വി.എസ്സിന് സീറ്റില്ല
Posted on: 17 Mar 2011

തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് സി.പി.എം. സീറ്റ് നിഷേധിച്ചു. ബുധനാഴ്ച നാലുമണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. സെക്രട്ടേറിയറ്റിന്റെ ഈ തീരുമാനത്തെ ബുധനാഴ്ച ഉച്ചയ്ക്കുശേഷം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ഗണ്യമായ ഒരു വിഭാഗം എതിര്‍ത്തു. തുടര്‍ന്ന് വീണ്ടും യോഗം ചേര്‍ന്ന സെക്രട്ടേറിയറ്റ് വി.എസ്സിനെ മത്സരിപ്പിക്കാനാവില്ലെന്ന ആദ്യതീരുമാനത്തില്‍ ഉറച്ചുനിന്നു. പിന്നീട് ഈ തീരുമാനം സംസ്ഥാനസമിതിയും അംഗീകരിച്ചു.
നിയമസഭാതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നയിക്കണമെന്നും യോഗം തീരുമാനിച്ചു. പിണറായി വിജയന്‍ പാര്‍ട്ടിയെ നയിക്കണമെന്ന നിര്‍ദേശം യോഗത്തിലുയര്‍ന്നുവെങ്കിലും താന്‍ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്റെ പേര് പിണറായി തന്നെയാണ് നിര്‍ദേശിച്ചത്.
അതിനിടെ വി.എസ്സിന് സീറ്റ് നിഷേധിച്ച തീരുമാനത്തിനെതിരെ വി.എസ്സിന്റെ അനുയായികള്‍ പരസ്യപ്രതിഷേധം ഉയര്‍ത്തി. വിവിധ ഭാഗങ്ങളിലും വി.എസ്. അനുകൂല പ്രകടനങ്ങള്‍ നടന്നു.
വിവിധ ജില്ലാസെക്രട്ടേറിയറ്റുകള്‍ നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അംഗീകാരം നല്‍കുന്നതിനുവേണ്ടി ബുധനാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിന്റെ സിംഹഭാഗവും വി.എസ്സിന്റെ സ്ഥാനാര്‍ഥിത്വമായിരുന്നു ചര്‍ച്ച ചെയ്തത്. വി.എസ്സിനെതിരെ ഔദ്യോഗികപക്ഷത്തുനിന്ന് കനത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. പാര്‍ട്ടിക്കെതിരെ മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് സ്വീകരിച്ച നിലപാടുകള്‍ എടുത്തുകാട്ടിയായിരുന്നു വിമര്‍ശനം. വി.വി. ദക്ഷിണാമൂര്‍ത്തി, ഇ.പി. ജയരാജന്‍ എന്നിവരാണ് ശക്തമായ വിമര്‍ശനം നടത്തിയത്. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, ഡോ. തോമസ് ഐസക് എന്നിവരും വി.എസ്. മത്സരിക്കേണ്ടെന്നു വാദിച്ചു.
കനത്ത വിമര്‍ശനങ്ങള്‍ക്കിടയിലും സെക്രട്ടേറിയറ്റില്‍ വി.എസ്സിന് അനുകൂലമായ വാദങ്ങളും ഉയര്‍ന്നു. മന്ത്രിമാരായ പി.കെ. ശ്രീമതി, പി.കെ. ഗുരുദാസന്‍, ആനത്തലവട്ടം ആനന്ദന്‍, എം.വി. ഗോവിന്ദന്‍, എം.സി.ജോസഫൈന്‍ എന്നിവരാണ് വി.എസ്.മത്സരിക്കണമെന്ന് വാദിച്ചത്.
തനിക്കെതിരെ കനത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസാരിച്ച വി.എസ്. അച്യുതാനന്ദന്‍ താന്‍ ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ന്യായീകരിച്ചു. പാര്‍ട്ടിനിലപാട് തനിക്കെതിരായതിനാല്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച രാവിലെ 10 മുതല്‍ 11 മണിവരെ സെക്രട്ടേറിയറ്റ് യോഗവും തുടര്‍ന്ന് സംസ്ഥാനസമിതിയോഗവുമാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. വി.എസ്സിന്റെ സ്ഥാനാര്‍ഥിത്വത്തെ ചുറ്റിപ്പറ്റിയുള്ള സെക്രട്ടേറിയറ്റിലെ ചര്‍ച്ച നീണ്ടതോടെ സംസ്ഥാനസമിതിയോഗം വൈകിട്ട് മൂന്നുമണിയിലേക്ക് മാറ്റിയിരുന്നു.
തുടര്‍ന്ന് സംസ്ഥാനസമിതി മൂന്നുമണിക്കുതന്നെ യോഗം ചേര്‍ന്നെങ്കിലും വി.എസ്. അച്യുതാനന്ദന്‍ നാലുമണിയോടെയാണ് എത്തിയത്. സംസ്ഥാനസമിതിയില്‍ ഔദ്യോഗികപക്ഷത്തുള്ളവരടക്കം ഗണ്യമായ ഒരുവിഭാഗം അംഗങ്ങള്‍ വി.എസ്. മത്സരിക്കണമെന്നാവശ്യപ്പെട്ടു. മന്ത്രി ജി.സുധാകരന്‍, മന്ത്രി എസ്. ശര്‍മ, എം.വി. ജയരാജന്‍, സി.പി.നാരായണന്‍, പി.ശ്രീരാമകൃഷ്ണന്‍, കെ.കെ. ഷൈലജ എം.എല്‍.എ. ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ വി.എസ്. മത്സരിക്കണമെന്നാവശ്യപ്പെട്ടു. മന്ത്രി എളമരം കരീം, എം.എം.ലോറന്‍സ്, സി.എം. ദിനേശ്മണി, സി.കെ. സദാശിവന്‍ തുടങ്ങിയവര്‍ വി.എസ്. മത്സരിക്കരുതെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനസമിതിയില്‍ വി.എസ്. അനുകൂല ശബ്ദം മുഴങ്ങിയതിനെത്തുടര്‍ന്ന് യോഗം ഇടയ്ക്കുവെച്ച് നിര്‍ത്തി സെക്രട്ടേറിയറ്റ് യോഗം വീണ്ടും ചേര്‍ന്നു. എന്നാല്‍, സെക്രട്ടേറിയറ്റ് പഴയ നിലപാടില്‍ ഉറച്ചുനിന്നു. സംസ്ഥാ നത്ത് പാര്‍ട്ടിയെ ആര് നയിക്ക ണമെന്നത് സംബന്ധിച്ച് ത ങ്ങള്‍ക്ക് ഒരു നിര്‍ദ്ദേശവും വെയ്ക്കാനില്ലെന്ന് കേന്ദ്രനേതൃത്വ വും വ്യക്തമാക്കി. ഇതോടെ വി.എസ്സിനെ ഒഴിവാക്കിയുള്ള സ്ഥാനാര്‍ഥിപ്പട്ടിക അവതരിപ്പിച്ചു. സംസ്ഥാനസമിതി പട്ടിക അംഗീകരിക്കുകയും ചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, ഡോ. തോമസ് ഐസക്, പി.കെ. ഗുരുദാസന്‍, എം.എ. ബേബി, എ.കെ. ബാലന്‍ എന്നിവരും ഇ.പി. ജയരാജനും മത്സരിക്കാനാണ് തീരുമാനം. കേന്ദ്രകമ്മിറ്റിയംഗമായ എം.സി. ജോസഫൈനും സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. ഇവര്‍ക്കു പുറമെ മന്ത്രിമാരായ എസ്. ശര്‍മ, ജി. സുധാകരന്‍, എളമരം കരീം എന്നിവരെയും മത്സരിപ്പിക്കാന്‍ സി.പി.എം. തീരുമാനിച്ചിട്ടുണ്ട്.
പ്രചാരണത്തിനില്ലെന്ന് വി.എസ്.
തന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് സംസ്ഥാനസമിതിയില്‍ നടന്ന ചര്‍ച്ചയിലിടപെട്ട മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ താന്‍ പ്രചാരണരംഗത്തുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചു. അനാരോഗ്യമാണ് തന്നെ മത്സരിപ്പിക്കാതിരിക്കുന്നതിനുള്ള കാരണമായി പറയുന്നത്. അതിനാല്‍ 14 ജില്ലകളിലും കെട്ടിഎഴുന്നള്ളാനാവില്ല. ചില സ്ഥലങ്ങളില്‍ എത്താന്‍ ശ്രമിക്കാം.ചില കുറിപ്പുകളും ലേഖനങ്ങളും എഴുതാം- അദ്ദേഹം പറഞ്ഞു.