Mathrubhumi Logo
  japan tsunami

ഒഴിയാതെ ആണവഭീഷണി

Posted on: 14 Mar 2011

മരണം 10,000 കവിഞ്ഞു

ഒരു റിയാക്ടര്‍കൂടി പൊട്ടിത്തെറിക്കരികെ
192 പേര്‍ക്ക് അണുവികിരണമേറ്റു
ആറ് റിയാക്ടറുകള്‍ക്ക് തകരാര്‍
ആണവ വികിരണതോത് സുരക്ഷിതനില കടന്നു
വെള്ളവും വെളിച്ചവുമില്ലാതെ പത്തുലക്ഷത്തിലേറെപ്പേര്‍
അഗ്‌നിപര്‍വത സ്‌ഫോടനവും


ടോക്യോ: സുനാമി തകര്‍ത്ത ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിലെ മറ്റൊരു റിയാക്ടറിലെയും ശീതീകരണസംവിധാനം തകരാറിലായി. ഈ റിയാക്ടറിലും പൊട്ടിത്തെറിയുണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. റിയാക്ടറുകളിലെ ആണവ ഇന്ധനം ഉരുകാതിരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. റിയാക്ടറുകള്‍ പൊട്ടിത്തെറിച്ചാല്‍ അത് ചെര്‍ണോബിലിനുശേഷമുള്ള വന്‍ ആണവദുരന്തമായി പരിണമിച്ചേക്കും. സുനാമിമൂലമുള്ള മരണസംഖ്യ 10,000 കടന്നു. പത്തു ലക്ഷത്തിലേറെപ്പേര്‍ വെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ കഷ്ടപ്പെടുകയാണ്.

അതിനിടെ തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ ഷിന്‍മോദാക്കെ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. ചാരവും പാറകളും നാലുകിലോമീറ്റര്‍ അകലേക്ക് തെറിച്ചു. ഭൂകമ്പത്തിന്റെ ഫലമാണിതെന്ന് വ്യക്തമായിട്ടില്ല. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ജപ്പാന്‍ അഭിമുഖീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നവോട്ടോ കാന്‍ പറഞ്ഞു.

ശീതീകരണ സംവിധാനത്തിലെ തകരാര്‍മൂലം ഫുകുഷിമയിലെ ദെയ്ചി 1 റിയാക്ടറില്‍ ശനിയാഴ്ച വന്‍ സ്‌ഫോടനമുണ്ടായി അണുവികിരണ ചോര്‍ച്ച വന്നിരുന്നു. മൂന്നാമത്തെ റിയാക്ടറാണ് ഞായറാഴ്ച തകരാറിലായത്. റിയാക്ടറുകളില്‍ ചൂട് കൂടി ആണവ ഇന്ധനം ഉരുകാതിരിക്കാന്‍ അധികൃതര്‍ കിണഞ്ഞുശ്രമിക്കുന്നുണ്ട്.

റിയാക്ടറില്‍ മര്‍ദം കൂടിവരികയാണെന്ന് നിലയ ഉടമകളായ 'ടോക്യോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍' (ടെപ്‌കോ) അറിയിച്ചു. മര്‍ദം കുറയ്ക്കാന്‍ ഇടയ്ക്കിടെ നിയന്ത്രിത തോതില്‍ അണുവികിരണം പുറത്തുവിടുന്നുണ്ട്. റിയാക്ടര്‍ തണുപ്പിക്കാന്‍ കടല്‍വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. മൂന്നാം റിയാക്ടറും പൊട്ടിത്തെറി ഭീഷണിയിലാണെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. ഫുകുഷിമയിലെ ആണവനിലയങ്ങളിലും ഒനഗാവ നിലയത്തിലും ആണവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതിനിടെ, നിലയത്തിന്റെ 10 കി.മീ. ചുറ്റളവിലുള്ള 192 പേര്‍ക്ക് അണുവികിരണമേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ 22 പേരുടെ കാര്യം അധികൃതര്‍ സ്ഥിരീകരിച്ചു. ഇവിടങ്ങളില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്നവര്‍ക്ക് അണുവികിരണമേറ്റിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

ദെയ്ചി 1 റിയാക്ടറിലെ തകരാര്‍ കൈകാര്യം ചെയ്യുന്നതില്‍ താമസം നേരിട്ടതായി മുഖ്യ കാബിനറ്റ് സെക്രട്ടറി യുകിയോ എഡാനോ സമ്മതിച്ചു. മൂന്നാം റിയാക്ടറിന്റെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ല. അടിയന്തര നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍, റിയാക്ടര്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ പൊട്ടിത്തെറിയുണ്ടാകാന്‍ സാധ്യതയുണ്ട്. അത് ഇന്ധനം സൂക്ഷിച്ചിരിക്കുന്ന സംഭരണിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ദെയ്ചി 1 റിയാക്ടറിലെ ഇന്ധനം ഭാഗികമായി ഉരുകിയിട്ടുണ്ടാകാമെന്നും ഈ നിഗമനത്തിലാണ് തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനം പൂര്‍ണമായും ഉരുകിയാല്‍ യുറേനിയവും മറ്റു വികിരണ പദാര്‍ഥങ്ങളും അന്തരീക്ഷത്തില്‍ കലരും. ഇത് ഗുരുതരമായ ആരോഗ്യ ഭീഷണിയുണ്ടാക്കും. ഈ രണ്ടു റിയാക്ടറുകളുള്‍പ്പെടെ ആറ് റിയാക്ടറുകളുടെ ശീതീകരണ സംവിധാനങ്ങള്‍ക്ക് തകരാറുണ്ട്.

ഫുകുഷിമ ആണവനിലയത്തിനു ചുറ്റുപാടും ആണവ വികിരണത്തിന്റെ തോത് സുരക്ഷിതനില കടന്നെന്ന് 'ടെപ്‌കോ' അറിയിച്ചു. എന്നാല്‍ ഇതുമൂലം ആരോഗ്യത്തിന് അടിയന്തര ഭീഷണിയില്ലെന്നും അവര്‍ പറഞ്ഞു. 'ടെപ്‌കോ' വൈദ്യുതി വിതരണം നടത്തുന്ന പ്രദേശങ്ങളില്‍ ഏതാനും ആഴ്ചകളിലേക്ക് വിതരണം നിര്‍ത്തിവെക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അതോടെ ഈ പ്രദേശങ്ങള്‍ ഇരുട്ടിലാവും.

ടോക്യോയ്ക്ക് 240 കി.മീ. വടക്കാണ് ഫുകുഷിമ നിലയം. ഇതിന്റെ ഇരുപത് കി.മീ. ചുറ്റളവില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇതിനടുത്തുള്ള മറ്റൊരു നിലയത്തിന്റെ പത്ത് കി.മീ. ചുറ്റളവില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ആളുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. 1.8 ലക്ഷം പേര്‍ ഇവിടം വിട്ടതായി അധികൃതര്‍ അറിയിച്ചു. സുനാമി ദുരിത മേഖലയില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഒഴിഞ്ഞുപോയ മൂന്നര ലക്ഷം പേരെ കൂടാതെയാണിത്. ആണവ വികിരണബാധയില്‍ നിന്ന് രക്ഷനേടാന്‍ ജനങ്ങള്‍ക്ക് കഴിക്കാനായി അയഡിന്‍ വിതരണം ചെയ്യുന്നുണ്ട്.

ഭൂകമ്പത്തെത്തുടര്‍ന്ന് വൈദ്യുതി തകരാറിലായതും ജനറേറ്ററുകളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതുമാണ് ആണവ നിലയങ്ങളിലെ ശീതീകരണ സംവിധാനത്തെ തകരാറിലാക്കിയത്. വെള്ളിയാഴ്ചത്തെ ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സെ്കയിലില്‍ ഒമ്പത് വരുമെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച അറിയിച്ചു.

ജപ്പാനിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചൈന ആണവനിലയങ്ങളുടെ സുരക്ഷ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തി. ഭൂകമ്പത്തിന്റെ ആഘാതം ചൈനയിലും എത്തിയിരുന്നു.

അതിനിടെ, ആണവ ഇന്ധന ഉപയോഗത്തെ എതിര്‍ക്കുന്നവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജര്‍മനിയില്‍ 60,000 പേര്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് ഇതിനെതിരെ പ്രതിഷേധിച്ചത്.



ganangal

 

Interactive Design: T.G.Dileep


മറ്റു വാര്‍ത്തകള്‍

  12 »
japan_before_and_after tsunami 3 photogallery tsunami tsunami 2 photogallery
Discuss