Mathrubhumi Logo
vs-nayakan_right
vs-nayakan_1st

നായകന്‍

എം.പി. സുരേന്ദ്രന്‍ Posted on: 18 Mar 2011

ചില കുരുക്കുകള്‍ ഒരിക്കലും അഴിച്ചെടുക്കാനാവില്ല. ഈ യാഥാര്‍ഥ്യം സി.പി.എം. വീണ്ടും തിരിച്ചറിയുന്നു. പുറത്തു കടക്കാന്‍ പറ്റാത്ത വഴുക്കന്‍ നിലങ്ങളിലാണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയ്ക്ക് ബോധ്യമാവാനും സമയമെടുത്തു.
വൈകിവരുന്ന ബുദ്ധിയാണ് എന്നും തങ്ങളുടെ പ്രശ്‌നമെന്ന് അവര്‍ക്കും ബോധ്യപ്പെട്ടിരിക്കണം. 2006ല്‍ നടന്ന വി.എസ്സിന്റെ സ്ഥാനാര്‍ഥിത്വം, അതേ തീവ്രതയോടെയല്ലെന്നും റിക്ചര്‍ സെ്കയിലില്‍ ആഘാതം കുറവാണെന്നും മാത്രമാണ് പാര്‍ട്ടിയുടെ ആശ്വാസം.
അഞ്ചുകൊല്ലത്തിനുശേഷം വിഭാഗീയതയുടെ പേരില്‍ സ്ഥാനാര്‍ഥിത്വം ഒരു നാടകമാവുന്നത് മാര്‍ച്ചില്‍ തന്നെയാണ്. എല്ലാം തനിയാവര്‍ത്തനം തന്നെ. വിദ്വാന്മാര്‍ക്കും മാറ്റമില്ല. പക്ഷേ, ഇത്തവണ തുടക്കം റിവേഴ്‌സ് ഗിയറിലായിരുന്നുവെന്നുമാത്രം. ആദ്യം പോളിറ്റ് ബ്യൂറോ തീരുമാനമെടുത്ത് ജില്ലാ ഘടകങ്ങള്‍വരെ അതെത്തിച്ചതു മാത്രമാണ് മാറ്റം.
പശ്ചിമബംഗാളില്‍ ബുദ്ധദേവ് ഇടതുമുന്നണിയെ നയിക്കുമെന്ന് പോളിറ്റ് ബ്യൂറോ പ്രഖ്യാപിച്ചു. അതേസമയം കേരളക്കാര്യത്തില്‍ മൗനംപാലിച്ചു. പി.ബി.യിലെ അംഗങ്ങള്‍ അവിടെയിരുന്ന് കേരളത്തിന്റെ പൊള്ളുന്ന ഭൂമിയിലൂടെ സഞ്ചരിക്കുകയുണ്ടായില്ല. നന്ദിഗ്രാമും സിംഗൂരും സൃഷ്ടിച്ച് പാര്‍ട്ടിയുടെ രാഷ്ട്രീയമുഖം തന്നെ മാറ്റിയ 'ബുദ്ധനെ' ബംഗാളില്‍ മുന്നണിയെ നയിക്കാന്‍ നിയോഗിക്കുകയും വി.എസ്സിനെ ഒരു മൗനത്തിലൂടെ ഒഴിവാക്കുകയും ചെയ്തപ്പോള്‍ പാര്‍ട്ടിയുടെ ചെറിയൊരു വിഭാഗം പ്രവര്‍ത്തകരിലും വലിയ വിഭാഗം അനുഭാവികളിലും ഉണ്ടാക്കിയ പുകച്ചില്‍ അവര്‍ കാണുകയുണ്ടായില്ല.
ഇത്തവണ വി.എസ്. തന്റെ പോരാട്ടഭൂമി സ്വയം സജ്ജീകരിച്ചിരുന്നു. വിദഗ്ധമായ ഒരു കീഴ്‌മേല്‍ മറിച്ചിലിലൂടെ സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പുവെച്ചു. നിയമയുദ്ധങ്ങളിലൂടെ ലോട്ടറി വിഷയം വീണ്ടും പുറത്തേക്കു കൊണ്ടുവന്നു. അവസാനത്തെ അടവെന്നപോലെ ഇടമലയാറും പാമോലിന്‍ കേസും വീണ്ടും വലിച്ചുപുറത്തേക്കിട്ടു. പെട്ടെന്ന് പാര്‍ട്ടിക്ക് സൃഷ്ടിച്ച ഈ ഇമേജ് വി.എസ്സിന്റേതു കൂടിയായിരുന്നു. എന്നിട്ടും ഈ പ്രതിഛായയെ കണ്ടില്ലെന്നു നടിച്ചാണ് പുന്നപ്ര-വയലാറില്‍ സമരം നയിച്ച ഏകനേതാവിനെ പാര്‍ട്ടി, മത്സരരംഗത്തുനിന്ന് പടികടത്തി പുറത്തു നിര്‍ത്തിയത്.
പാര്‍ട്ടിയുടെ ഔദ്യോഗികനേതൃത്വം 2006ലെ കയ്പുള്ള പാഠങ്ങള്‍ ഒഴിവാക്കി, സിലബസ് ഇത്തവണ പരിഷ്‌കരിച്ചു. 2006 മാര്‍ച്ച് 16ന് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി വി.എസ്. മത്സരിക്കേണ്ടെന്നു തീരുമാനിച്ചപ്പോള്‍ പാര്‍ട്ടിക്കു പുറത്തു നിന്നവര്‍പോലും ആ വിവാദത്തില്‍ എടുത്തുചാടിയിരുന്നു. അഞ്ചുദിവസം വി.എസ്സിനുവേണ്ടി കേരളസമൂഹത്തിന്റെ നല്ലൊരു പങ്ക് ഒന്നിച്ചുനിന്നു. പിന്നീട് പോളിറ്റ് ബ്യൂറോ മുന്‍ തീരുമാനം തിരുത്തി. ഔദ്യോഗികപക്ഷത്തിനുള്ള തിരിച്ചടി കൂടിയായിരുന്നു ആ തിരുത്തല്‍. മത്സരരംഗത്തേക്കു വന്ന വി.എസ്സിന്റെ തരംഗം ഇടതുമുന്നണിയുടെ വിജയത്തില്‍ വലിയ ഘടകമായി. പക്ഷേ, മുഖ്യമന്ത്രിയായശേഷം ഒളിവിലും തെളിവിലും വി.എസ്സിന് പോരാടേണ്ടിവന്നു. ഔദ്യോഗികമായി പാര്‍ട്ടി പിന്നിലുണ്ടായില്ല. ലാവലിന്‍ മുതല്‍ ലോട്ടറി വരെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയും വി.എസ്സും രണ്ട് ധ്രുവങ്ങളില്‍ നിന്നു. പാര്‍ട്ടിയുടെ കോര്‍പ്പറേറ്റ് മോഹങ്ങളെ വി.എസ്. പലഘട്ടത്തിലും തല്ലിക്കെടുത്തി. പാര്‍ട്ടി നേതൃത്വത്തിന്റെ ശാസനകള്‍ക്കും തരംതാഴ്ത്തലിനും അദ്ദേഹം പലതവണ വിധേയനായി. കൂടെ നിന്നവര്‍പോലും വി.എസ്സിനെ കൈവിട്ട സന്ദര്‍ഭമുണ്ടായി. എന്നിട്ടും, വി.എസ്. ആണ് ശരിയെന്ന് ഓര്‍മിപ്പിക്കാന്‍ നിശ്ശബ്ദരാക്കപ്പെട്ട അണികളില്‍ ഒരു വിഭാഗമുണ്ടായിരുന്നു.
വി.എസ്. ഒരേസമയം സഭാനേതാവും പ്രതിപക്ഷനേതാവുമായി പ്രവര്‍ത്തിക്കുന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കണ്ടത്. പാര്‍ട്ടിയും മുഖ്യമന്ത്രിയും ലാവലിന്‍ കേസിലും ലോട്ടറിക്കാര്യത്തിലും രണ്ട് വഴിയിലൂടെ സഞ്ചരിച്ചു. മുഖ്യമന്ത്രിയാവുന്നതിനു മുമ്പുള്ള നാളുകള്‍, വി.എസ്സിന്റെ തുറന്ന പോരാട്ടമായിരുന്നു. ചന്ദനമാഫിയ മുതല്‍ കിളിരൂര്‍ വരെയുള്ള സംഭവങ്ങളില്‍, വി.എസ്സിന്റേത് വേറിട്ട ശബ്ദമായിരുന്നു. അന്ന് വി.എസ്. അഴിമതിക്കാര്‍ക്കെതിരെ ധാരാളം വാളുകള്‍ കരുതിയെങ്കിലും മുഖ്യമന്ത്രിയായപ്പോള്‍ കൂടുതല്‍ സമയവും പുറത്തെടുത്തത് പരിചയാണ്.
അതുകൊണ്ടാവണം തിരഞ്ഞെടുപ്പ് വന്നപ്പോള്‍ വി.എസ്സിന്റെ കാലം അവസാനിപ്പിക്കാന്‍ ഔദ്യോഗികപക്ഷം തീരുമാനിച്ചു. മുഖ്യമന്ത്രിയായാലും ഇനി പ്രതിപക്ഷനേതാവായാലും വി.എസ്. പാര്‍ട്ടിയെ പ്രതിരോധത്തിലെത്തിക്കുമെന്ന് ഇടതുമുന്നണിക്കറിയാം. ഐക്യജനാധിപത്യമുന്നണിക്കും ആ തീരുമാനം രണ്ടര്‍ഥത്തില്‍ ഗുണകരമായിരുന്നു. ഒന്ന്, തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് മേല്‍ക്കൈ നല്‍കുന്ന തീരുമാനമായിരുന്നു അത്. മുഖ്യമന്ത്രിയേക്കാള്‍ ശക്തനാണ് വി.എസ്. എന്ന പ്രതിപക്ഷനേതാവ്. ആ ഭയവും ചിലര്‍ക്ക് ഇല്ലാതില്ല.
ഇത്തവണ എല്ലാ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ പോളിറ്റ് ബ്യൂറോ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ കോര്‍ട്ടിലേക്കിട്ടു. സംസ്ഥാന കമ്മിറ്റി വിദഗ്ധമായി അത് ജില്ലാ കമ്മിറ്റികളിലേക്ക് വിട്ടു. പാലക്കാട് ജില്ലാ കമ്മിറ്റി വി.എസ്സിന്റെ പേരുതന്നെ സ്ഥാനാര്‍ഥി ലിസ്റ്റില്‍നിന്ന് ഒഴിവാക്കി. ജന്മനാടായ ആലപ്പുഴയും അതേ വഴി തുടര്‍ന്നു. എന്നിട്ടും നാലഞ്ചു ജില്ലകള്‍ വി.എസ്സിന്റെ പേര് ചര്‍ച്ചയിലേക്ക് കൊണ്ടുവന്നു. അവിടെനിന്ന് വീണ്ടും അത് പുകഞ്ഞുകത്തി. ഈ ഘട്ടത്തിലാണ് പി.ബി. വീണ്ടും ഇടപെട്ട് വി.എസ്സിനെ മലമ്പുഴയിലേക്ക് കൊണ്ടുവരുന്നത്.
എന്നാല്‍, 2006ലെ വി.എസ്സില്‍നിന്നും 2011ലെ വി.എസ്സിലേക്ക് എത്താന്‍ വലിയ ദൂരമുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 'വി.എസ്. ഫാക്ടര്‍' ക്ലിക്ക് ചെയ്തില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മനഃസാക്ഷി വോട്ടിന് വി.എസ്. ആഹ്വാനം നല്‍കുകവരെ ചെയ്തു. തോല്‍വി, ആയുധമാക്കി ഔദ്യോഗികപക്ഷം വി.എസ്സിനെ സ്ഥാനത്തുനിന്ന് മാറ്റാനും ശ്രമം നടത്തിയിരുന്നു.
ഇത്തവണ പാര്‍ട്ടി ഔദാര്യപൂര്‍വ്വം വി.എസ്സിനു സീറ്റ് നല്‍കുന്നു എന്നൊരു സന്ദേശം പോളിറ്റ് ബ്യൂറോയുടെ പിന്നിലുണ്ട്. വി.എസ്. മത്സരിച്ചാലും ശക്തിയുടെ റേറ്റിങ്ങില്‍ വലിയ വ്യത്യാസമുണ്ടാവില്ലെന്ന തോന്നലും അവര്‍ക്കുണ്ട്. മണ്ണ് നേരത്തെത്തന്നെ ചോര്‍ന്നുപോയതായി അവര്‍ക്കറിയാം. എങ്കിലും പോളിറ്റ് ബ്യൂറോയുടെ തീരുമാനം ഔദ്യോഗിക നേതൃത്വത്തിനേറ്റ പ്രഹരമാണ്. ഇനി മുഖ്യമന്ത്രിയായില്ലെങ്കിലും പ്രതിപക്ഷനേതാവായി അവതാരമെടുത്താല്‍പോലും വി.എസ്. ഏകാംഗ പോരാളിയാവുമല്ലോ.



ganangal
Discuss