Mathrubhumi Logo
vs-nayakan_right
vs-nayakan_1st

മലമ്പുഴയില്‍ ആഹ്ലാദം

ജോര്‍ജ് പൊടിപ്പാറ Posted on: 18 Mar 2011

നിരാശ ആഹ്ലാദത്തിന് വഴിമാറി. 36മണിക്കൂര്‍ മുമ്പാണ് മലമ്പുഴക്കാരുടെ മനസ്സുതകര്‍ത്ത് വി.എസ്. അച്യുതാനന്ദന്‍ മത്സരിക്കില്ലെന്ന വാര്‍ത്ത വന്നത്. രോഷവും വേദനയും ഉള്ളിലൊതുക്കി അവര്‍ കാത്തിരുന്നു. 2006ലെപ്പോലെ ഒരത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷ കുറേപ്പേര്‍ക്കെങ്കിലുമുണ്ടായിരുന്നു.
നിരാശ ഉള്ളിലൊതുക്കിയ മ്ലാനമായ മുഖങ്ങളായിരുന്നില്ല വെള്ളിയാഴ്ച മലമ്പുഴയില്‍. പാര്‍ട്ടിക്കാരും അല്ലാത്തവരും വി.എസ്. മത്സരിക്കുന്ന വാര്‍ത്തയറിഞ്ഞ് സന്തോഷിച്ചു. ചിലര്‍ മധുരം പങ്കിട്ടു. പലേടത്തും പടക്കം പൊട്ടി. പ്രവര്‍ത്തകരുടെ ചെറുകൂട്ടങ്ങള്‍ ചെങ്കൊടിയും ആവേശവും തുളുമ്പുന്ന മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി.
മൂന്നാമൂഴത്തിന് വി.എസ്. മലമ്പുഴതന്നെ തിരഞ്ഞെടുക്കുമ്പോള്‍ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളുമൊക്കെ ആവിയാവുകയാണ്. വി.എസ്സിന് സ്ഥാനാര്‍ഥിത്വം നിഷേധിക്കുംമുമ്പുതന്നെ വി.എസ്. മണ്ഡലം മാറുമെന്ന് കിംവദന്തികള്‍ പരന്നു. ആലപ്പുഴ ജില്ലയിലും പത്തനംതിട്ട ജില്ലയിലുമൊക്കെ മണ്ഡലങ്ങള്‍ തേടുന്നതായി ചാനലുകളും ചില പത്രങ്ങളും ആഘോഷിച്ചു. അപ്പോഴും മലമ്പുഴക്കാര്‍ക്ക് ഉറപ്പുണ്ടായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട വി.എസ്. മത്സരിക്കുന്നെങ്കില്‍ അത് മലമ്പുഴയില്‍ത്തന്നെയാവും.
എങ്കിലും ചില ഖേദങ്ങളും സന്ദേഹങ്ങളും മലമ്പുഴയുടെ മനസ്സിലും ഹൃദയത്തിലുമുണ്ട്. തീര്‍ത്തും അനാവശ്യമായ നാടകങ്ങള്‍ എന്തിനായിരുന്നു.
2001ല്‍ മലമ്പുഴയെവരിച്ച വി.എസ്സിന് നേരിടേണ്ടിവന്നത് കടുത്ത മത്സരമായിരുന്നു. കെ.എസ്.യു. പ്രസിഡന്റായി പേരെടുത്ത സതീശന്‍ പാച്ചേനി കണ്ണൂരില്‍നിന്ന് വി.എസ്സിനെ നേരിടാന്‍ മലമ്പുഴയിലെത്തി. യു.ഡി.എഫ്.തരംഗം സംസ്ഥാനത്ത് ആഞ്ഞുവീശിയിട്ടും മലമ്പുഴ ഉലഞ്ഞില്ല. മലമ്പുഴയുടെ പ്രതാപത്തിനൊത്ത ഭൂരിപക്ഷം വി.എസ്സിന് കിട്ടിയില്ലെന്നതും നേര്. 4,703 വോട്ടിന്റെ ജയമാണ് മലമ്പുഴ വി.എസ്സിന് സമ്മാനിച്ചത്.
2001ലെ ജയം വി.എസ്സിന് നല്‍കിയത് പ്രതിപക്ഷനേതാവിന്റെ കസേര. പാര്‍ട്ടി നേതാവുമാത്രമായിരുന്ന വി.എസ്. ജനനേതാവും നാടിന്റെ മുഴുവന്‍ പോരാളിയുമായി രൂപാന്തരപ്പെട്ടതും ആ വിജയത്തോടെയായിരുന്നു.
നിഷേധിക്കപ്പെട്ട സ്ഥാനാര്‍ഥിത്വം കേരള ജനതയുടെയും പൊളിറ്റ്ബ്യൂറോയുടെയും മാത്രം സഹായത്തോടെ പിടിച്ചുവാങ്ങിയാണ് വി.എസ്. 2006ല്‍ മലമ്പുഴയുടെ മണ്ണിലെത്തിയത്. അത്ര രാജകീയമായി മറ്റാരും മലമ്പുഴയില്‍ മത്സരിക്കാനെത്തിയിട്ടില്ല. സതീശന്‍ പാച്ചേനിതന്നെ വീണ്ടും വി.എസ്സിനെ നേരിടാനെത്തി. ഭൂരിപക്ഷം 20,017ലേക്ക് കുതിച്ചുയര്‍ന്നു. മലമ്പുഴയില്‍നിന്ന് അനന്തപുരിയില്‍ മുഖ്യമന്ത്രിക്കസേരയിലേക്ക്.
ഇത്തവണ വി.എസ്സിനെ കാത്തിരിക്കുന്നത് സ്വന്തം പക്ഷക്കാര്‍ മാത്രമല്ല. പാര്‍ട്ടി മുഴുവന്‍ അദ്ദേഹം വേണമെന്ന് ആഗ്രഹിക്കുന്നു. പുതുശ്ശേരി ഏരിയാകമ്മിറ്റിയും ജില്ലാ കമ്മിറ്റിയും വി.എസ്. വേണമെന്ന് പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റും ജില്ലാകമ്മിറ്റിയും മലമ്പുഴ മണ്ഡലത്തില്‍ ആരെയും ഉള്‍പ്പെടുത്താതെ സ്ഥാനാര്‍ഥിപാനല്‍ നല്‍കി. വി.എസ്സിന് സീറ്റ് നിഷേധിക്കപ്പെട്ടതറിഞ്ഞപ്പോഴും ആരും ആഹ്ലാദിച്ചില്ല. 2006ലെപ്പോലെ തീവ്രമായ പ്രതികരണമുണ്ടായില്ലെന്നുപറയാം. പക്ഷേ, 2006ലെ അന്തരീക്ഷമല്ല ജില്ലയിലെ പാര്‍ട്ടിയില്‍. വി.എസ്സിന്റെ സാന്നിധ്യം ജില്ലയില്‍ പാര്‍ട്ടിക്കാരുടെയും പാര്‍ട്ടിയുടെയും ആവശ്യമായിരുന്നു.



ganangal
Discuss