Mathrubhumi Logo
  CentralBudget_2011_Heading

ആദായനികുതി വരുമാനപരിധി ഉയര്‍ത്തി

Posted on: 28 Feb 2011

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇളവുകള്‍; പ്രായം 60 ആക്കി കുറച്ചു
വനിതകള്‍ക്ക് പരിധി ഇളവ് പഴയ നിരക്കില്‍ത്തന്നെ




ന്യൂഡല്‍ഹി: ആദായനികുതി നല്‍കേണ്ട ഉയര്‍ന്ന വരുമാനപരിധി പ്രതിവര്‍ഷം 1,60,000 രൂപയില്‍ നിന്ന് 1,80,000 രൂപയായി ഉയര്‍ത്തി. ധനമന്ത്രി പ്രണബ് മുഖര്‍ജി തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2011-12 വര്‍ഷത്തേക്കുള്ള പൊതുബജറ്റിലാണ് സുപ്രധാനമായ ഈ നിര്‍ദേശം. പൊതു വിഭാഗത്തില്‍പ്പെട്ട ആദായ നികുതിദായകര്‍ക്ക് 2000 രൂപയുടെ ആശ്വാസം ലഭിക്കുമെന്ന് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ നിന്നു വ്യത്യസ്തമായി, വനിതകള്‍ക്കു പ്രത്യേക പരിധി ഇളവ് നല്‍കിയിട്ടില്ല. കഴിഞ്ഞ
വര്‍ഷത്തെ പരിധിയായ 1,90,000രൂപ എന്നതു തുടരും.

ആദായനികുതി നല്‍കേണ്ട വരുമാനപരിധി ഉയര്‍ത്തിക്കൊണ്ടും മറ്റു പ്രത്യക്ഷനികുതി ഇളവുകള്‍ നല്‍കിക്കൊണ്ടുമുള്ള ബജറ്റില്‍ ഖജനാവിന് പ്രതീക്ഷിക്കുന്ന വരുമാനനഷ്ടം 11,500 കോടി രൂപയാണ്.

പ്രത്യക്ഷനികുതി ചട്ടങ്ങള്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ ഇരിക്കുന്നതുകൊണ്ട്, ഇതിലെ നിരക്കുകളോട് യോജിച്ചുപോകുന്ന പരിധിയാണ് താന്‍ നിര്‍ദേശിച്ചതെന്ന് പ്രണബ് വ്യക്തമാക്കി. മുതിര്‍ന്ന വ്യക്തികള്‍ക്ക് ആദായനികുതിയില്‍ പ്രത്യേകപരിഗണന നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന പൗരനായി പരിഗണിക്കപ്പെടാനുള്ള പ്രായം 65-ല്‍ നിന്ന് 60 ആയി കുറച്ചു എന്നതാണ് ഒന്ന്. ആദായനികുതി ഒഴിവാക്കാനുള്ള വരുമാനപരിധി ഇവര്‍ക്ക് 2,40,000 രൂപയില്‍ നിന്ന് 2,50,000 രൂപയാക്കി ഉയര്‍ത്തി. ഏറെ മുതിര്‍ന്ന പൗരന്മാരുടെ ഒരു വിഭാഗത്തെ ഈ ബജറ്റില്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. 80-നു മുകളില്‍ പ്രായമുള്ളവരാണിവര്‍. അഞ്ചുലക്ഷം വരെ പ്രതിവര്‍ഷവരുമാനത്തിന് ഇവര്‍ക്കു നികുതി നല്‍കേണ്ടതില്ല.

കാര്‍പ്പറേറ്റുകള്‍ക്കു സഹായകമായ നിലപാടാണ് മറ്റൊന്ന്. കമ്പനികളുടെ മേലുള്ള സര്‍ചാര്‍ജ് ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിന്റെ ഭാഗമായി, 7.5 എന്ന ഇപ്പോഴത്തെ നിരക്ക് അഞ്ചു ശതമാനമായി കുറയ്ക്കും. മാറ്റ്(മിനിമം ആള്‍ട്ടര്‍നേറ്റ് നികുതി) നിരക്ക് അതേ രീതിയില്‍ നിലനിറുത്താനായി, ഇപ്പോഴത്തെ 18 ശതമാനം നിരക്ക് 18.5 ആയി ഉയര്‍ത്തുകയും ചെയ്തു. പ്രത്യേകസാമ്പത്തിക മേഖലകള്‍ക്കും (എസ്.ഇ.ഇസഡ്) അവയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ക്കും 'മാറ്റ്' ഏര്‍പ്പെടുത്തുകയും ചെയ്തു.

വിദേശഫണ്ടുകള്‍ ആകര്‍ഷിക്കാന്‍ വേണ്ടി അടിസ്ഥാനസൗകര്യവായ്പാഫണ്ടുകള്‍ രൂപവത്കരിക്കും. ഈ വായ്പയുടെ പലിശനിരക്കുകള്‍ ഇപ്പോഴത്തെ 20 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കും. ഫണ്ടില്‍ നിന്നുള്ള വരുമാനത്തെ നികുതിയില്‍ നിന്നൊഴിവാക്കും.

സമ്പാദ്യം വര്‍ധിപ്പിക്കുന്നതിനും ആഭ്യന്തരഫണ്ടുകള്‍ സ്വരൂപിക്കുന്നതിനും ദീര്‍ഘകാല അടിസ്ഥാനസൗകര്യ ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന തുകകള്‍ക്ക് 20,000 രൂപയുടെ അധികകിഴിവ് നല്കുന്നതായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു-ഇത് ഇക്കൊല്ലവും തുടരും. വിദേശത്തുള്ള അനുബന്ധകമ്പനിയില്‍ നിന്ന് ഒരു ഇന്ത്യന്‍ കമ്പനിക്ക് കിട്ടുന്ന ലാഭവിഹിതത്തിന്മേലുള്ള നികുതി 15 ശതമാനമായി കുറച്ചു.

വളം ഉത്പാദനരംഗത്തും നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലുള്ള നികുതികിഴിവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെലവ് കുറഞ്ഞ ഭവനനിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും നിക്ഷേപത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നികുതികിഴിവ് ലഭിക്കും. ദേശീയലാബുകള്‍, സര്‍വകലാശാലകള്‍, ശാസ്ത്രഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കു നല്‍കുന്ന തുകയുടെ മേല്‍ നേരത്തേ നല്‍കിയിരുന്ന 175 ശതമാനം കിഴിവ് 200 ശതമാനമാക്കി.




ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

budget 2011  pdf budget 2011 charcha
Discuss