Mathrubhumi Logo
  japan tsunami

സുനാമി: പതിനായിരങ്ങളെ കാണാനില്ല

Posted on: 14 Mar 2011

ടോക്യോ: സുനാമിയില്‍ പതിനായിരത്തിലേറെപ്പേര്‍ മരിച്ച ജപ്പാനില്‍ അത്രത്തോളംതന്നെ ജനങ്ങളെപ്പറ്റി ഒരു വിവരവുമില്ല. മൂന്നുലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായി. തീരദേശമായ മിയാഗിയിലും പരിസരപ്രദേശങ്ങളിലും മാത്രം 983 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തകരുടെ എണ്ണം സര്‍ക്കാര്‍ ഇരട്ടിയാക്കി. ഒരു ലക്ഷം പേരാണ് ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഗതാഗത, വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകരാറിലായതിനാല്‍ പതിനായിരക്കണക്കിന് ദുരിതബാധിതരെ ഇനിയും ബന്ധപ്പെടാനായിട്ടില്ല. ഇവരെ രക്ഷപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നവോടടോ കാന്‍ അടിയന്തര മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. ഇതുവരെ ഇരുന്നൂറ്റിയമ്പതിലേറെ തുടര്‍ചലനങ്ങള്‍ ഉണ്ടായി.

20,820 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതായാണ് വിവരം. 1350 താത്കാലിക അഭയ കേന്ദ്രങ്ങള്‍ നിര്‍മിച്ചു. ഇവയില്‍ മൂന്ന് ലക്ഷത്തോളം പേര്‍ അഭയം തേടിയിട്ടുണ്ട്. യു.എന്നിന്റെ മേല്‍നോട്ടത്തില്‍ ഇവിടേക്ക് അന്താരാഷ്ട്ര സഹായമെത്തുന്നുണ്ട്. കമ്പളിപ്പുതപ്പുകളുമായി ഇന്ത്യയുടെ ആദ്യ ദുരിതാശ്വാസ വിമാനം ഞായറാഴ്ച പുറപ്പെട്ടു. എഴുപതോളം രാജ്യങ്ങള്‍ ജപ്പാനെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് യു.എന്‍. അറിയിച്ചു. ദരിദ്ര രാജ്യമായ അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ പട്ടണം ജപ്പാന് 50,000 ഡോളര്‍ (22.5 ലക്ഷം രൂപ) സഹായം പ്രഖ്യാപിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പാകിസ്താന്‍ അറിയിച്ചു. ഓസ്‌ട്രേലിയ, ചൈന, യു.എസ്. എന്നിവയുള്‍പ്പെടെ ഒരു ഡസനോളം രാജ്യങ്ങള്‍ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തക സംഘങ്ങളെ ജപ്പാനിലേക്കയച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ആളുകളെ കണ്ടെത്താന്‍ പ്രത്യേക വൈദഗ്ധ്യമുള്ള നായകളും എത്തിയിട്ടുണ്ട്. 59 അഗ്‌നിശമന വിദഗ്ധര്‍ ബ്രിട്ടനില്‍ നിന്ന് എത്തിയിട്ടുണ്ട്. വേണമെങ്കില്‍ ആണവ വിദഗ്ധരെയും അയയ്ക്കാമെന്ന് അവര്‍ അറിയിച്ചു.

സുനാമിയുടെ അവശിഷ്ടമായി കെട്ടിടങ്ങളും ട്രെയിനുകളും ചെറുവിമാനങ്ങളും കളിപ്പാട്ടങ്ങള്‍ പോലെ വെള്ളത്തിലും ചെളിയിലും ചിതറിക്കിടക്കുകയാണ്. വൈദ്യുതി ബന്ധം തകര്‍ന്നതിനാല്‍ അഞ്ചര ലക്ഷത്തോളം പേര്‍ ഇരുട്ടിലാണ്. സ്‌കൂളുകളിലും മറ്റ് പൊതു കെട്ടിടങ്ങളിലുമായി കമ്പിളി പുതച്ച് കഴിയുകയാണ് ദുരിത ബാധിതര്‍. സുനാമിയില്‍ പെട്ട നാല് ട്രെയിനുകളെയും കപ്പലിനെയും കുറിച്ച് ഞായറാഴ്ചയും വിവരമില്ല.

ഇന്‍ഷുറന്‍സ് ചെയ്ത വസ്തുവകകളുടെ നാശം മാത്രം കണക്കാക്കിയാല്‍ അത് 3500 ഡോളര്‍ വരുമെന്ന് ഇന്‍ഷുറന്‍സ് കമ്പനിയായ എ.ഐ.ആര്‍. അറിയിച്ചു.

അതിനിടെ ഒരു ഭാഗത്ത് സര്‍ക്കാറിനെതിരായ വിമര്‍ശനം ഉയരുന്നുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് പാര്‍ലമെന്‍റില്‍ ഒരു വിഭാഗം ആരോപിച്ചു. പ്രമുഖ ദിനപത്രമായ അസാഹിയും സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചു.

അഗ്‌നിപര്‍വത സ്‌ഫോടനവും


തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. കിരിഷിമ മലനിരകളിലെ ഷിന്‍മോഡേക് അഗ്‌നിപര്‍വതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. സ്‌ഫോടനം ഭൂകമ്പത്തിന്റെ ഫലമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനത്തില്‍ ചാരവും പാറകളും നാല് കി.മീ. അകലേക്ക് തെറിച്ചുവീണു.

52 വര്‍ഷത്തിനുശേഷം ജനവരിയില്‍ ഈ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു. സ്‌ഫോടന സാധ്യതയുണ്ടായിരുന്നതിനാല്‍ കിരിഷിമ മലനിരകളിലേക്ക് മാര്‍ച്ച് ഒന്നുമുതല്‍ ജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരുന്നു.





ganangal

 

Interactive Design: T.G.Dileep


മറ്റു വാര്‍ത്തകള്‍

  12 »
japan_before_and_after tsunami 3 photogallery tsunami tsunami 2 photogallery
Discuss