Mathrubhumi Logo
vs_achudnanandhan_right
vs_achudhanadhan_left

ആദ്യം ചിരിച്ചത് യു.ഡി.എഫ്.

ആര്‍.കെ. കുമാര്‍ Posted on: 17 Mar 2011

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചത് ആരാണ്? സ്മാര്‍ട്ട് സിറ്റി കൊണ്ടുവന്നതാരാണ്? ഐസ്‌ക്രീം കേസിലെ പുതിയ വരവുകള്‍ക്കിടയാക്കിയതാരാണ്? പാമോയില്‍ കേസ് ഇപ്പോഴും നുരഞ്ഞുപതയുന്നതെന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഇടതുജനാധിപത്യ മുന്നണിക്ക് ഒരു മറുപടിയേ ഉള്ളൂ -വി.എസ്. അച്യുതാനന്ദന്‍.

പക്ഷേ, ആ അച്യുതാനന്ദന്‍ ഇപ്പോള്‍ എവിടെയാണ്? ഐക്യജനാധിപത്യമുന്നണിയുടെ ഈ ഒറ്റചോദ്യമാണ് തിരഞ്ഞെടുപ്പുപോലെ പോര്‍മുഖത്ത് ഇടതുമുന്നണിയെ തളര്‍ത്താനിരിക്കുന്നത്.

വി.എസ്. വീണ്ടും നേതൃത്വം നല്‍കുമെന്നും ഉമ്മന്‍ചാണ്ടിയും മറ്റും കേസില്‍പ്പെടുമെന്നും സ്വപ്നം കണ്ട് കിടന്നവര്‍ കട്ടിലില്‍ നിന്ന് താഴെവീണ് ഞെട്ടിയുണര്‍ന്നിരിക്കുകയാണ്. സി.പി.എമ്മിന്റെ 'വി.എസ്. നിഗ്രഹ' തീരുമാനമറിഞ്ഞ് ഊറിച്ചിരിക്കുന്നത് യു.ഡി.എഫാണ്.

തിരഞ്ഞെടുപ്പുവന്ന് തലയില്‍ കയറിയപ്പോള്‍ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ വി.എസ്. നന്നായി വോട്ടാക്കുമെന്നായിരുന്നു അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞിരുന്നത്. വി.എസിന്റെ നേതൃത്വത്തില്‍ 'ഒരവസരംകൂടി' എന്ന് ചോദിച്ചാല്‍ ആരും വോട്ടുനല്‍കിപ്പോകുമെന്നായിരുന്നു എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ധാരണ. ഈ രീതിയില്‍ സി.പി.ഐ. നേതാക്കന്മാര്‍ ചില പ്രസ്താവനകളിറക്കുകയും ചെയ്തു. പക്ഷേ സി.പി.എം. എല്ലാം 'വെട്ടിനിരത്തി'.

വി.എസ്. അച്യുതാനന്ദനെതിരെ ശക്തമായ നീക്കം തുടങ്ങാന്‍ യു.ഡി.എഫ്. യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി വി.എസിനെതിരെ പ്രതിപക്ഷം ചന്ദനം, ലോട്ടറി വിഷയങ്ങളില്‍ ആഞ്ഞടിച്ചു. വി.എസിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയും പാര്‍ട്ടി പത്രവുമൊക്കെ രംഗത്തെത്തിയെങ്കിലും ഇപ്പോള്‍ കളരിക്ക് പുറത്തായി.

ഇത് യു.ഡി.എഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. പറഞ്ഞതു മുഴുവന്‍ ശരിയാണെന്ന് സി.പി.എം. തീരുമാനം വ്യക്തമാക്കുന്നതായി യു.ഡി.എഫിന് വ്യാഖ്യാനിക്കാം. ഇടതുസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പൊതുവേദിയില്‍ 'വെച്ചുകാച്ചുമ്പോള്‍' യു.ഡി.എഫിന് ഒറ്റചോദ്യം മതി 'എന്നിട്ട് എവിടെ ആ ഭരണനേതൃത്വം'?

സീറ്റ് വിഭജനചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അടുത്തഘട്ട പ്രവര്‍ത്തനങ്ങളിലേക്ക് യു.ഡി.എഫ്. തിരിയുന്ന ഘട്ടത്തിലാണ് വി.എസിനെ ഒഴിവാക്കുന്ന തീരുമാനം വന്നിരിക്കുന്നത്. പ്രതിസന്ധികള്‍ ഓരോന്നായി മറികടന്നെത്തിയ യു.ഡി.എഫ്. വി.എസ്. അച്യുതാനന്ദന്റെ അവസ്ഥകണ്ട് ഊറിച്ചിരിക്കുകയാണ്.





ganangal
Discuss