Mathrubhumi Logo
vs_achudnanandhan_right
vs_achudhanadhan_left

പഴയ ശൈലി വിട്ട് ഇനി പ്രചാരണരംഗത്തിറങ്ങുമോ?

ആര്‍. ഹരികുമാര്‍ Posted on: 17 Mar 2011

തിരുവനന്തപുരം: സി. പി. എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ബുധനാഴ്ച അക്ഷരാര്‍ത്ഥത്തില്‍ അരങ്ങേറിയത് വി. എസ്. അച്യുതാനന്ദനെതിരായ കുറ്റവിചാരണ തന്നെയായിരുന്നു. നാലുമണിക്കൂറിലേറെ നീണ്ട കുറ്റാരോപണങ്ങള്‍ക്കും ആരോപണശരവര്‍ഷത്തിനും മറുപടി പറഞ്ഞ വി. എസ്. ഇങ്ങനെയാണ് പ്രസംഗം അവസാനിപ്പിച്ചത് - ''പാര്‍ട്ടി തീരുമാനം എന്തായാലും ഞാന്‍ അത് അംഗീകരിക്കും''. വി. എസ്. അങ്ങനെ പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനശൈലി പരിചിതമായ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലും പുറത്തുമുള്ള അനുയായികളും അനുഭാവികളും അത് മുഖവിലയ്‌ക്കെടുക്കുന്നില്ല. പാര്‍ട്ടിയില്‍ താന്‍ ബലഹീനനാകുമ്പോള്‍ പാര്‍ട്ടിക്ക് വിധേയനെന്ന് ഭാവിക്കുക. അവസരം വരുമ്പോള്‍ തിരിച്ചടിച്ച് പാര്‍ട്ടിയെ വെട്ടിലാക്കുക. ഇതുവരെ പിന്തുടര്‍ന്നുവന്ന തന്ത്രം തന്നെ വി. എസ്. ഇനിയും സമര്‍ത്ഥമായി പയറ്റുമെന്നുതന്നെയാണ് അനുയായികളുടെ കണക്കുകൂട്ടല്‍. സംസ്ഥാനത്ത് തിരഞ്ഞെടുപ്പുരംഗം കൊഴുക്കുമ്പോള്‍ തിരിച്ചടിക്കുള്ള അവസരങ്ങള്‍ വി. എസിന് വീണുകിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ.

സീറ്റുനിഷേധിച്ച് തിരഞ്ഞെടുപ്പുമത്സരത്തില്‍ നിന്നും വി. എസിനെ നിഷ്‌കാസിതനാക്കിയെങ്കിലും തിരഞ്ഞെടുപ്പുരംഗത്ത് വി. എസ്. തന്നെയായിരിക്കും ഇനി വാര്‍ത്താകേന്ദ്രം. തനിക്ക് സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനത്തെ പരസ്യമായി ന്യായീകരിച്ച് വി. എസ്. രംഗത്തുവന്നില്ലെങ്കില്‍ ഇടതുമുന്നണിയും സി. പി. എമ്മും വലിയ പ്രതിരോധത്തിലാകും അകപ്പെടുക. പാര്‍ട്ടിയെ ന്യായീകരിക്കാന്‍ വി. എസ്. തയ്യാറാകുമോയെന്നതാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.

പാര്‍ട്ടി തീരുമാനിച്ചാല്‍ താന്‍ കണിശമായും മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തി രംഗത്തുവന്ന വി. എസ്. അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കുകയാണ് ചെയ്തിരിക്കുന്നത്. തനിക്ക് മത്സരിക്കാന്‍ ആരോഗ്യപ്രശ്‌നമോ മറ്റുവിധ ബുദ്ധിമുട്ടുകളോ ഇല്ലെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയായിരുന്നു വി. എസ്. ഈ പ്രഖ്യാപനത്തിലൂടെ. സീറ്റ് നിഷേധിക്കുമെന്ന് മുന്‍കൂട്ടി കണ്ടായിരുന്നു വി. എസിന്റെ നീക്കങ്ങള്‍. എന്തുകൊണ്ട് തനിക്ക് സീറ്റ് നിഷേധിച്ചുവെന്ന് ജനങ്ങളോടും പാര്‍ട്ടി അണികളോടും വിശദീകരിക്കേണ്ട ബാദ്ധ്യത പാര്‍ട്ടി നേതൃത്വത്തിന്റെ ചുമലില്‍വെച്ചുകൊടുക്കുകയാണ് വി. എസ്. ഇതുവഴി ചെയ്തിരിക്കുന്നത്.

കഴിഞ്ഞ കുറേ നാളുകളായി സി. പി.എമ്മിലെ വിഭാഗീയത വി.എസ്, പിണറായി എന്നീ രണ്ട് വ്യക്തികളെ കേന്ദ്രീകരിച്ചാണ് രൂപപ്പെട്ടിരുന്നതെങ്കിലും വി.എസ്. മന്ത്രിസഭ അധികാരമേറ്റതോടെ അത് രണ്ട് രാഷ്ട്രീയസമീപനങ്ങളുടെ ഏറ്റുമുട്ടലായി മാറിയിരുന്നു. ഡി.ഐ.സി. പ്രശ്‌നം, എ.ഡി.ബി. വായ്പ, മൂന്നാര്‍ ഒഴിപ്പിക്കല്‍ തുടങ്ങിയവയിലെല്ലാം പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇരു ചേരികളിലായിരുന്നു. ആ നിലയ്ക്ക് വി.എസിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയെന്നതിനര്‍ഥം വി.എസിന്റെ രാഷ്ട്രീയസമീപനം അംഗീകരിക്കുകയെന്നതാണ്. അതൊരിക്കലും പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അതാണ് തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെങ്കിലും വി.എസിന് സീറ്റ് നിഷേധിക്കുകയെന്ന കടുത്ത നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചത്.

വി.എസിന് സീറ്റ് നിഷേധിച്ച തീരുമാനംവഴി പാര്‍ട്ടി നേതൃത്വം നല്‍കുന്ന സന്ദേശം ഇതാണ് - ജനപ്രീതിയെക്കാള്‍ പാര്‍ട്ടി അച്ചടക്കവും പാര്‍ട്ടിയോടുള്ള വിധേയത്വവുമാണ് പാര്‍ട്ടിക്ക് പ്രധാനം.

തിരഞ്ഞെടുപ്പ് രംഗത്തുനിന്നും പാര്‍ട്ടിതന്നെ വിടുതല്‍ നല്‍കിയ സ്ഥിതിക്ക് എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വി.എസ്. ഇറങ്ങുമോയെന്നതും എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. നിലവില്‍ സി.പി.എം. കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമാണ് വി.എസ്. അച്യുതാനന്ദന്‍. ആ നിലയ്ക്ക് പാര്‍ട്ടി നിശ്ചയിക്കുന്ന ചുമതലകള്‍ തിരഞ്ഞെടുപ്പ് രംഗത്തായാലും സംഘടനാ രംഗത്തായാലും നിര്‍വഹിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. പാര്‍ട്ടി ഏല്പിക്കുന്ന തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുക്കാന്‍ വി.എസ്. തയ്യാറാകുന്നില്ലെങ്കില്‍ അത് വലിയൊരു ഏറ്റുമുട്ടലിന്റെ തുടക്കമാകും. പ്രതിപക്ഷ നേതാവായിരിക്കെ താന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രിയായപ്പോള്‍ പാലിക്കാന്‍ കഴിയാതെവന്ന അവസ്ഥയില്‍ പലരും മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് വി.എസിനെ ഉപദേശിച്ചിരുന്നു. രാജിവെയ്ക്കാതിരിക്കുന്നതും മറ്റൊരു സമരമാര്‍ഗമാണെന്നായിരുന്നു വി.എസ്. അവര്‍ക്കുനല്‍കിയ മറുപടി. അന്യസംസ്ഥാന ലോട്ടറി പ്രശ്‌നം ഉന്നയിച്ച പാര്‍ട്ടിയേയും മന്ത്രിസഭയിലേയും സഹപ്രവര്‍ത്തകരെ വെട്ടിലാക്കിയാണ് തന്റെ വാക്കുകള്‍ക്ക് പിന്നീട് വി.എസ്. സാധൂകരണം നല്‍കിയത്.

അത്തരമൊരു രീതിതന്നെ തുടര്‍ന്നും വി.എസ്. സ്വീകരിക്കുകയാണെങ്കില്‍ സീറ്റ് നിഷേധത്തോടെ രൂപപ്പെട്ട പ്രതിസന്ധി പാരമ്യതയിലെത്തും. തന്റെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ വി.എസ്. തയ്യാറാകുന്നില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന് അധികദൂരം താണ്ടാനുണ്ടാകുകയില്ലായെന്നതാണ് മറ്റൊരു സത്യം.




ganangal
Discuss