Mathrubhumi Logo
vs-nayakan_right
vs-nayakan_1st

നേതൃത്വത്തിന് നേരെ വിമര്‍ശം ഏറെ

Posted on: 18 Mar 2011

സി.പി.എം. കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് ഇതുപോലെ എതിര്‍പ്പും വിമര്‍ശവും നേരിടേണ്ടിവന്ന തിരഞ്ഞെടുപ്പുകാലം മുമ്പൊന്നും ഉണ്ടായിരിക്കില്ല.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ച സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ജില്ലാക്കമ്മിറ്റിയില്‍ ശക്തമായ വിമര്‍ശമാണ് ഉയര്‍ന്നത്. സംസ്ഥാനസമിതിയുടെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യാനെത്തിയത് കേന്ദ്രക്കമ്മിറ്റിയംഗം പി.കെ.ശ്രീമതിയായിരുന്നു. ഔദ്യോഗികപക്ഷത്തിന് ശക്തമായ പിന്തുണ നല്‍കാറുള്ള കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയില്‍ വി.എസിന് വേണ്ടി ഉയര്‍ന്ന വാദം ആര്‍ക്കും അവഗണിക്കാനാവുമായിരുന്നില്ല.
തൊട്ടു പിന്നാലെ തന്നെയാണ് പാര്‍ട്ടിയുടെ 'വികാര'മായ കൂത്തുപറമ്പ് സീറ്റ് ഐ.എന്‍.എല്ലിന് വിട്ടുകൊടുക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടത്. ഏത് അടവുനയത്തിന്റെ പേരിലായാല്‍പോലും കൂത്തുപറമ്പ് വിട്ടുകൊടുത്തതിന് ഒരു ന്യായീകരണവുമില്ലെന്ന് ഒട്ടേറെപ്പേര്‍ ചൂണ്ടിക്കാട്ടി.
കൂത്തുപറമ്പ് മണ്ഡലം വിട്ടുകൊടുത്ത നടപടിയാണ് ജില്ലാക്കമ്മിറ്റിയില്‍ ചൂടുള്ള ചര്‍ച്ചാവിഷയമായതെങ്കില്‍ വൈകീട്ട് ചേര്‍ന്ന തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥിയെച്ചൊല്ലിയായിരുന്നു കലാപം. സിറ്റിങ് എം.എല്‍.എ. സി.കെ.പി. പത്മനാഭന്പകരം യുവ നേതാവ് ജെയിംസ് മാത്യുവിനെയായിരുന്നു സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചത്. എന്നാല്‍ മണ്ഡലം കമ്മിറ്റി ഒന്നടങ്കം പത്മനാഭന് ഒരവസരം കൂടി നല്‍കണമെന്ന് വാദിച്ചു. ജില്ലാക്കമ്മിറ്റി തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ തളിപ്പറമ്പിലെത്തിയ എം.വി. ജയരാജന്റെ ന്യായവാദങ്ങള്‍ മണ്ഡലം കമ്മിറ്റിക്ക് സ്വീകാര്യമായിരുന്നില്ല. കര്‍ഷകസംഘവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് സി.കെ.പിക്ക് സീറ്റ് നിഷേധിക്കാന്‍ കാരണമായി എം.വി.ജയരാജന്‍ പറഞ്ഞത്. പക്ഷേ പ്രവര്‍ത്തകര്‍ക്ക് ഏറെ സ്വീകാര്യനായ സി.കെ.പിയെ മാറ്റുന്നതിലെ യുക്തിയെ അവര്‍ ചോദ്യം ചെയ്തു.
ഏറ്റവും ഒടുവില്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിക്ക് എതിരായ ശിക്ഷാനടപടിയും അണികള്‍ക്കിടയില്‍ പുതിയ ചര്‍ച്ചയാവുകയാണ്. ആരോപണവിധേയനായ ശശിയെ ആരോഗ്യപരമായ കാരണങ്ങള്‍ എന്നുപറഞ്ഞ് അവധിയെടുപ്പിച്ചശേഷം കഴിഞ്ഞ ദിവസം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയാണ് ചെയ്തത്. പിണറായിയുടെ ഏറ്റവും വിശ്വസ്തനായിരുന്നു ശശി. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ പരസ്യമായി പത്രപ്രസ്താവനയിറക്കിയശേഷം സംഘടനാപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ ശശിയെ മൃദുവായ ശിക്ഷ നല്‍കി പാര്‍ട്ടിയില്‍തന്നെ നിലനിര്‍ത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ ആശ്രിതവാത്സല്യമാണെന്നാണ് പുതിയ വിമര്‍ശം. ഇതും പിണറായി വിജയന് നേരെയാണുതാനും.



ganangal
Discuss