Mathrubhumi Logo
  CentralBudget_2011_Heading

സേവന നികുതി കൂടുതല്‍ മേഖലകളില്‍

Posted on: 28 Feb 2011

4000 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യം
ചികിത്സയ്ക്കും വിമാനയാത്രയ്ക്കും ചെലവേറും


ന്യൂഡല്‍ഹി: പൊതുജബറ്റില്‍ 4,000 കോടിയുടെ അധികവരുമാനം ലക്ഷ്യമിട്ട് സേവന നികുതി ശൃംഖല വിപുലീകരിച്ചു. ചരക്കു സേവന നികുതി നടപ്പാക്കുന്നതിനു മുന്നോടിയായിട്ടാണ് കൂടുതല്‍ മേഖലകളെ സേവന നികുതിയുടെ പരിധിയിലേക്ക് കൊണ്ടുവരുന്നതെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. നികുതിയടയ്ക്കാന്‍ കഴിയുന്ന വിഭാഗങ്ങഉുമായി ബന്ധപ്പെട്ട മേഖലകളാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

* 25 കിടക്കകള്‍ക്കു മുകളിലുള്ള പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ആസ്​പത്രികളില്‍ ചികിത്സ ഇനി ചെലവേറിയതാകും. ഇത്തരം ആസ്​പത്രികള്‍ ഇനിമുതല്‍ അഞ്ചു ശതമാനം സേവന നികുതി നല്‍കണം. കഴിഞ്ഞ ബജറ്റില്‍ ആസ്​പത്രി ചികിത്സയ്ക്കും പരിശോധനയ്ക്കും ഏര്‍പ്പെടുത്തിയ നികുതിക്കു പകരമാണ് പുതിയ നിര്‍ദേശമെന്ന് പ്രണബ് വ്യക്തമാക്കി. ലബോറട്ടറി പരിശോധനകള്‍ക്കും അഞ്ചു ശതമാനം സേവന നികുതി ബാധകമാണ്. എന്നാല്‍, എല്ലാ വിഭാഗം സര്‍ക്കാര്‍ ആസ്​പത്രികളെയും നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

* ആഭ്യന്തര വിമാനയാത്രയ്ക്കുള്ള സേവന നികുതി 150 രൂപയായി കൂട്ടി. വിദേശയാത്രയ്ക്കു 750 രൂപയും സേവനികുതി നല്‍കണം. ഉയര്‍ന്ന ക്ലാസിലുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് പത്തു ശതമാനം സേവന നികുതിയാണ് നിര്‍ദേശിച്ചത്. അന്താരാഷ്ട്ര വിമാനയാത്രയുടെ നിരക്കുമായി ഏകോപിപ്പിക്കാനാണ് ഇതെന്ന് ധനമന്ത്രി വ്യക്തമാക്കി.

* ആയിരം രൂപയ്ക്കു മുകളില്‍ വാടകയുള്ള ഹോട്ടല്‍ മുറികള്‍ക്ക് അഞ്ചു ശതമാനം സേവന നികുതി നല്‍കണം. മദ്യം വിളമ്പാന്‍ ലൈസന്‍സുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത റസ്റ്റോറന്റുകളും മൂന്നു ശതമാനം നികുതിക്കു വിധേയമായിരിക്കും.

* ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഇനി മുതല്‍ യുലിപ്പിന്റെ (യൂണിറ്റ് ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതി) മാതൃകയില്‍ നികുതി നല്‍കണം. വ്യവസായ-ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വ്യക്തികള്‍ നല്‍കുന്ന നിയമോപദേശവും ബിസിനസ് സ്ഥാപനങ്ങള്‍ വ്യക്തികള്‍ക്ക് നല്‍കുന്ന ഉപദേശങ്ങളും സേവന നികുതിയുടെ പരിധിയില്‍ കൊണ്ടു വന്നു. എന്നാല്‍, വ്യക്തികള്‍ക്കു വ്യക്തികള്‍ നല്‍കുന്ന നിയമ സേവനങ്ങള്‍ നികുതിയുടെ പരിധിയില്‍ വരില്ല.

നിലവില്‍ സേവന നികുതിയുടെ പരിധിയിലുള്ളവരില്‍ ഭൂരിപക്ഷവും വ്യക്തിഗത സേവനദാതാക്കളും സോള്‍ പ്രൊപ്രൈറ്റര്‍മാരുമാണ്. ഓഡിറ്റ് നടത്തുന്ന കാലയളവില്‍ ഇവരുടെ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം താളംതെറ്റും. ഇതു കണക്കിലെടുത്ത് 60 ലക്ഷം വരെ വിറ്റുവരവുള്ള നികുതിദായകരായ വ്യക്തികളെയും സോള്‍പ്രൊപ്രൈറ്റര്‍മാരെയും ഓഡിറ്റില്‍ നിന്നൊഴിവാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

സേവന നികുതിയുമായി ബന്ധപ്പെട്ട ശിക്ഷകളും പുനഃക്രമീകരിക്കും. നികുതിയടയ്ക്കാന്‍ കഴിയാതെ വരികയും എന്നാല്‍, രേഖകളെല്ലാം കൃത്യമായി സൂക്ഷിക്കുകയും ചെയ്യുന്നവരോട് കര്‍ക്കശ നിലപാട് സ്വീകരിക്കില്ല. എന്നാല്‍, മനഃപൂര്‍വം നികതിയടയ്ക്കാതിരിക്കുകയും രേഖകള്‍ സൂക്ഷിക്കാതിരിക്കുകയും ചെയ്യുന്നവര്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരും- ധനമന്ത്രി മുന്നറിയിപ്പ് നല്‍കി.




ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

budget 2011  pdf budget 2011 charcha
Discuss