Mathrubhumi Logo
  CentralBudget_2011_Heading

ഉള്ള ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞു, ബജറ്റില്‍ ഐ.ടി മേഖലയ്ക്ക് നിരാശ

Posted on: 28 Feb 2011

ബാംഗ്ലൂര്‍: പുതുതായി ഒന്നും കിട്ടിയില്ല. ഉണ്ടായിരുന്ന ആനുകൂല്യങ്ങളാകട്ടെ പിന്‍വലിക്കുകയും ചെയ്തു. പ്രണബ് മുഖര്‍ജിയുടെ 2011-12 ബജറ്റില്‍ ഐടി വ്യവസായമേഖലയ്ക്ക് നിരാശയും പ്രതിഷേധവും.

ഐടി വ്യവസായം അനുഭവിച്ചുവന്ന നികുതിയിളവുകള്‍ പിന്‍വലിച്ചത് കനത്ത തിരിച്ചടിയായെന്ന് രാജ്യത്തെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി സ്ഥാപനങ്ങളുടെ സംഘടനയായ നാസ്‌കോം പ്രതികരിച്ചു. ആനുകൂല്യങ്ങള്‍ പിന്‍വലിച്ചത് ചെറുകിട, ഇടത്തരം ഐ.ടി കമ്പനികളുടെ നിലനില്‍പ്പിനെയും വളര്‍ച്ചയേയും ഗുരുതരമായി ബാധിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി.ഐ.ഐ) ഐ.ടി വ്യവസായവിഭാഗം മേധാവി ബി.വി. മോഹന്‍ റെഡ്ഢിയും പറഞ്ഞു.

പ്രത്യേക കയറ്റുമതിമേഖലയില്‍ (സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്കുകള്‍ ഉള്‍പ്പടെ) പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനികളുടെ മേല്‍ 18.5 ശതമാനം മിനിമം ആള്‍ട്ടര്‍നേറ്റീവ് ടാക്‌സ് (മാറ്റ്) ചുമത്തുമെന്നാണ്് ബജറ്റിലെ പ്രഖ്യാപനം. ഒപ്പം 10എ, 10ബി വകുപ്പുകള്‍ അനുസരിച്ച് ഐടി കമ്പനികള്‍ക്ക് ലഭിച്ചിരുന്ന എല്ലാ നികുതിയിളവുകളും പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

പ്രത്യേക സാമ്പത്തികമേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഐടി കമ്പനികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റാനുകൂല്യങ്ങളെ ഫലത്തില്‍ ഇല്ലതാക്കുന്നതാണ് മാറ്റ് ഏര്‍പ്പെടുത്തിയതിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് നാസ്‌കോം ചൂണ്ടിക്കാട്ടി. ഈ കമ്പനികള്‍ക്ക് ലാഭത്തിന്മേലുള്ള നികുതിയിളവുകള്‍ 2014 വരെ നിലവിലുള്ളതുമണ്. മാറ്റ് ഏര്‍പ്പെടുത്തിയതോടെ ഈ ഇളവുകളുടെ നേട്ടം ഇല്ലാതാവുകയാണ് ചെയ്യുക.

പ്രത്യേക സാമ്പത്തികമേഖലകളിലും ടെക്‌നോ പാര്‍ക്കുകളിലും പ്രര്‍ത്തിക്കുന്നവയിലേറെയും ചെറുകിട-ഇടത്തരം ഐടി സംരംഭങ്ങളായിരിക്കെ പുതിയ നികുതി അടിച്ചേല്‍പ്പിക്കുന്നതിലൂടെ ഇത്തരം കമ്പനികളുടെ നിലനില്‍പ്പും വളര്‍ച്ചയും പ്രതിസന്ധിയിലാകുമെന്നും നാസ്‌കോം ചൂണ്ടിക്കാട്ടി. ഇടത്തരം പട്ടണങ്ങളിലേക്കുള്ള ഐ.ടി.ബി.പി.ഒ. വ്യവസായത്തിന്റെ വളര്‍ച്ചയും ഇത് തടയും.

10എ, 10ബി എന്നീ വകുപ്പുകളില്‍ ലഭിച്ചിരുന്ന നികുതിയാനുകൂല്യം പിന്‍വലിച്ചത് ഐ.ടി.ബി.പി.ഒ. വ്യവസായമേഖലയ്ക്കാകെ തിരിച്ചടിയായിരിക്കുകയാണ്. ഡയരക്ട് ടാക്‌സ് കോഡ് 2012-ല്‍ നിലവില്‍ വരാനിരിക്കെ ഈ ഇളവുകള്‍ ഒരുവര്‍ഷംകൂടി തുടരണമെന്ന് ബജറ്റിനു മുന്‍പുതന്നെ പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച നാസ്‌കോം സംഘം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ ധനമന്ത്രി തയ്യാറായില്ല.

ആഗോള സാമ്പത്തികമാന്ദ്യംമൂലം ലോകരാജ്യങ്ങള്‍ അവരവരുടെ സമ്പദ്‌വ്യവസ്ഥകള്‍ കൂടുതല്‍ സംരക്ഷിതമാക്കുന്നത് (പ്രൊട്ടക്ഷനിസം) ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് പുതിയ ബിസിനസ് അവസരങ്ങള്‍ ലഭിക്കുന്നതിന് വിഘാതമായിട്ടുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പംമൂലം ജീവനക്കാരുടെ വേതനം കുതിച്ചുയരുകയുമാണ്. ഇങ്ങനെ ഐടി വ്യവസായം ബുദ്ധിമുട്ടി മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നതിനിടെ ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതാക്കുന്നത് ഈ മേഖലയുടെ ഭാവിയെ മുരടിപ്പിക്കും. അതിനാല്‍ ബജറ്റ് പാര്‍ലമെന്‍റ് പാസാക്കുന്നതിനുമുമ്പ് ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് നാസ്‌കോം ആവശ്യപ്പെട്ടു.

അതേസമയം യു.ഐ.ഡി. പദ്ധതി, ജനറല്‍ സെയില്‍ടാക്‌സ് നെറ്റ്‌വര്‍ക്ക്, നാഷണല്‍ നോളജ് നെറ്റ്‌വര്‍ക്ക്, ഗ്രാമീണ ബ്രോഡ്ബാന്‍ഡ്, ബാങ്കിടപാടുകളുടെ കേന്ദ്രീകൃത പ്രോസസ്സിങ് യൂണിറ്റുകള്‍, തൊഴില്‍ വൈദഗ്ധ്യവികസനം എന്നിവയ്ക്ക് ബജറ്റില്‍ നല്‍കിയ പ്രാധാന്യം സ്വാഗതാര്‍ഹമാണ്. ഇത് പരോക്ഷമായി രാജ്യത്തെ ഐടി മേഖലയ്ക്ക് ഗുണകരമാകുമെന്നും നാസ്‌കോം വിലയിരുത്തുന്നു.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

budget 2011  pdf budget 2011 charcha
Discuss