Mathrubhumi Logo
  japan tsunami

എന്നും കരുതലോടെ...

Posted on: 12 Mar 2011

പ്രളയം കാത്തിരിക്കുന്ന തീരം പോലെയാണ് ജപ്പാന്‍. ചരിത്രം ദുരന്തപാഠങ്ങള്‍ പഠിപ്പിച്ചൊരുക്കിവെച്ചിരിക്കുന്ന ജനതയായതിനാല്‍ ഒരു തിരമാല പ്രഹരം ഉറക്കത്തിലും ജപ്പാന്റെ ബോധത്തിലുണ്ടാകും. 'അഗ്‌നിവൃത്ത'ത്തില്‍ പെട്ടുപോയ നാടിന് ഭൂകമ്പങ്ങളും സുനാമികളും തലവരയാണ്. അതിനാല്‍ അതിജീവനത്തിന് വഴിയൊരുക്കി കരുതിയിരിക്കുകയാണ് അവര്‍ എപ്പോഴും.

അക്ഷരങ്ങള്‍ക്കൊപ്പം അതിജീവനത്തിന്റെ പാഠവും അവിടത്തെ കുഞ്ഞുങ്ങള്‍ പഠിക്കുന്നു. ഒരു ഭൂകമ്പമുണ്ടായാല്‍ എന്തു ചെയ്യണമെന്ന് ക്ലാസ് മുറികളില്‍ അവര്‍ അഭ്യസിക്കുന്നു. ഡെസ്‌കിനടിയില്‍ ഒളിക്കാന്‍ കുഞ്ഞുങ്ങള്‍ പഠിക്കുമ്പോള്‍ തൊട്ടടുത്ത തുറസ്സിലേക്ക് - പാര്‍ക്കിലേക്കോ മൈതാനത്തേക്കോ -ഓടിരക്ഷപ്പെടാനാണ് മുതിര്‍ന്നവര്‍ക്ക് നല്‍കിയിരിക്കുന്ന പാഠം. ഇത്തരത്തില്‍ ദുരന്തത്തെ കൈകാര്യം ചെയ്യാന്‍ രാജ്യം സജ്ജമായിരിക്കുന്നതിനാലാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പം, ചരിത്രത്തിലെ ഏറ്റവും വലിയ ജീവനാശിനി ആകാഞ്ഞത്.

ചെറു ഭൂകമ്പങ്ങള്‍ സാധാരണമാണ് ജപ്പാനില്‍. ഭരണകൂടത്തിന്റെ ഇടപെടലുകളില്ലാതെ തന്നെ അവയെ കൈകാര്യം ചെയ്യാന്‍ നാട്ടുകാര്‍ക്കറിയാം. എന്നാല്‍, ഇപ്പോഴത്തെ ഭൂകമ്പം പോലെ അത്യന്തം അപകടകാരികളുണ്ടായാല്‍ നേരിടാന്‍ ജപ്പാന് കൃത്യമായ സംവിധാനങ്ങളുണ്ട്. കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പോലും ദുരിതത്തെ അതിജീവിക്കാന്‍ കഴിയുംവിധത്തിലാണ്. ഭൂകമ്പ, സുനാമി നിരീക്ഷണ സംവിധാനങ്ങള്‍ക്കായി സര്‍ക്കാര്‍ വന്‍ തുകയാണ് നീക്കിവെക്കുന്നത്.

1952-ല്‍ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിക്ക് (ജെ.എം.എ.) കീഴില്‍ സുനാമി മുന്നറിയിപ്പ് സംവിധാനം നിലവില്‍ വന്നു. ആറ് പ്രാദേശിക കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഭൂകമ്പസാധ്യത നിരീക്ഷിച്ചുവരുന്നു. കടലിലും കരയിലുമുണ്ടാകുന്ന ഓരോ ചെറുചലനവും ഈ നിരീക്ഷണത്തിന്റെ പരിധിയിലാണ്. ഈ നിരീക്ഷണ സംവിധാനത്തെ ഭൂകമ്പ-സുനാമി നിരീക്ഷണ സംവിധാനം എന്നാണ് വിളിക്കുന്നത്.

ഭൂകമ്പമുണ്ടായി മൂന്നു മിനിറ്റിനുള്ളില്‍ സുനാമി മുന്നറിയിപ്പ് നല്‍കാന്‍ ഈ സംവിധാനത്തിനാകും. ഭൂമി ഒന്നനങ്ങിയാല്‍ അതിന്റെ തീവ്രതയും പ്രഭവകേന്ദ്രവും ഉടന്‍ തന്നെ ദേശീയ ടെലിവിഷനായ എന്‍.എച്ച്.കെ.യില്‍ ഫ്‌ളാഷായി നല്‍കും. സുനാമി മുന്നറിയിപ്പുണ്ടോ ഉണ്ടെങ്കില്‍ എവിടെ എന്ന വിവരം പിന്നാലെ വരും. മുന്നറിയിപ്പ് നല്‍കാനായി എല്ലാ പട്ടണങ്ങളിലും നഗരങ്ങളിലും ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമീണര്‍ക്ക് പ്രാദേശിക ഭരണകൂടം റേഡിയോകള്‍ നല്‍കിയിട്ടുണ്ട്. സുനാമി അറിയിപ്പും ഒഴിഞ്ഞുപോകാനുള്ള നിര്‍ദേശവും അപ്പപ്പോള്‍ ഇതുവഴി അറിയിക്കും.

കെട്ടിടങ്ങളുടെ നിര്‍മിതിയും പ്രത്യേക രീതിയിലാണ്. വന്‍ തൂണുകളില്‍ ഉറപ്പിച്ചുയര്‍ത്തിയിരിക്കുന്ന കൂറ്റന്‍ എടുപ്പുകള്‍ അതിനാല്‍ത്തന്നെ ഭൂമികുലുങ്ങുമ്പോള്‍ ആടിയുലയുകയേ ഉള്ളൂ. കുലുങ്ങി വീഴുകയില്ല. 1995-ല്‍ കോബെഷിയില്‍ ഒന്നരലക്ഷം പേരുടെ ജീവനപഹരിച്ച ഭൂകമ്പമുണ്ടായ ശേഷം കെട്ടിട നിര്‍മാണത്തില്‍ പുതിയ ചട്ടങ്ങളും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. ചില തീരങ്ങളില്‍ ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന സുനാമി പുനരധിവാസ കെട്ടിടങ്ങളുമുണ്ട്. ചിലയിടങ്ങളില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ചീര്‍പ്പുകളും സ്ഥാപിച്ചിട്ടുണ്ട്.

നിശ്ചിത തീവ്രതയിലും കൂടിയ ഭൂചലനമുണ്ടായാല്‍ അതിവേഗ തീവണ്ടികള്‍ നില്‍ക്കും. ആണവനിലയങ്ങളും മറ്റ് പ്ലാന്റുകളും താല്‍ക്കാലികമായി താനേ അടയും. ഇത്രയധികം മുന്‍കരുതലുകളുണ്ടെങ്കിലും ജപ്പാന്റെ ജീവിതത്തില്‍ ദുരന്തങ്ങളേല്‍പ്പിക്കുന്ന സാമ്പത്തിക തകര്‍ച്ച കുറയുന്നില്ലെന്നതാണ് വാസ്തവം.



ganangal

 

Interactive Design: T.G.Dileep


മറ്റു വാര്‍ത്തകള്‍

  12 »
japan_before_and_after tsunami 3 photogallery tsunami tsunami 2 photogallery
Discuss