Mathrubhumi Logo
  CentralBudget_2011_Heading

കാര്‍ഷികവായ്‌പ: പലിശയിളവ് കൂട്ടി

Posted on: 28 Feb 2011

ന്യൂഡല്‍ഹി: ഇക്കൊല്ലം ഒരുലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പ അധികമായി നല്‍കും. എഴുശതമാനം നിരക്കില്‍ എടുക്കുന്ന ഹ്രസ്വകാല വായ്പയ്ക്കുള്ള പലിശയിളവ് കൂട്ടി നിശ്ചിതസമയത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നുശതമാനമാവും പലിശയിളവ്.

കഴിഞ്ഞകൊല്ലം ഒരു ശതമാനം പലിശയിളവാണ് നല്‍കിയത്. ഫലത്തില്‍ 2011-12 വര്‍ഷം കര്‍ഷകര്‍ക്ക് നാലുശതമാനം പലിശയിളവ് ലഭിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. 4,75,000 കോടി രൂപയുടെ കാര്‍ഷിക വായ്പയാണ് ലക്ഷ്യമിട്ടത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം വിലകൂടിയ സാധനങ്ങളില്‍ 70 ശതമാനവും ഭക്ഷ്യവസ്തുക്കളാണ്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മാംസം, കോഴിയിറച്ചി, മത്‌സ്യം തുടങ്ങിയവയുടെ വിലക്കയറ്റം കണക്കിലെടുത്ത് അവയുടെ ഉത്പാദനത്തിലും വിതരണത്തിലുമുള്ള പിഴവ് ഇല്ലാതാക്കാന്‍ രാഷ്ട്രീയകൃഷി വികാസ് പദ്ധതി ശക്തിപ്പെടുത്തും. ഇതിനായി ബജറ്റില്‍ 7,860 കോടി രൂപ വകയിരുത്തി. കഴിഞ്ഞകൊല്ലം ഈ പദ്ധതി പ്രകാരം അനുവദിച്ചത് 6,755 കോടി രൂപയായിരുന്നു.

കൃഷിയുമായി ബന്ധപ്പെട്ട് ബജറ്റില്‍ പ്രഖ്യാപിച്ച മറ്റ് പദ്ധതികളും നീക്കിയിരിപ്പും ഇപ്രകാരമണ്

*പാമോയില്‍ കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാന്‍ 300 കോടി രൂപ. 60,000 ഹെക്ടറില്‍ പാമോയില്‍ കൃഷി ചെയ്യും. 2009-10-ല്‍ 249 ലക്ഷം ടണ്ണായിരുന്നു പാമോയില്‍ ഉത്പാദനം. 2010-11-ല്‍ 278 ലക്ഷം ടണ്ണായി. ഭക്ഷ്യ എണ്ണയുടെ ഉത്പാദനം കൂട്ടേണ്ടതാവശ്യമാണ്.

*പച്ചക്കറി ഉത്പാദനത്തിനും വിതരണത്തിനും ഫലപ്രദമായ ശൃംഖല ഉണ്ടാക്കും. തുടക്കത്തില്‍ നഗരങ്ങളെ കേന്ദ്രീകരിച്ചായിരിക്കുമിത്. ഈ പദ്ധതിക്ക് 300 കോടി രൂപ.

*ബാജ്‌റ, റാഗി, ജോഹര്‍ തുടങ്ങിയ പോഷക സമൃദ്ധമായ ധാന്യങ്ങളുടെ ഉത്പാദനവും ലഭ്യതയും കുറയുന്നു. ആ സ്ഥിതി മാറണം. അതിനായി 300 കോടി രൂപയുടെ പദ്ധതി. തുടക്കത്തില്‍ 25,000 ഗ്രാമങ്ങളിലെ 1000 ബ്ലോക്കുകളില്‍ പദ്ധതി നടപ്പാക്കും.

*മൃഗജന്യമാംസ്യാഹാരത്തിന്റെ ഉപഭോഗം അടുത്തകാലത്ത് വര്‍ധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ദേശീയ പരിപാടിക്ക് 300 കോടി രൂപ. കന്നുകാലി, പന്നി, ആട് എന്നിവയെ വളര്‍ത്തല്‍, മത്‌സ്യ ബന്ധനം തുടങ്ങിയവയ്ക്കാണ് ഈ തുക.

*കാലിത്തീറ്റയുടെ ലഭ്യത വര്‍ഷം മുഴുവന്‍ ഉറപ്പുവരുത്താന്‍ ഊര്‍ജിത കാലിത്തീറ്റ വികസന പരിപാടിക്ക് 300 കോടി രൂപ. 25,000 ഗ്രാമങ്ങളിലെ കൃഷിക്കാര്‍ക്ക് പദ്ധതി പ്രയോജനപ്പെടും.

*കാര്‍ഷിക വായ്പ നല്‍കാന്‍ നബാര്‍ഡിന്റെ മൂലധന അടിത്തറ ശക്തിപ്പെടുത്തും. അതിനായി 3,000 കോടി രൂപ നീക്കിവെച്ചു. നബാര്‍ഡിന്റെ ഹ്രസ്വകാല ഗ്രാമീണ വായ്പയ്ക്കുവേണ്ടി 10,000 കോടി രൂപ വേറെയും അനുവദിച്ചു.

*രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പഴം-പച്ചക്കറികളുടെ 40 ശതമാനവും യഥാര്‍ഥ സംഭരണമില്ലാത്തതിനാല്‍ നശിക്കുന്നു. അതൊഴിവാക്കാന്‍ ഇക്കൊല്ലം 15 മെഗാ ഭക്ഷ്യ പാര്‍ക്കുകള്‍ സ്ഥാപിക്കും.

*ഭക്ഷ്യധാന്യങ്ങളുടെ സംഭരണം ശക്തിപ്പെടുത്തും. സ്വകാര്യസംരംഭകരുടെ പങ്കാളിത്തത്തോടെ 159 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം സൂക്ഷിക്കാവുന്ന സംവിധാനം ഉണ്ടാക്കും. ഇക്കൊല്ലം 24 ശീതസംഭരണികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതിനുപുറമേ 107 ശീത സംഭരണികള്‍ കൂടി സ്ഥാപിക്കും.





ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

budget 2011  pdf budget 2011 charcha
Discuss