Mathrubhumi Logo
vs-nayakan_right
vs-nayakan_1st

സ്ഥാനാര്‍ഥികള്‍ക്ക് ആശ്വാസം

പി.എസ്. ജയന്‍ Posted on: 18 Mar 2011

എല്ലാം അവസാനിച്ചെന്ന് കരുതിയതാണ്. ഒടുവില്‍ കത്തുന്ന വേനലിലെ കുളിര്‍മഴപോലെ വീണ്ടും വി.എസ്. വന്നു. ഗ്രൂപ്പുവഴക്കിലേക്കും കാലുവാരലിലേക്കും വഴുതിമാറാവുന്ന തിരഞ്ഞെടുപ്പിന് പോരാട്ടവീര്യം പകരാനെങ്കിലും വി.എസിന്റെ 'പുനഃപ്രവേശം' സഹായിക്കുമെന്ന ആശ്വാസത്തിലാണ് ഇടതു സ്ഥാനാര്‍ഥികള്‍ ഇപ്പോള്‍.
വി.എസിന്റെ സ്ഥാനാര്‍ഥിത്വത്തോട് സി.പി.എം. സെക്രട്ടേറിയറ്റ് മുഖംതിരിച്ചപ്പോള്‍ ഇടതു സ്ഥാനാര്‍ഥികളുടെ ഉള്ളില്‍ഇടിത്തീവെട്ടിയതുപോലെയായിരുന്നു. തങ്ങള്‍ വി.എസിനുവേണ്ടി നിലകൊണ്ടിരുന്നുവെന്ന് ഒളിഞ്ഞും പതിഞ്ഞുമെങ്കിലും സി.പി.എമ്മിലെ പല പ്രമുഖരും സുഹൃദ് വലയങ്ങളില്‍ അടക്കം പറഞ്ഞിരുന്നു. ചിലര്‍ കണക്കുകള്‍കൊണ്ട് കാര്യംപറഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 140-ല്‍ നാല്‍പ്പതോളം നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമേ എല്‍.ഡി.എഫിന് മുന്നേറ്റമുണ്ടായുള്ളൂവെന്നാണ് സി.പി.എം തന്നെ വ്യക്തമാക്കിയിട്ടുള്ളത്. തിരിച്ചുപറഞ്ഞാല്‍ ഏറെക്കുറെ 40 സീറ്റുകളില്‍ ഇടതു സ്ഥാനാര്‍ഥികള്‍ക്ക് ഇക്കുറി മുന്‍തൂക്കം ലഭിച്ചേക്കാം. ബാക്കി നൂറില്‍ അറുപതോളം മണ്ഡലങ്ങളില്‍ രണ്ടായിരം മുതല്‍ മൂവായിരം വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് പിന്നാക്കം പോയതെന്നും സി.പി.എം. വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഒരു തീവ്രശ്രമം നടത്തിയാല്‍, സര്‍വ സന്നാഹങ്ങളുമായി മുന്നേറുകയായിരുന്ന യു.ഡി.എഫിനെ നേരിടാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് പല ഇടതുസ്ഥാനാര്‍ഥികളും ഊറ്റം കൊണ്ടിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വി.എസിനെ ചുറ്റിപ്പറ്റി വിവാദമുണ്ടായപ്പോള്‍ വി.എസിനെ വികസന വിരുദ്ധനെന്നും ന്യൂനപക്ഷ വിരുദ്ധനെന്നും ചിത്രീകരിച്ചത് സംസ്ഥാനത്തു നിന്നുള്ള ചില കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്നു. കേന്ദ്ര കമ്മിറ്റിയിലെ കേരള പ്രതിനിധികളുടെ പ്രത്യേക ചര്‍ച്ചയില്‍ അവര്‍ അന്ന് ഇക്കാര്യം ചൂണ്ടിക്കാണിച്ചതുമായിരുന്നു. എന്നാല്‍ ഇത്തവണ വി.എസിന് സീറ്റ് നിഷേധിക്കുമെന്നുറപ്പായപ്പോള്‍ മേല്‍പ്പറഞ്ഞ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ഥികളില്‍ പലര്‍ക്കും ഞെട്ടലുണ്ടായി.
ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം യു.ഡി.എഫിനുണ്ടെങ്കിലും ഇടമലയാര്‍, പാമോയില്‍, ഐസ്‌ക്രീം പാര്‍ലര്‍ കേസുകളിലൂടെ പോരാട്ടത്തിന് ഒരിടം നേടിക്കൊടുക്കുന്നതില്‍ വി.എസിന്റെ സാന്നിധ്യം നിര്‍ണായകമാണെന്ന് മിക്കവാറും സ്ഥാനാര്‍ഥികളും വിശ്വസിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടുമെന്ന പ്രതീക്ഷയുണ്ടായപ്പോള്‍ തന്നെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യാന്‍ പലരും വി.എസിനെ 'ബുക്ക്' ചെയ്യാന്‍ ശ്രമിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് തിരഞ്ഞെടുപ്പിന് വി.എസ്. വേണ്ടെന്ന സംസ്ഥാന സമിതി തീരുമാനമുണ്ടായത്. തുടര്‍ന്ന് രണ്ടുനാള്‍ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങളുണ്ടായി. കണ്ണൂര്‍, കോഴിക്കോട്, കൊല്ലം, കാസര്‍കോട്, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലാക്കമ്മിറ്റി യോഗങ്ങളില്‍ വി.എസിനെ മത്സരിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയവരുടെ മൗനാനുവാദത്തോടെയായിരുന്നു പലയിടങ്ങളിലും സംസ്ഥാന സമിതി തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നത്. വി.എസിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് ഗ്രൂപ്പുവഴക്കിന് അര്‍ധവിരാമമിടാന്‍ കഴിയുമെന്നും സ്ഥാനാര്‍ഥികളുടെ വിജയ സാധ്യത വര്‍ധിപ്പിക്കുമെന്നും ജില്ലാക്കമ്മിറ്റികളില്‍ അഭിപ്രായമുണ്ടായി. ഇടതുമുന്നണിയിലെ സീറ്റ് വിഭജനത്തില്‍ സംതൃപ്തരായവരും അല്ലാത്തവരും ഒരുപോലെ വി.എസിനുവേണ്ടി വാദിച്ചു. പതിവുപോലെ സി.പി.ഐ ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍ നിന്നു. വി.എസ്.പ്രചാരണ രംഗത്തിറങ്ങിയാല്‍ അത് വലിയ കാര്യം തന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ പരസ്യമായി പറഞ്ഞു. പല സി.പി.ഐ നേതാക്കളും തങ്ങള്‍ക്കുവേണ്ടി വി.എസ്. പ്രചാരണത്തിനിറങ്ങണമെന്ന് അദ്ദേഹത്തെ നേരിട്ടുകണ്ട് പറയുകയും ചെയ്തു. പലരും വെള്ളിയാഴ്ചത്തെ പൊളിറ്റ് ബ്യൂറോ യോഗത്തെ പ്രതീക്ഷയോടെ നോക്കി. അവരുടെ പ്രതീക്ഷ പാഴായില്ല. വി.എസിന്റെ രണ്ടാംവരവില്‍ തങ്ങളുടെ ഭാഗ്യതാരകമുദിക്കുമെന്ന് ഇടതുസ്ഥാനാര്‍ഥികള്‍ വീണ്ടും പ്രതീക്ഷിക്കുകയാണ്.



ganangal
Discuss