Mathrubhumi Logo
  japan tsunami

മറ്റൊരു 'ഹിരോഷിമ' തടയാന്‍ തീവ്രശ്രമം

Posted on: 14 Mar 2011

ടോക്യോ: ചെര്‍ണോബില്‍ ദുരന്തത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ അപകടത്തിനാണ് ജപ്പാന്‍ സാക്ഷ്യം വഹിച്ചത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണവിടെ നടക്കുന്നത്.

വെള്ളിയാഴ്ചത്തെ ഭൂകമ്പത്തില്‍ ഫുകുഷിമയില്‍ ഒന്നാമത്തെ ആണവ നിലയത്തിലെ വൈദ്യുതി ബന്ധം തകര്‍ക്കപ്പെട്ടതോടെയാണ് തുടക്കം. റിയാക്ടറിന്റെ കേന്ദ്രഭാഗം അമിതമായി ചൂടാകുന്നതു തടയാന്‍ വെള്ളം പമ്പു ചെയ്യുന്നത് അതോടെ നിലച്ചു. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് കുറച്ചു സമയം വെള്ളം പമ്പു ചെയ്‌തെങ്കിലും പിന്നാലെ വന്ന സുനാമിയില്‍ അവയുടെ പ്രവര്‍ത്തനവും നിലച്ചു. ബാറ്ററി സംവിധാനം പ്രവര്‍ത്തിപ്പിച്ചെങ്കിലും അണു നിലയത്തെ തണുപ്പിക്കാന്‍ അതു മതിയാകുമായിരുന്നില്ല.
ഇതോടെ ഇന്ധന ദണ്ഡുകള്‍ അമിതമായി ചൂടുപിടിച്ചു. അതിനു ചുറ്റുമുള്ള വെള്ളം ഉന്നത താപത്തിലായി. ചൂട് പരിധി വിടുമ്പോള്‍ വെള്ളം ഹൈഡ്രജനും ഓക്‌സിജനുമായി വിഘടിക്കും. ഈ ഹൈഡ്രജനാണ് സ്‌ഫോടനത്തിനു കാരണമായത്. വമ്പന്‍ ഉരുക്കു കവചത്തിനുള്ളിലെ അറയിലാണ് അണുനിലയത്തില്‍ ഇന്ധനം വെയ്ക്കുന്നത്. ഇതിനു ചുറ്റും കോണ്‍ക്രീറ്റ് ഭിത്തിയും മേല്‍പ്പുരയുമുണ്ട്. ഈ മേല്‍പ്പുരയാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. എന്നാല്‍ അണുനിലയത്തിന്റെ മര്‍മപ്രധാന ഭാഗങ്ങള്‍ക്കു കേടൊന്നുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍, സ്‌ഫോടനം നടക്കുന്നതു മുമ്പു തന്നെ നീരാവി തുറന്നു വിട്ടിരുന്നു. ഈ നീരാവിയില്‍ അണുവികിരണ ശേഷിയുള്ള മൂലകങ്ങളുണ്ടായിരുന്നു. ഇതോടെ അണുനിലയത്തിനു സീസിയം-137, അയഡിന്‍ 131 ഐസോടോപ്പുകളുടെ സാന്നിധ്യം വര്‍ധിച്ചു. അണുവിഘടന റിയാക്ടറുകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഐസോടോപ്പുകളാണിവ.
ഞായറാഴ്ചയോടെ, നിലയത്തിനു ചുറ്റുമുള്ള ആണവ വികിരണത്തിന്റെ തോത് മണിക്കൂറില്‍ 1,204 മൈക്രോസീവേര്‍ട്‌സ് ആയി കുതിച്ചുയര്‍ന്നു. ജപ്പാനില്‍ നിയപ്രകാരം അനുവദനീയമായതിന്റെ ഇരട്ടിയിലേറെയാണിത്. ഫുകുഷിമ ആണവ നിലയത്തിലെ മറ്റൊരു റിയാക്ടറിലെയും ശീതീകരണ സംവിധാനം പിന്നീടു തകരാറിലായി. ഈ റിയാക്ടറിലും പൊട്ടിത്തെറിയുാകുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്
റിയാക്ടറുകളില്‍ കടല്‍വെള്ളം നിറച്ച് ചൂടു കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പരീക്ഷിച്ചു സുരക്ഷിതമെന്നുറപ്പിച്ചതല്ല, ഈ മാര്‍ഗം. തണുപ്പിക്കല്‍ ഫലിച്ചില്ലെങ്കില്‍ ഇന്ധന ദണ്ഡുകള്‍ അമിതമായി ചൂടുപിടിക്കും. ഇന്ധനം നിറയക്കുന്ന ഉരുക്കു കവചം ഉരുകും. അതോടെ അണുവികിരണം ചുറ്റും പടരും. ആണവ ദുരന്തമാകും ഫലം. തുരുമ്പു പിടിക്കാന്‍ കാരണമാകുന്ന കടല്‍വെള്ളം നിറച്ചാല്‍ അണുനിലയം തുടര്‍ന്ന് ഉപയോഗിക്കാന്‍ പറ്റില്ല. 40 വര്‍ഷം പഴക്കമുള്ള നിലയം ഉപേക്ഷിക്കപ്പെടുമെന്ന് അതോടെ ഉറപ്പായി.
ഒഴിപ്പിക്കപ്പെട്ടവര്‍ക്കു മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ജനലും വാതിലും അടച്ചിടുക. വായയും മൂക്കും നനഞ്ഞ ടവല്‍ കൊണ്ടു മൂടുക. ശരീര ഭാഗങ്ങള്‍ കഴിയുന്നത്ര വസ്ത്രങ്ങള്‍കൊണ്ടു മൂടുക എന്നിവ വഴി ഒരുപരിധിവരെ അണുവികിരണത്തില്‍ നിന്ന് രക്ഷപ്പെടാം. തൈറോയ്ഡ് ഗ്രന്ഥിയെ അണുവികിരണത്തില്‍ നിന്നു രക്ഷിക്കാനായി അയഡിന്‍ വിതരണം ചെയ്യുന്നുണ്ട്.



ganangal

 

Interactive Design: T.G.Dileep


മറ്റു വാര്‍ത്തകള്‍

  12 »
japan_before_and_after tsunami 3 photogallery tsunami tsunami 2 photogallery
Discuss