കേരളത്തെയും തകര്‍ത്ത വന്‍തിര
Posted on: 12 Mar 2011
2004 ഡിസംബര്‍ 26-ന് ഓര്‍ക്കാപ്പുറത്താണ് കടല്‍ കമിഴ്ത്തിയൊഴിച്ചപോലെ തിര തീരം വിഴുങ്ങിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6.29-ന് ഇന്‍ഡൊനീഷ്യയിലെ സുമാത്ര ദ്വീപില്‍ റിക്ടര്‍ സെ്കയിലില്‍ 9.1 തീവ്രതയില്‍ ഭൂമി കുലുങ്ങി. അടിച്ചുയര്‍ന്ന തിരമാലകള്‍ കൊണ്ടുപോയത് രണ്ടേമുക്കാല്‍ ലക്ഷം ജീവന്‍. അടിച്ചൊഴുക്കിക്കളഞ്ഞത് ഒരായുസ്സിന്റെ അധ്വാനവും സമ്പാദ്യവും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തിരയിളക്കം അതിന്റെ പ്രഭവസ്ഥാനത്തു നിന്ന് 1600 കി.മീ. അകലെ ശ്രീലങ്കയിലും ഇങ്ങ് കേരളത്തില്‍ വരെയുമെത്തി. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലകളുടെ തീരങ്ങളെയും തിര നക്കിയെടുത്തു. 171 പേര്‍ കേരളത്തില്‍ മാത്രം മരിച്ചു. ഇന്ത്യയിലാകെ പതിനൊന്നായിരത്തിലേറെപ്പേര്‍ മരിച്ചെന്നാണ് കണക്ക്. മാലെ ദ്വീപിന്റെ തലസ്ഥാനമായ മാലെയുടെ മൂന്നില്‍ രണ്ടുഭാഗവും വെള്ളത്തിലായി. രാജ്യത്തിന്റെ ഭാഗമായ ഡസണ്‍കണക്കിന് ദ്വീപുകളെയും വെള്ളം മുക്കി. വിനോദ സഞ്ചാരം മുഖ്യവരുമാനമാര്‍ഗമായ ആ രാജ്യത്തിന്റെ സാമ്പത്തികനില തകിടം മറിഞ്ഞു. ശ്രീലങ്കയില്‍ പത്തു ലക്ഷം പേരെ കടല്‍ക്ഷോഭം ബാധിച്ചു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ അഞ്ച്ശതമാനമാണിത്. കൊലയാളിത്തിരയുടെ അടുത്ത ലക്ഷ്യം ജപ്പാനാണെന്ന് അന്നേ ഭൗമശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.