Mathrubhumi Logo
  japan tsunami

ആണവനിലയത്തില്‍ വീണ്ടും സ്‌ഫോടനം

Posted on: 15 Mar 2011

അണുവികിരണത്തോത് ഉയരുന്നു
മറ്റൊരു റിയാക്ടറിലും സ്‌ഫോടനഭീഷണി
സ്ഥിതി ആശങ്കാജനകമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി


ടോക്യോ: ഭൂകമ്പവും സുനാമിയും പിടിച്ചുലച്ച ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്‍ വീണ്ടും ശക്തമായ സ്‌ഫോടനം. റിയാക്ടറുകളെ തണുപ്പിക്കുന്ന പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നതിനിടെയുണ്ടായ രണ്ടാം സ്‌ഫോടനം കടുത്ത പരിഭ്രാന്തി പരത്തി. മറ്റൊരു സ്‌ഫോടനത്തിനും ആണവ ഉരുകലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമുണ്ട്.
ദെയ്ചി മൂന്നാം റിയാക്ടറിലാണ് തിങ്കളാഴ്ച സ്‌ഫോടനമുണ്ടായത്. ശീതീകരണസംവിധാനം തകരാറിലായ ഈ റിയാക്ടറിലെ ആണവഇന്ധന ദണ്ഡ് ഉരുകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പുനല്‍കി. അങ്ങനെ സംഭവിച്ചാല്‍ അത് മാരകമായ അണുവികിരണത്തിനിടയാക്കും. ഇന്ധനദണ്ഡുകള്‍ ഏറെക്കുറെ പുറത്തുവന്ന ഈ റിയാക്ടറിലേക്ക് പ്രതിസന്ധി ഒഴിവാക്കാന്‍ ശക്തമായി വെള്ളം പമ്പുചെയ്യുന്നുണ്ട്.

ഒന്നാം റിയാക്ടറില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്നുള്ള പ്രശ്‌നം ഒഴിവാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് നിലയത്തില്‍ വീണ്ടും സ്‌ഫോടനമുണ്ടായത്. ടോക്യോയില്‍ നിന്ന് 250 കിലോമീറ്റര്‍ വടക്കുള്ള ഫുകുഷിമ ഒന്നാംനിലയത്തിലാണ് ഭൂകമ്പത്തെത്തുടര്‍ന്ന് വന്‍കെടുതിയുണ്ടായത്. ഈ നിലയത്തിലെ രണ്ടാം റിയാക്ടറില്‍ ശീതീകരണസംവിധാനം തകരാറിലായത് മറ്റൊരു സ്‌ഫോടത്തിനും മാരകമായ ആണവദ്രവീകരണത്തിനും ഇടയാക്കുമെന്ന ആശങ്ക പരന്നിട്ടുണ്ട്.

ഹൈഡ്രജന്‍ സ്‌ഫോടനമാണ് തിങ്കളാഴ്ച മൂന്നാം റിയാക്ടറിലുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. 11 പേര്‍ക്കു പരിക്കേറ്റു. ഇവരിലൊരാളുടെ നില ഗുരുതരമാണ്. സ്‌ഫോടനശബ്ദം 40 കിലോമീറ്റര്‍ അകലെ വരെ കേട്ടു. പുകപടലം ഉയര്‍ന്നുപൊങ്ങി. എന്നാല്‍, ഈ റിയാക്ടറിന്റെ കേന്ദ്ര ഭാഗം സുരക്ഷിതമാണെന്നും ഉരുക്കു കവചത്തിന് നാശം സംഭവിച്ചിട്ടില്ലെന്നും ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.
രണ്ടാംറിയാക്ടറിന്റെ ശീതീകരണ സംവിധാനം പാടേ തകരാറിലായതിനെത്തുടര്‍ന്ന് മര്‍ദം ക്രമാതീതമായി ഉയരുന്നതും ശീതീകരണിയിലെ ജലനിരപ്പ് താഴുന്നതുമാണ് ആശങ്ക സൃഷ്ടിക്കുന്നത്. മര്‍ദം ഒഴിവാക്കാന്‍ നിലയത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (ടെപ്‌കോ) ശ്രമിച്ചുവരികയാണ്. തിങ്കളാഴ്ച പൊട്ടിത്തെറിയുണ്ടായ മൂന്നാമത്തെ റിയാക്ടറിന്റെ കൂളിങ് പമ്പിനാണ് കാര്യമായ കേടുപാട് പറ്റിയത്. ആദ്യം സ്‌ഫോടനമുണ്ടായ ഒന്നാം റിയാക്ടറിലെ പ്രശ്‌നം ഏറെക്കുറെ പരിഹരിച്ചു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. നിലയത്തില്‍ നിന്നുള്ള അണുവികിരണത്തോത് നേരിയതോതില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ടെപ്‌കോ സ്ഥിരീകരിച്ചു. ഇക്കാര്യം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

നാല്പതുവര്‍ഷം പഴക്കമുള്ള ഫുകുഷിമ ആണവനിലയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും സ്ഥിതിഗതി ആശങ്കാജനകമായി തുടരുകയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി നവോട്ടോ കാന്‍ പറഞ്ഞു. നിലയത്തില്‍ നിന്നുള്ള ആണവവികിരണത്തോത് നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ടെപ്‌കോ സ്ഥിരീകരിച്ചു. ഇക്കാര്യം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഈ നിലയത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ ജനവാസം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

എന്നാല്‍ ചെര്‍ണോബില്‍ ദുരന്തത്തിനു സമാനമായൊരു അപകടത്തിന് ജപ്പാനില്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജപ്പാനിലെ നിലയങ്ങള്‍ കൂടുതല്‍ സുരക്ഷിതവും ശക്തമായ ഉരുക്കുപാളികളാല്‍ കവചിതവുമാണ്. ചെര്‍ണോബില്ലില്‍ സ്‌ഫോടനമുണ്ടായപ്പോള്‍ പുകപടലമായും നീരാവിയായും വികിരണസാധ്യതയുള്ള പദാര്‍ഥങ്ങള്‍ നേരെ പുറന്തള്ളപ്പെടുകയായിരുന്നു.
ജപ്പാന്റെ തീരത്ത് രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന അമേരിക്കന്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഈ മേഖലയിലെ ആണവവികിരണത്തെത്തുടര്‍ന്ന് തത്കാലത്തേക്ക് പിന്‍വാങ്ങി. ഫുകുഷിമനിലയത്തില്‍ നിന്ന് പുറത്തുവന്ന ആണവവിഷാംശമടങ്ങിയ പുകപടലവും നീരാവിയുമാണ് പ്രശ്‌നം സൃഷ്ടിച്ചത്. ജപ്പാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ പൗരന്മാരോട് യു.എസ്. വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു.

ജപ്പാനില്‍ ഭൂകമ്പത്തിലും സുനാമിയിലുമായി മരണം പതിനയ്യായിരം കവിയുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍. മിയാഗി മേഖലയിലെ തീരങ്ങളില്‍ നിന്ന് മാത്രം തിങ്കളാഴ്ച 2000 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.



ganangal

 

Interactive Design: T.G.Dileep


മറ്റു വാര്‍ത്തകള്‍

  12 »
japan_before_and_after tsunami 3 photogallery tsunami tsunami 2 photogallery
Discuss