Mathrubhumi Logo
vs_achudnanandhan_right
vs_achudhanadhan_left

'ഒഴിഞ്ഞുമാറി ചുവടുറപ്പിച്ച് ' കോടിയേരി

പി.പി.ശശീന്ദ്രന്‍ Posted on: 17 Mar 2011

കണ്ണൂര്‍: വിഭാഗീയതയും പ്രത്യയശാസ്ത്രവിവാദവും സി.പി.എമ്മില്‍ കത്തിക്കാളിയപ്പോഴൊക്കെ ഒരാള്‍ പടികള്‍ കയറിക്കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ പാര്‍ട്ടി പുതിയ നിയമസഭാതിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ആ നേതാവ് പാര്‍ട്ടിയുടെ ഒന്നാമനായി കളത്തിലിറങ്ങുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന കോടിയേരി ബാലകൃഷ്ണനാണ് ആ നേട്ടത്തിന്റെ അവകാശി. വിഭാഗീയതയുടെ നാളുകളിലെല്ലാം കോടിയേരി ബാലകൃഷ്ണന്‍ ഔദ്യോഗികപക്ഷത്ത് നിലയുറപ്പിച്ചു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പിന്നില്‍ തന്നെ. പക്ഷെ എല്ലാവര്‍ക്കും കോടിയേരി സുഹൃത്തായിരുന്നു. വി.എസ്.അച്യുതാനന്ദനോ വി.എസ്. പക്ഷത്തിനോ കോടിയേരി ഒരിക്കലും 'ശത്രു' ആയതുമില്ല. രാഷ്ട്രീയത്തിലെ ഈ മെയ്‌വഴക്കം കോടിയേരിയെ ആഭ്യന്തരമന്ത്രിപദത്തില്‍ എത്തിച്ചു. കോയമ്പത്തൂരില്‍നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍വെച്ച് കോടിയേരി പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അന്ന് പി.ബി.യിലേക്ക് പരിഗണിക്കപ്പെടാന്‍ ഒന്നിലേറെ പേരുകള്‍ കേരളഘടകം മുന്നോട്ടുവെച്ചിരുന്നു. പോരുകോഴികളെപ്പോലെ നിന്ന പിണറായിക്കും വി.എസ്സിനും പക്ഷെ കോടിയേരിയുടെ പേരില്‍ ഒരേ മനസ്സായിരുന്നു. അന്ന് കോടിയേരിയുടെ പി.ബി. പ്രവേശനത്തിന് പച്ചക്കൊടി കാട്ടിയ വി.എസ്. പിന്നീട് പി.ബി.യില്‍നിന്ന് പുറത്തായി എന്നത് മറ്റൊരുകഥ.

കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് പ്രതിപക്ഷ നേതാവായ വി.എസ്.അച്യുതാനന്ദനുപിന്നില്‍ കോടിയേരി ഉപനേതാവായിരുന്നു. വി.എസ്. മുഖ്യമന്ത്രിയായപ്പോള്‍ രണ്ടാമനായി പിണറായി വിജയന്‍ മുന്നോട്ടുവെച്ചത് കോടിയേരി ബാലകൃഷ്ണന്റെ പേര് തന്നെ. മുഖ്യമന്ത്രി കൈവശംവെച്ചിരുന്ന ആഭ്യന്തരവകുപ്പ് കോടിയേരിക്ക് വാങ്ങിക്കൊടുത്തത് പിണറായിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷത്തിന്റെ വാശിയും മത്സരബുദ്ധിയുമായിരുന്നു.

വകുപ്പുകളുടെപേരില്‍ വി.എസ്. സര്‍ക്കാരിന്റെ ആദ്യനാളുകളില്‍ നടന്ന പോരാട്ടം ചെറുതായിരുന്നില്ല. താനൊരു ഉപകരണംമാത്രം എന്നമട്ടില്‍ മൗനിയായി നിന്ന കോടിയേരിയില്‍ കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടു. വി.എസ്സിനും പിണറായിക്കുമൊപ്പം പൊളിറ്റ് ബ്യൂറോയിലേക്ക് കോടിയേരികൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളുടെ എണ്ണമാണ് കൂടിയത്. സമവായത്തിന്റെ ഭാഷയായിരുന്നു കോടിയേരിയുടെ ശക്തി.

പതുക്കെ പതുക്കെ 'അച്ചടക്കലംഘന'ത്തിന്റെ പേരില്‍ വി.എസ്സ്. കേന്ദ്രനേതൃത്വത്തിന് അനഭിമതനായി ത്തുടങ്ങിയപ്പോള്‍ അവിടെ കോടിയേരിയുടെ സ്വീകാര്യതയാണ് കൂടിയത്. വിഭാഗീയതയുടെപേരില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ കോടിയേരി മിനക്കെട്ടില്ല. എല്ലാറ്റിനെയും ചിരിച്ചുകൊണ്ട് നേരിട്ട് ഒഴിഞ്ഞുമാറി നടന്ന കോടിയേരിയുടെ സമീപനം നേതൃത്വത്തിന് ബോധിച്ചു.

പക്ഷേ ഏറ്റവും ഒടുവില്‍ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ കേരളക്കാര്യം ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ശരിയായ ഔദ്യോഗിക പക്ഷക്കാരനായി. പാര്‍ട്ടിക്ക് അതീതനായി നില്‍ക്കുന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നടപടികളെ കോടിയേരി വിമര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വര്‍ഷങ്ങളായി ഉയര്‍ത്തിക്കൊണ്ടുവന്ന കാര്യങ്ങള്‍ കോടിയേരി നിര്‍ണായകയോഗത്തില്‍ ശക്തിയായി ആവര്‍ത്തിച്ചതോടെ പ്രശ്‌നം കേരളഘടകത്തിന് വിടാനാണ് പി.ബി.യും കേന്ദ്രക്കമ്മിറ്റിയും തീരുമാനിച്ചത്. അവിടെ രണ്ട് പി.ബി. അംഗങ്ങള്‍ ഒരേ സ്വരത്തിലാണ് വി.എസ്സിനെ കടന്നാക്രമിച്ചത്. അതേ സമയം വി.എസ്സിന് എതിരെ നിറയൊഴിച്ച കോടിയേരിയുടെ നീക്കം 'ദീര്‍ഘവീക്ഷണ'ത്തോടെ ഉള്ളതാണെന്ന് വി.എസ്. പക്ഷം അപ്പോള്‍ത്തന്നെ ആക്ഷേപം ഉയര്‍ത്തിയിരുന്നു. 'ലാവ്‌ലിന്‍പ്രശ്‌നം കാരണം പിണറായി വിജയന്‍ മത്സരരംഗത്ത് ഇറങ്ങില്ല; വി.എസ്. മാറിനില്‍ക്കാന്‍ നിര്‍ബന്ധിതനായാല്‍ നേതൃസ്ഥാനത്തേക്ക് സ്വമേധയാ എത്താം'-കോടിയേരിയുടെ കണക്കുകൂട്ടല്‍ ഇതാണെന്നായിരുന്നു വിമര്‍ശനം. ആക്ഷേപവും വിമര്‍ശനവും എന്തുതന്നെയായിരുന്നാലും ആ കാര്യം തന്നെയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിമാറുന്നത്.

വി.എസ്സ്. മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ച ബുധനാഴ്ചത്തെ സെക്രട്ടേറിയറ്റ്‌യോഗത്തിലും പിണറായി വിജയന്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിക്കണമെന്നാണ് കോടിയേരി ആവശ്യപ്പെട്ടത്. പക്ഷെ അതിനുമുമ്പുതന്നെ കോടിയേരി ബാലകൃഷ്ണന് വേണ്ടി തലശ്ശേരിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു എന്നവാര്‍ത്തകള്‍ പുറത്തുവിട്ടതും പാര്‍ട്ടികേന്ദ്രങ്ങള്‍ തന്നെ. കോടിയേരിയുടെ ആവശ്യം നിരാകരിച്ച പിണറായി വിജയന്‍ താന്‍ മത്സരത്തിനില്ല എന്നാണ് യോഗത്തെ അറിയിച്ചത്. വി.എസ്സും പിണറായിയും ഇല്ലെന്നായതോടെ പടനായകന്റെ സ്ഥാനത്തേക്ക് കോടിയേരി അവരോധിക്കപ്പെടുകയായിരുന്നു.

വിദ്യാര്‍ഥി-യുവജന നേതാവായി സി.പി.എമ്മിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവന്ന കോടിയേരി ഇത്തവണ വീണ്ടും തലശ്ശേരിയില്‍ ജനവിധിതേടുന്നത് മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന പരിവേഷത്തോടെയാണ്. നേരത്തെ തലശ്ശേരിയില്‍ എം.എല്‍.എ.യായിരുന്ന സി.പി.എം. നേതാവ് എം.വി.രാജഗോപാലന്‍ മാസ്റ്റരുടെ മകളുടെ ഭര്‍ത്താവാണ് കോടിയേരി. രാജഗോപാലന്‍ മാസ്റ്റര്‍ക്ക് ശേഷം തലശ്ശേരിയുടെ ജനപ്രതിനിധിയായി കോടിയേരി നിയമസഭയിലെത്തി. 1982, 1987, 2001, 2006 തിരഞ്ഞെടുപ്പുകളില്‍ തലശ്ശേരിയില്‍ കോടിയേരിതന്നെ ജയിച്ചു. ഇടക്കാലത്ത് കെ.പി.മമ്മുമാസ്റ്റരും ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഇ.കെ.നായനാരും ഇവിടെനിന്ന് ജയിച്ചതൊഴിച്ചാല്‍ 20 വര്‍ഷത്തെ നിയമസഭാപ്രവര്‍ത്തനത്തിന് കോടിയേരി വേദിയാക്കിയത് തലശ്ശേരിതന്നെ.





ganangal
Discuss