Mathrubhumi Logo
vs_achudnanandhan_right
vs_achudhanadhan_left

പാര്‍ട്ടിക്ക് വേണ്ടാതാക്കി; പിന്നെ ഒഴിവാക്കി

അനീഷ് ജേക്കബ്ബ്‌ Posted on: 17 Mar 2011

തിരുവനന്തപുരം: 'സ്ഥിതി സ്‌ഫോടനാത്മകം.' 2006-ല്‍ വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന സമിതിയില്‍ നിലനില്‍ക്കുന്ന സ്ഥിതിയെക്കുറിച്ച് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. 2011-ല്‍ ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ വാക്‌സിന്‍ പാര്‍ട്ടി എടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞകുറി ഉണ്ടായതുപോലുള്ള പ്രതിഷേധങ്ങള്‍ അലയടിക്കുമെന്ന് പാര്‍ട്ടി കരുതുന്നില്ല. സീറ്റുവിഭജനത്തിന്റെ പേരില്‍ ഇപ്രാവശ്യം പരസ്യമായ പ്രതികരണങ്ങള്‍ പാര്‍ട്ടി വിലക്കിയിട്ടുമുണ്ട്. ആര്‍ക്കും വേണ്ടതാക്കി വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കുകയാണ് പാര്‍ട്ടി ചെയ്തത്. 2006ലും 2011ലും വി.എസിന് സീറ്റ് നിഷേധിച്ച വഴികള്‍ നോക്കുക.

2006-ല്‍ വി. എസിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു പൊളിറ്റ് ബ്യൂറോയില്‍ ഉണ്ടായ ധാരണ. ഈ നിര്‍ദേശം കേന്ദ്ര കമ്മിറ്റിയില്‍ വന്നപ്പോള്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ശക്തമായി എതിര്‍ത്തു. വീണ്ടും പി.ബി ചേര്‍ന്ന് ഈ വിഷയം സംസ്ഥാന നേതൃത്വത്തിന് വിട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് വി.എസിന്റെ സ്ഥാനാര്‍ഥിത്വം നിരസിച്ചു. എന്നാല്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇത് ചര്‍ച്ചയ്ക്കുവന്നപ്പോള്‍ വി. എസിന് അനുകൂലമായി 27 പേരും അദ്ദേഹത്തെ എതിര്‍ത്ത് 25 പേരും സംസാരിച്ചു. പക്ഷേ വോട്ടിങ്ങിലേക്ക് കാര്യങ്ങള്‍ നീങ്ങിയില്ല. പ്രശ്‌നം വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യാന്‍ പ്രകാശ് കാരാട്ട് നിര്‍ദേശിച്ചു. എന്നാല്‍ ആവര്‍ത്തിച്ചുള്ള ചര്‍ച്ചയിലും സെക്രട്ടേറിയറ്റിന് വി.എസിന്റെ പേര് സ്വീകാര്യമായില്ല. തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ടുള്ള പട്ടിക സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

2011 ആയപ്പോള്‍ സ്ഥിതി ആകെ മാറുന്നു. സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും ഇക്കുറി വി. എസിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ചര്‍ച്ച നടന്നു. എന്നാല്‍ തീരുമാനമുണ്ടായില്ല. തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിടുന്നു. കേന്ദ്രകമ്മിറ്റിയിലും തീരുമാനമുണ്ടായില്ല. തുടര്‍ന്ന് വീണ്ടും സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങള്‍. എന്നാല്‍ തീരുമാനം ഈ സമിതികള്‍ കൈക്കൊണ്ടില്ല. ജില്ലാ കമ്മിറ്റികള്‍ക്കുവിട്ടു. അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന മലമ്പുഴ ഉള്‍പ്പെട്ട പാലക്കാട് ജില്ലാ കമ്മിറ്റി പോലും വി.എസിന്റെ പേര് ഉള്‍പ്പെടുത്തിയല്ല സ്ഥാനാര്‍ഥിപ്പട്ടിക നല്‍കിയത്. വീണ്ടും പ്രശ്‌നം സംസ്ഥാന നേതൃത്വത്തിന് വന്നു. 2006-ല്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ഔദ്യോഗിക പക്ഷത്തിന് സെക്രട്ടേറിയറ്റില്‍ മൃഗീയ ഭൂരിപക്ഷമുണ്ട്. തീരുമാനം വി.എസിന് എതിരായി. അത് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു.

മുന്‍കൂട്ടി ഔദ്യോഗിക വിഭാഗം തയ്യാറാക്കിയ തിരക്കഥയുടെ സാരംശം വളരെ വ്യക്തമാകുന്നു. ജില്ലാ കമ്മിറ്റി മുതല്‍ കേന്ദ്ര കമ്മിറ്റി വരെ ഒരു ഘടകവും വി. എസ്. വീണ്ടും മുഖ്യമന്ത്രിയാകുന്നതിനെയോ മുന്നണിയെ നയിക്കുന്നതിനെയോ അനുകൂലിക്കുന്നില്ലെന്ന കാര്യം പാര്‍ട്ടി കേഡറിന് മനസ്സിലാക്കിക്കൊടുക്കുകയെന്നതായിരുന്നു നേതൃത്വത്തിന്റെ നിലപാട്. കേഡറുകള്‍ക്ക് മാത്രമല്ല, അച്യുതാനന്ദന്‍ വരണമെന്ന് മനസുകൊണ്ട് ആഗ്രഹിക്കുന്ന മുന്നണിയിലെ ഘടകകക്ഷികള്‍ക്കും കൂടിയുള്ള ചുവരെഴുത്താണിത്.

വി. എസിന്റെ സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ പാര്‍ട്ടി ഇക്കുറി പച്ചക്കൊടി കാണിക്കുന്നില്ലെന്നതിന്റെ സൂചനകള്‍ മറ്റ് ചില തീരുമാനങ്ങളിലും വ്യക്തമായിരുന്നു. കഴിഞ്ഞ പ്രാവശ്യം തിരഞ്ഞെടുപ്പിനുമുമ്പ് സി.പി.എം നടത്തിയ ജാഥ നയിച്ചത് പിണറായി വിജയനായിരുന്നു. എന്നാല്‍ ഇക്കുറി പിണറായിയെയോ, വി.എസിനെയോ ആ ചുമതല ഏല്പിക്കാന്‍ പാര്‍ട്ടി തയ്യാറായില്ല, സി.പി.എം ഒറ്റയ്ക്ക് ജാഥ നടത്തേണ്ടെന്ന് തീരുമാനിച്ച പാര്‍ട്ടി പര്യടനം മുന്നണിയുടേതാക്കി മാറ്റി. ക്യാപ്ടനായി സി.പി.എമ്മില്‍ നിന്ന് കൊടിയേരി ബാലകൃഷ്ണനെയാണ് നിയോഗിച്ചത്.

പ്രതിപക്ഷ നേതാവായിരിക്കെ വി. എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കഴിഞ്ഞകുറി ഉണ്ടാക്കിയത്. പൊതുസമൂഹത്തിലും പാര്‍ട്ടിയിലും വി.എസിന് ഏറെ പിന്തുണയുണ്ടായിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ വി.എസിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. എന്നാല്‍ ഇക്കുറിയായപ്പോഴേക്കും സ്ഥിതി മാറി. അദ്ദേഹത്തിന്റെ അനുയായികളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സംസ്ഥാന കമ്മിറ്റിയിലുള്ളത്. ജില്ലാ കമ്മിറ്റികളില്‍ പത്തനംതിട്ട,കൊല്ലം ജില്ലകള്‍ മാത്രമാണ് വി. എസിനോട് ആഭിമുഖ്യമുള്ളത്. അതുകൊണ്ടുതന്നെ ചെറുത്തുനില്പ് എളുപ്പമല്ല. ഇത് നന്നായറിയുന്നത് ഔദ്യോഗിക പക്ഷത്തിനാണുതാനും.

സീറ്റ് നിഷേധിച്ചാല്‍ സംസ്ഥാനത്ത് പരിധിവിട്ട പ്രതിഷേധം ഉണ്ടാകില്ലെന്ന് പാര്‍ട്ടിക്ക് ഉറപ്പുണ്ട്. ആ ധൈര്യമാണ് പാര്‍ട്ടിയെ ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് നയിച്ചതും. കഴിഞ്ഞപ്രാവശ്യം വി. എസിനെ മത്സരിപ്പിക്കാന്‍ രണ്ടാമത് തീരുമാനം എടുത്തത് പി.ബി ചേര്‍ന്നായിരുന്നു. ''പി.ബിയുടെ മുന്‍തീരുമാനം ജനങ്ങളില്‍ ചില വിഭാഗങ്ങളിലും പാര്‍ട്ടിക്കുള്ളിലും ആശയക്കുഴപ്പം ഉണ്ടാക്കിയതായി മനസ്സിലായി. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിക്കുകയെന്നതാണ് പ്രധാനം''- തീരുമാനം പുനഃപരിശോധിച്ച് അന്ന് പ്രകാശ് കാരാട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഇക്കുറി പാര്‍ട്ടിക്കുള്ളിലെ സ്ഥിതി സ്‌ഫോടനാത്മകമാകുമെന്ന് കരുതാനാകില്ല. എന്നാല്‍ അച്യുതാന്ദന്റെ നിലപാടിനോട് അടുപ്പമുള്ളവര്‍ പാര്‍ട്ടിക്കുപുറത്തും ഏറെയുള്ളതിനാല്‍ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം ബാലറ്റ് പെട്ടിയിലായിരിക്കും കൂടുതല്‍ പ്രതിഫലിക്കുക.





ganangal
Discuss