'സുനാമി' എന്ന കൊലയാളിത്തിര
Posted on: 12 Mar 2011

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 2004-ലുണ്ടായ 'സുനാമി'യോടെയാണ് കേരളത്തിന് ആ വാക്ക് പരിചിതമായത്. ഇന്‍ഡൊനീഷ്യയിലെ സുമാത്ര ദ്വീപിലായിരുന്നു ഒമ്പത് തീവ്രതയുള്ള ഭൂകമ്പം തുടര്‍ന്നടിച്ച സുനാമി ആദ്യമുണ്ടായത്. കേരളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ തീരത്ത് ആള്‍പ്പൊക്കത്തില്‍ വീശിയ 'കൊലയാളിത്തിര'യില്‍ പതിനായിരത്തിലേറെ ജീവന്‍ അന്ന് പൊലിഞ്ഞു.
അപ്രതീക്ഷിതമായി പൊങ്ങിയുയരുന്ന കൊലയാളിത്തിരയുടെ ദുരന്തം ഏറ്റവുമധികം അനുഭവിച്ച ജപ്പാന്‍കാരാണ് അതിന് 'സുനാമി'എന്ന് പേരിട്ടത്. തുറമുഖത്തിരകള്‍ എന്നാണ് ഈ പദത്തിനര്‍ഥം. ശരവേഗത്തില്‍ കടലുകള്‍ താണ്ടുന്ന പടുകൂറ്റന്‍ തിരമാലകളാണ് 'സുനാമി'യുടെ പ്രത്യേകത. സമുദ്രാന്തര്‍ഭാഗത്തുണ്ടാകുന്ന ഭൂകമ്പങ്ങളാണ് ഈ തിരകളുണ്ടാക്കുന്നത്. ഭൂകമ്പം തന്നെയാവണമെന്നില്ല ഇതിന് കാരണം. അഗ്‌നിപര്‍വത സ്‌ഫോടനമോ കടലിനടിയില്‍ നടക്കുന്ന മറ്റ് സ്‌ഫോടനങ്ങളോ ആണവ പരീക്ഷണം പോലും വന്‍ തിരമാലകളുണ്ടാക്കാം.
ചരിത്രത്തില്‍ ആദ്യമായി വെങ്കലയുഗത്തില്‍ ഈ പ്രതിഭാസമുണ്ടായതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ക്രിസ്തുവിന് മുമ്പ് 1490-മാണ്ടിലായിരുന്നു അത്. പുരാതന ഗ്രീസിലുണ്ടായതായി രേഖപ്പെടുത്തിയിട്ടുള്ള 613 ഭൂകമ്പങ്ങളില്‍ ചുരുങ്ങിയത് നാല്‍പ്പതെണ്ണം സുനാമിയില്‍ കലാശിച്ചതായി പറയുന്നു.
ഒരു ദശകത്തില്‍ ശരാശരി 57 സുനാമികളുണ്ടാകുന്നുവെന്നാണ് ഭൂഗര്‍ഭശാസ്ത്രജ്ഞരുടെ കണക്ക്. എന്നാല്‍ ഇവയെല്ലാം ദുരന്തകാരികളല്ല. കടലിനടിയിലുണ്ടാകുന്ന വന്‍ ഭൂകമ്പങ്ങളുണ്ടാക്കുന്ന 'കൊലയാളിത്തിര'കള്‍ മാത്രമേ വന്‍ നാശമുണ്ടാക്കാറുള്ളൂ. തിരകളുടെ ഈ പ്രഹരം തടയാനാവില്ല. പ്രകൃതി പ്രതിഭാസമായതിനാല്‍ മാനുഷിക ശേഷികൊണ്ട് അതിനെ തടയാനുമാവില്ല. തക്കതായ മുന്നറിയിപ്പു സംവിധാനങ്ങളുപയോഗിച്ച് കുറേ മനുഷ്യജീവനുകള്‍ രക്ഷിക്കാനാവുമെന്നേയുള്ളൂ.