Mathrubhumi Logo
vs-nayakan_right
vs-nayakan_1st

വി.എസ്സിന് വന്‍ ഡിമാന്‍ഡ്‌

വി.എസ്. ശ്യാംലാല്‍ Posted on: 18 Mar 2011

ഇപ്പോള്‍ എല്ലാവര്‍ക്കും വി.എസ്. അച്യുതാനന്ദനെ വേണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം ക്ലിഫ് ഹൗസിലെ ഫോണുകള്‍ക്കും വി.എസിന്റെയും പി.എ. സുരേഷിന്റെയും മൊബൈല്‍ ഫോണുകള്‍ക്കും വിശ്രമമുണ്ടായിരുന്നില്ല. വിളിച്ചതില്‍ ഭൂരിപക്ഷവും ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയവര്‍. പ്രചാരണത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കുകയാണ് ദൗത്യം. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ വി.എസല്ലാതെ മറ്റൊരാളെയും ഇപ്പോള്‍ അവര്‍ക്കു സങ്കല്പിക്കാന്‍ പോലുമാവുന്നില്ല. നെടുമങ്ങാട് മണ്ഡലത്തിലെ സി.പി.ഐ. സ്ഥാനാര്‍ഥി പി.രാമചന്ദ്രന്‍ നായര്‍ ഒരൂ പടി കൂടി മുന്നോട്ടു പോയി വി.എസിനെ ക്ഷണിക്കാന്‍ നേരിട്ടെത്തി. അനുയായികള്‍ക്കൊപ്പം കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസും വന്നു.
പക്ഷേ, മണിക്കൂറുകള്‍ക്കു മുമ്പ് സ്ഥിതി ഇതായിരുന്നില്ല. ക്ലിഫ് ഹൗസ് ആകെ സമ്മര്‍ദത്തിലായിരുന്നു. സന്ദര്‍ശകര്‍ക്ക് അപ്രഖ്യാപിത, അല്ലെങ്കില്‍ സ്വയംപ്രഖ്യാപിത വിലക്ക്. സി.പി.എം. സംസ്ഥാന 'നേതൃത്വ'ത്തെ പിണക്കാന്‍ അവര്‍ക്ക് താത്പര്യമില്ല. പക്ഷേ, ഒന്നും കൂസാതെ വി.എസിനെ പലരും വിളിക്കുന്നുണ്ടായിരുന്നു. സന്ദര്‍ശനാനുമതി ചോദിച്ചവര്‍ക്ക് അതു ലഭിച്ചില്ല എന്നു മാത്രം.
ഗൃഹനാഥനു മാത്രം ഒരു കൂസലുമുണ്ടായിരുന്നില്ല. 'ഇതെത്ര കണ്ടതാ' എന്ന ഭാവം. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്കു തന്നെ അദ്ദേഹം എഴുന്നേറ്റു. യോഗ ചെയ്തു. പിന്നെ സഹായിക്കൊപ്പം ക്ലിഫ് ഹൗസില്‍ അല്പസമയം ബാഡ്മിന്റണ്‍. കളിക്കുശേഷം ഉദ്യാനത്തില്‍ അല്പനേരം ഉലാത്തി. വിവിധ ആവശ്യങ്ങളും ആവലാതികളുമായി ചിലര്‍ സംസ്ഥാന മുഖ്യമന്ത്രിയെ കാണാന്‍ വന്നിരുന്നു. അവര്‍ക്കു പറയാനുള്ളത് അദ്ദേഹം ക്ഷമാപൂര്‍വം കേട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ട്, എങ്കിലും കഴിയുന്നത് ചെയ്യാമെന്നായിരുന്നു മറുപടി. പ്രാതല്‍ പൂര്‍ത്തിയാക്കി പത്രങ്ങളുടെ ലോകത്തേക്ക്.
രാവിലെ 10ന് എ.കെ.ജി. സെന്ററില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമുണ്ട്. വി.എസ്. ഇറങ്ങുന്ന ലക്ഷണമില്ല. പത്രങ്ങള്‍ക്കൊപ്പം ടെലിവിഷന്‍ ചാനലുകള്‍ മാറ്റി നോക്കി അദ്ദേഹം കസേരയില്‍ ഉറച്ചിരുന്നു. അപ്പോഴേക്കും അവെയ്‌ലബിള്‍ പി.ബി. യോഗം സംബന്ധിച്ച വാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നു. അതു കണ്ടിട്ടും വി.എസിന്റെ മുഖത്ത് ഭാവഭേദമില്ല.
ഇടയ്ക്ക് ചില ഫോണ്‍ വിളികള്‍. ജില്ലാതല നേതാക്കളായിരുന്നു വിളിച്ചവരില്‍ ഭൂരിഭാഗവും. കഴിയുന്നത്രയാളുകളോട് വി.എസ്. തന്നെ സംസാരിച്ചു. ഇതിനിടെ ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പുറത്തുപോയി. തിരികെ വന്നു വീണ്ടും ടെലിവിഷന്‍ വാര്‍ത്തകളുടെ ലോകത്തേക്ക്.
ഇടയ്‌ക്കൊരു ഫോണ്‍. പതിഞ്ഞ സ്വരത്തില്‍ മറുപടി പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ മുഖത്ത് ഗൗരവം. കണ്ടു നിന്നവര്‍ക്ക് ആകാംക്ഷ. ഡല്‍ഹിയില്‍ അവെയ്‌ലബിള്‍ പി.ബി. നടക്കുന്നു. അവിടെ നിന്നായിരുന്നോ ഫോണ്‍ എന്നു ന്യായമായും സംശയം. ചോദിക്കാനാര്‍ക്കും ധൈര്യമില്ല. മറുപടി ലഭിക്കുകയുമില്ല. അപ്പോഴേക്കും വാര്‍ത്ത വന്നു തുടങ്ങി - വി.എസിനെ മത്സരിപ്പിക്കാന്‍ പി.ബി. യോഗം സംസ്ഥാന സെക്രട്ടേറിയറ്റിനു നിര്‍ദേശം നല്‍കിയെന്ന്. ക്ലിഫ് ഹൗസിലെ ജീവനക്കാര്‍ക്കും വി.എസിന്റെ അനുയായികള്‍ക്കും ആഹ്ലാദം. വാര്‍ത്ത ശരിയാണോ എന്നറിയാനുള്ള ആകാംക്ഷ. മുഖ്യമന്ത്രിക്കു മാത്രം ഭാവമാറ്റമില്ല.
അറിയിപ്പു വന്നു - സി.പി.എമ്മിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സെക്രട്ടറി പിണറായി വിജയന്റെ പത്രസമ്മേളനം 12.45ന്. എല്ലാവരും ആകാംക്ഷയോടെ ടെലിവിഷന്‍ സ്‌ക്രീനിലേക്കു നോക്കി. സ്ഥാനാര്‍ഥികളുടെ പട്ടിക പിണറായി വായിച്ചു തുടങ്ങി. വടക്കു നിന്നു തെക്കോട്ട് എന്ന ക്രമത്തിലാണ് വായന. പതിനൊന്നാമതായി തലശ്ശേരി വന്നു - കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനാര്‍ഥി. മലമ്പുഴയുടെ സ്ഥാനം 39 ആണ്. 'വി.എസ്.അച്യുതാനന്ദന്‍' എന്ന പേര് വായിക്കുമ്പോള്‍ ഭാവഭേദം വരാതിരിക്കാന്‍ പിണറായി പരമാവധി ശ്രമിക്കുന്നതുപോലെ തോന്നി.
തിരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്ന ചോദ്യത്തിനുള്ള മറുപടിയായി ''വി.എസ്. അനിഷേധ്യ നേതാവാണ്, അദ്ദേഹം ലിസ്റ്റിലുള്ളപ്പോള്‍ ആ ചോദ്യത്തിനു പ്രസക്തിയുണ്ടോ'' എന്ന മറുചോദ്യം പിണറായി ഉന്നയിക്കുമ്പോള്‍ അതു കണ്ടുനിന്നവരുടെ മുഖത്ത് ചിരിപടര്‍ന്നു. വി.എസ്. നിര്‍നിമേഷനായി ടെലിവിഷന്‍ സ്‌ക്രീനില്‍ നോക്കിയിരുന്നു.
പത്രസമ്മേളനം കഴിഞ്ഞതോടെ ക്ലിഫ് ഹൗസിലേക്ക് മാധ്യമപ്പട കുതിച്ചെത്തി. വി.എസിനെ ഒന്നു കാണണം. കവാടത്തിനു മുന്നില്‍ സുരക്ഷാവലയം. അകത്തു പ്രവേശിക്കാനാവില്ല. കാത്തിരിപ്പ് നീളുകയായി. പി.എ. സുരേഷിന്റെ ഫോണിലേക്ക് തുടര്‍ച്ചയായ വിളികള്‍. അല്പം കഴിഞ്ഞപ്പോള്‍ സുരേഷ് പുറത്തെത്തി -''ഇന്നു കാണുന്നില്ല. പിന്നീട് കാണാമെന്ന് എല്ലാവരോടും പ്രത്യേകം പറയണമെന്ന് അദ്ദേഹം എന്നെ പറഞ്ഞേല്പിച്ചിരിക്കുകയാണ്''. അതോടെ മാധ്യമപ്രവര്‍ത്തകര്‍ മടങ്ങുകയായി.
ഉച്ചയ്ക്കുശേഷം ഫോണ്‍ പ്രവാഹം. വിളിച്ചവരെല്ലാം ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്നു. അവര്‍ക്ക് കാണാന്‍ അനുമതി ലഭിച്ചു. ഈ സമയത്താണ് സ്ഥാനാര്‍ഥികള്‍ വിളിച്ചു തുടങ്ങിയത്. എല്ലാവരോടും വി.എസ്. ഒരു മറുപടി തന്നെ പറഞ്ഞു -''ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കാം''. സ്ഥാനാര്‍ഥികളെല്ലാം പ്രതീക്ഷയിലാണ്. വി.എസ്. വന്നാല്‍ യുദ്ധം പകുതി ജയിച്ചു എന്ന് അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. പാര്‍ട്ടിയില്‍ വി.എസിനെ എതിര്‍ക്കാന്‍ മത്സരിക്കുന്നവര്‍ക്കുപോലും ഇപ്പോള്‍ ബലം നല്‍കുന്നത് ഈ വിശ്വാസമാണ്.



ganangal
Discuss