Mathrubhumi Logo
  japan tsunami

കടല്‍ കമിഴ്ന്നപോലെ

ശശിധരന്‍ മങ്കത്തില്‍ Posted on: 12 Mar 2011

മുപ്പത് മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ കരയെ വിഴുങ്ങുന്നു! അഞ്ചും ആറും നിലകളുള്ള കെട്ടിടങ്ങള്‍ക്ക് മീതെ വെള്ളം കുത്തിയൊഴുകുന്നു. കടലിന്റെ ഒരു ഭാഗംതന്നെ കരയിലേക്ക് കമിഴ്ന്ന അവസ്ഥ. സുനാമി കാഴ്ച ഭീകരമാണ്.

സുനാമി ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. സുമാത്ര സുനാമി കേരളത്തിലടക്കം ഇന്ത്യയുടെ പലഭാഗത്തും ആഞ്ഞടിച്ച് നാശം വിതച്ചു. അന്നു മുതല്‍ സുനാമിയെയും നാം നമ്മുടെ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍പ്പെടുത്തി.

2004 ഡിസംബര്‍ 26-ന് ഇന്‍ഡൊനീഷ്യയിലെ സുമാത്രയ്ക്കടുത്തുണ്ടായ സുനാമിയില്‍ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം പേരാണ് മരിച്ചത്. കടലില്‍നിന്ന് ആര്‍ത്തലച്ചെത്തിയ കൂറ്റന്‍ തിരകള്‍ കേരളത്തിലും കനത്ത ആള്‍നാശമുണ്ടാക്കി.

സമുദ്രത്തിന്റെ അടിത്തട്ടില്‍ ഭൂകമ്പംമൂലം ഉയര്‍ന്നുപൊങ്ങുന്ന തിരമാലകളെയാണ് 'സുനാമികള്‍' എന്നു പറയുന്നത്. ഭൂപാളികള്‍ കൂട്ടിമുട്ടി ഭൂകമ്പമുണ്ടായി ഭൂവല്‍ക്കത്തിന്റെ ഒരു ഭാഗം ഉയര്‍ന്നുപൊങ്ങുമ്പോള്‍ ആ ഭാഗത്തെ വെള്ളം തിരമാലകളായി ചുറ്റിലും വ്യാപിക്കും. ഇവ കരയിലേക്ക് അടിച്ചുകയറി നാശംവരുത്തും.

കടലില്‍ സാധാരണ കാറ്റടിച്ച് രൂപപ്പെടുന്ന തിരമാലകള്‍ ചെറുതാണ്. തിരമാലകള്‍ തമ്മില്‍ 100-200 മീറ്റര്‍ മാത്രമേ അകലമുണ്ടാകൂ. ഇവ മിനിറ്റുകള്‍ക്കകം ഒന്നിനുപിറകേ ഒന്നായി കരയിലെത്തും. എന്നാല്‍, സുനാമികള്‍ വ്യത്യസ്തമാണ്. ഈ തിരമാലകള്‍ തമ്മില്‍ 500 കിലോമീറ്റര്‍ വരെ അകലംവരും. ഒരു തിരമാലവന്ന് ഏറെ സമയം കഴിഞ്ഞേ അടുത്ത തിരമാല കരയിലെത്തൂ. ഇവ മണിക്കൂറില്‍ 800 കിലോമീറ്റര്‍ ദൂരംവരെ സഞ്ചരിക്കും. ഇത്തരത്തിലുള്ള തിരമാല രൂപപ്പെട്ടാല്‍ ശാന്തസമുദ്രത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെത്താന്‍ ഒരു ദിവസത്തോളമെടുക്കും. അതിനാല്‍ സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയാല്‍ സമീപരാജ്യങ്ങള്‍ക്കെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടത്ര സമയം കിട്ടും.

കരയിലെത്തുമ്പോള്‍ സുനാമിയുടെ വേഗം കുറയും. വന്‍തോതില്‍ വെള്ളം സമുദ്രത്തില്‍നിന്ന് കരയിലേക്ക് തള്ളിവരുന്നതിനാല്‍ ഒരു പ്രദേശമാകെ നശിപ്പിക്കാന്‍ സുനാമികള്‍ക്ക് കഴിയും. തീരദേശത്തെ കെട്ടിടങ്ങളും മറ്റും തകര്‍ന്നുവീഴും. കരപ്രദേശത്തെയാകെ തച്ചുതകര്‍ത്ത് വെള്ളം സമുദ്രത്തിലേക്കു തന്നെ വലിയും. അങ്ങനെ കരയിലെ സര്‍വതും സുനാമികള്‍ കൊണ്ടുപോകും.

സുനാമി കരയില്‍ അടിച്ചുകയറുന്നതിനു തൊട്ടുമുമ്പ് ചിലപ്പോള്‍ കടല്‍വെള്ളം ഉള്‍വലിയും. ഈ സമയം വെള്ളം വലിഞ്ഞ് ഒരുപാട് കടല്‍പ്രദേശം പുറത്തുകാണും. ഇത് കടല്‍ തരുന്ന മുന്നറിയിപ്പാണ്. ഈ സമയം ആളുകള്‍ക്ക് തീരദേശത്തുനിന്ന് രക്ഷപ്പെടാന്‍ കഴിയും.സമുദ്രത്തിന്റെ അടിത്തട്ടില്‍ അഗ്‌നിപര്‍വത സ്‌ഫോടനം, ഉരുള്‍പൊട്ടല്‍, ഉല്‍ക്കാപതനം എന്നിവ മൂലവും സുനാമികള്‍ ഉണ്ടാകാം.

ഇന്‍ഡൊനീഷ്യ, ശ്രീലങ്ക, തായ്‌ലന്‍ഡ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ അടക്കം 15 രാജ്യങ്ങളിലാണ് സുമാത്രാ സുനാമി നാശം വിതച്ചത്. മരണസംഖ്യ 2,88,608 എന്നാണ് കണക്കാക്കിയിരിക്കുന്നത്. 2,28,601 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മരണം 11,000 വരും.

ലോകത്തുണ്ടായ ഭൂകമ്പങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂകമ്പ മേഖലകള്‍ വേര്‍തിരിച്ചിട്ടുണ്ട്. ശാന്തസമുദ്രത്തിന്റെ ചുറ്റുമുള്ള മേഖലയിലാണ് വന്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത്. 'സര്‍ക്കം പസഫിക് ബെല്‍ട്ട്' എന്ന പേരിലാണ് ഈ മേഖല അറിയപ്പെടുന്നത്. ഇന്‍ഡൊനീഷ്യ ഈ മേഖലയിലാണ് വരുന്നത്. ചിലിയില്‍നിന്ന് ന്യൂസീലന്‍ഡ് വരെ നീളുന്നതാണ് ഈ മേഖല. ന്യൂഗിനിയ, ജപ്പാന്‍, അലാസ്‌ക, വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, ഫിലിപ്പീന്‍സ് എന്നിവ ഇതില്‍പ്പെടും. ലോകത്തിലെ 80 ശതമാനം ഭൂകമ്പങ്ങളും ഈ മേഖലയിലാണ് ഉണ്ടാകുന്നത്. രണ്ടാമത്തെ മേഖലയായ അല്‍പ്പൈന്‍-ഹിമാലയന്‍ ബെല്‍ട്ട് മധ്യധരണ്യാഴി പ്രദേശത്തുകൂടി കടന്ന് ഏഷ്യയുടെ കിഴക്കുഭാഗത്തേക്ക് നീളുന്നു. ആഫ്രിക്ക, ഇറാന്‍, തുര്‍ക്കി, പാകിസ്താന്‍, ഹിമാലയ പ്രദേശം, ടിബറ്റ്, ചൈന എന്നിവ ഈ മേഖലയിലാണ്. മൂന്നാമത്തെ മേഖല മിഡ് ഓഷ്യാനിക് റിഡ്ജിലൂടെ ആഫ്രിക്കന്‍ താഴ്‌വര വരെയെത്തുന്നതാണ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സുനാമികള്‍ ആഞ്ഞടിച്ച പ്രദേശമാണ് ജപ്പാന്‍. കേരളീയര്‍ക്ക് മഴയും വെള്ളപ്പൊക്കവുംപോലെ സുപരിചിതമായ പ്രകൃതി ദുരന്തമാണ് ജപ്പാന്‍കാര്‍ക്ക് സുനാമി. അതുകൊണ്ടുതന്നെ ഇവിടെ സുനാമി നിരീക്ഷണ-രക്ഷാസംവിധാനങ്ങള്‍ വേണ്ടത്രയുണ്ട്. തീരപ്രദേശത്ത് പലയിടങ്ങളിലും സുനാമിയെ പ്രതിരോധിക്കാനായി മതിലുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല പട്ടാളം, അഗ്‌നിശമനസേന, ആസ്​പത്രി സൗകര്യങ്ങള്‍ എന്നിവ ഏകോപിപ്പിച്ചുള്ള സംവിധാനങ്ങളുമുണ്ട്. അടിത്തറ വളരെ ശക്തമാക്കിക്കൊണ്ടുള്ള ഭവനനിര്‍മാണരീതിയാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്. സ്‌കൂളിലും മറ്റും ഇത് പാഠ്യവിഷയവുമാണ്.

ഭൂകമ്പമേഖലയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ശാന്തസമുദ്രത്തില്‍ സുനാമികള്‍ സാധാരണമാണെങ്കിലും ഇന്ത്യന്‍മഹാസമുദ്രത്തില്‍ ഇവ കുറവാണ്.

ശാന്തസമുദ്രത്തിലെ സുനാമികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനായി 26 രാജ്യങ്ങളെ ഉള്‍പ്പെടുത്തി 'പസഫിക് വാണിങ് സിസ്റ്റം' രൂപപ്പെടുത്തിയിട്ടുണ്ട്. എവിടെയെങ്കിലും സുനാമിയുണ്ടായാല്‍ ഉടന്‍തന്നെ ഇവയുടെ കീഴിലുള്ള നിരീക്ഷണകേന്ദ്രങ്ങള്‍ സുനാമി ബുള്ളറ്റിന്‍ പുറത്തിറക്കും. സുനാമി ആഞ്ഞടിക്കാന്‍ സാധ്യതയുള്ള എല്ലാ രാജ്യങ്ങളിലും ഈ വിവരം നല്‍കും.

അലാസ്‌ക്കയിലെ പാമീറിലുള്ള അലാസ്‌ക്ക സുനാമി വാണിങ് സെന്റര്‍, ഹവായിലുള്ള പസഫിക് സുനാമി വാണിങ് സെന്റര്‍ എന്നിവ അന്താരാഷ്ട്രതലത്തിലുള്ള സുനാമി മുന്നറിയിപ്പു കേന്ദ്രങ്ങളാണ്. സുമാത്ര സുനാമിയെത്തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലും സുനാമി നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. റിക്ടര്‍ സെ്കയിലില്‍ 7.5-ല്‍ കൂടുതല്‍ തീവ്രതയുള്ള സമുദ്രഭൂകമ്പങ്ങള്‍ ഉണ്ടായാല്‍ സുനാമിക്ക് സാധ്യതയുണ്ട്. ഇതനുസരിച്ചാണ് നിരീക്ഷണ കേന്ദ്രങ്ങള്‍ സുനാമി മുന്നറിയിപ്പ് നല്‍കുന്നത്. സുനാമി രൂപപ്പെടുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സമയം അധികം കിട്ടില്ലെങ്കിലും മറ്റു സ്ഥലങ്ങളില്‍ സമയം വേണ്ടത്ര കിട്ടും.സുമാത്ര സുനാമി 15 മിനിറ്റിനുള്ളില്‍ അവിടെ ആഞ്ഞടിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 4500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇത് ഏഴു മണിക്കൂറോളം എടുത്തിരുന്നു. ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ ആഞ്ഞടിച്ചത് സുമാത്രയില്‍ സുനാമി ഉണ്ടായി ഏഴു മണിക്കൂര്‍ കഴിഞ്ഞാണ്. സുമാത്രയില്‍ 30 മീറ്റര്‍ ഉയരത്തിലാണ് സുനാമികള്‍ ആഞ്ഞടിച്ചത്. ഇവിടെ ഭൂവല്‍ക്കത്തില്‍ 1200 കിലോമീറ്റര്‍ നീളത്തിലുള്ള പ്രദേശമാണ് ഉയര്‍ന്നുപൊങ്ങിയത്.



ganangal

 

Interactive Design: T.G.Dileep


മറ്റു വാര്‍ത്തകള്‍

  12 »
japan_before_and_after tsunami 3 photogallery tsunami tsunami 2 photogallery
Discuss