‍, മലങ്കര സഭകളുമായുള്ള ഐക്യം വര്‍ധിപ്പിച്ചു.
വിദ്യാഭ്യാസ പ്രശ്‌നമടക്കമുള്ള കാര്യങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കാനും തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാനും സഭയ്ക്ക് കഴിഞ്ഞതിനു പിന്നില്‍ വര്‍ക്കി പിതാവിന്റെ ആത്മീയപിന്തുണ ചെറുതല്ലായിരുന്നു.വര്‍ക്കി വിതയത്തില്‍ ഭരണമേറ്റ് ഒരു വര്‍ഷം കഴിഞ്ഞാണ് സീറോ മലബാര്‍ സഭയുടെ ആസ്ഥാനമന്ദിരമായ മൗണ്ട് സെന്റ് തോമസ് കാക്കനാട്ട് ഉദ്ഘാടനം ചെയ്തത്. 1998 നവംബര്‍ സീറോ-മലബാര്‍ സഭയുടെ പ്രഥമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയും നടന്നു. പൗരസ്ത്യ സഭാ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സമ്മേളനം ആദ്യമായിരുന്നു. ആരാധനാക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1999 ഏപ്രിലില്‍ മൗണ്ട് സെന്റ് തോമസ് കേന്ദ്രമാക്കി ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിച്ചത്.
1999 നവംബറില്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ മിഷന്‍ അസംബ്ലി നടന്നു.
തുടര്‍ന്ന് മിഷന്‍ സെക്രട്ടേറിയറ്റ് സ്ഥാപിച്ചതിനു പിന്നിലും വര്‍ക്കി പിതാവിന്റെ ഉത്സാഹമുണ്ടായിരുന്നു. തലശ്ശേരി രൂപത വിഭജിച്ച് ബല്‍ത്തങ്ങാടി രൂപതയുണ്ടായതും ഛാന്ദാ രൂപത വിഭജിച്ച് അഡിലബാദ് രൂപതയുണ്ടായതും കോതമംഗലം വിഭജിച്ച് ഇടുക്കി രൂപതയുണ്ടായതുമൊക്കെ ഇക്കാലത്താണ്.
2001ല്‍ ഷിക്കാഗോ കേന്ദ്രമാക്കി ഒരു രൂപത നിലവില്‍ വന്നു. 2000ലാണ് സെന്റ് തോമസ് ക്രിസ്ത്യന്‍ മ്യൂസിയം സ്ഥാപിച്ചത്. സീറോ മലബാര്‍ സഭയെ ശക്തിപ്പെടുത്താനും വിശുദ്ധീകരിക്കാനും അര്‍ഹമായ പദവികള്‍ നേടിയെടുക്കാനും വര്‍ക്കി പിതാവ് യത്‌നിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് 2009ല്‍ മൗണ്ട് സെന്റ് തോമസില്‍ നടന്ന അന്താരാഷ്ട്ര അല്‍മായ അസംബ്ലി. സഭയ്ക്ക് സ്വതന്ത്ര പാത്രിയര്‍ക്കാ പദവി ലഭിക്കുന്നതിനായി അദ്ദേഹം വത്തിക്കാനില്‍ മാര്‍പാപ്പയെ നേരിട്ട് സമീപിക്കുക വരെ ചെയ്തു.
പ്രാദേശികതലത്തിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ സഭയുടെ കൂട്ടായ്മ വര്‍ധിപ്പിച്ചു. ഇടപ്പള്ളി പള്ളി പ്രശ്‌നവും മലയാറ്റൂര്‍ പള്ളിയുമായി ബന്ധപ്പെട്ടുണ്ടായ ചില തര്‍ക്കങ്ങളും അദ്ദേഹം ഒരു സ്‌നേഹപിതാവിനെപ്പോലെ കൈകാര്യം ചെയ്തു.
മലയാറ്റൂര്‍ പള്ളി അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമായി ഉയര്‍ത്തിയതിനു പിന്നിലും അങ്കമാലി പള്ളി കത്തീഡ്രലായി ഉയര്‍ത്തിയതിനു പിന്നിലും വര്‍ക്കി പിതാവിന്റെ ശ്രമങ്ങളുണ്ടായിരുന്നു. വിശ്വാസധ്വംസനത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനും ശ്രമമുണ്ടായപ്പോള്‍ അദ്ദേഹം സൗമ്യത കലര്‍ന്ന കാര്‍ക്കശ്യത്തോടെ തന്റെ നിലപാടുകള്‍ വ്യക്തമാക്കി.
വിമോചനസമരത്തിന്റെ 50-ാം വാര്‍ഷികാചരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവോടെ അതിന് മുന്നിട്ടിറങ്ങി. വിമോചനസമരത്തിന് സമാനമായ ഒരു സാഹചര്യം ഇവിടെ സംജാതമാകുന്നുവെന്ന ക്രിസ്ത്യാനികളുടെ ആശങ്ക അദ്ദേഹം മറച്ചുവെച്ചില്ല.
ആശയപരമായി തനിക്കുള്ള വിരുദ്ധ നിലപാടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഇതര ചേരിയിലുള്ളവരുമായി സ്‌നേഹവും സൗഹൃദവും നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധവെച്ചു. അതിനാല്‍ തന്നെ വ്യത്യസ്ത രാഷ്ട്രീയകക്ഷികളില്‍പ്പെട്ടവര്‍ അദ്ദേഹത്തിന്റെ ഉറ്റചങ്ങാതിമാരായിരുന്നു.
അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന അവിസ്മരണീയ ചടങ്ങിലേക്ക് കേരളസഭയെ നയിച്ചതും വര്‍ക്കി പിതാവായിരുന്നു.
13 വര്‍ഷംകൊണ്ട് സഭയുടെ മാത്രമല്ല, കേരളീയ സമൂഹത്തിന്റെ തന്നെ ഹൃദയത്തില്‍ ഇടം നേടാന്‍ വര്‍ക്കി വിതയത്തിലിന് കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് ഇന്ത്യ ടുഡേ അദ്ദേഹത്തെ 'മാന്‍ ഓഫ് ദ ഇയര്‍' പദവി നല്‍കി ആദരിച്ചത്.