Mathrubhumi Logo
  CentralBudget_2011_Heading

മൊബൈല്‍ഫോണിനും ഉരുക്കിനും വില കുറയും

Posted on: 28 Feb 2011

ബ്രാന്‍ഡഡ് സ്വര്‍ണാഭരണങ്ങള്‍ക്കും കമ്പ്യൂട്ടറിനും വില കൂടും

ന്യൂഡല്‍ഹി: ബജറ്റില്‍ എകൈ്‌സസ്, കസ്റ്റംസ് നികുതികളില്‍ വന്ന മാറ്റങ്ങള്‍ ബ്രാന്‍ഡ് നാമമുള്ള സ്വര്‍ണാഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും വില വര്‍ധിപ്പിക്കും. അതേസമയം, മൊബൈല്‍ ഫോണിന്റെയും ഉരുക്കിന്റെയും വില കുറയും. ചരക്കു-സേവന നികുതി (ജി.എസ്.ടി.) വരാന്‍പോകുന്ന പശ്ചാത്തലത്തില്‍ എകൈ്‌സസ് തീരുവയുടെ ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നേരത്തെ നികുതിയില്‍നിന്ന് ഒഴിവാക്കിയിരുന്ന 130 ഇനങ്ങളെ നികുതി പരിധിയില്‍ കൊണ്ടുവന്നു. ഇവയ്ക്ക് ഒരു ശതമാനം നികുതി ചുമത്തി. ഇങ്ങനെയാണ് ബ്രാന്‍ഡ് നാമമുള്ള ആഭരണങ്ങള്‍ക്കും മറ്റും വില വര്‍ധിക്കുന്നത്.

നാലു ശതമാനം എകൈ്‌സസ് നികുതി അഞ്ചു ശതമാനമായി ഉയര്‍ത്തിയതുമൂലം വില വര്‍ധിക്കുന്നത് ഈ ഇനങ്ങള്‍ക്കാണ്: കേക്ക് പോലെയുള്ള മധുരപലഹാരങ്ങള്‍, കടലാസ്, കടലാസ്‌കൊണ്ടുള്ള സാധനങ്ങള്‍, മരുന്നുകള്‍, ടെക്‌സ്റ്റൈല്‍ സാമഗ്രികള്‍, വൈദ്യോപകരണങ്ങള്‍. അതേസമയം, പാഴ്‌വസ്തുക്കളില്‍നിന്നും മറ്റുമുണ്ടാക്കുന്ന കടലാസിന് നികുതിയിളവ് ലഭിക്കും.

കമ്പ്യൂട്ടറുകളുടെ മൈക്രോ പ്രോസസ്സറുകള്‍, ഫേ്‌ളാപ്പി ഡിസ്‌ക് ഡ്രൈവുകള്‍, ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവുകള്‍, സി.ഡി. റോം, ഡി.വി.ഡി. ഡ്രൈവുകള്‍, റൈറ്ററുകള്‍. ഇവയ്‌ക്കൊക്കെ മുമ്പ് എകൈ്‌സസ് തീരുവയിളവ് നല്കിയിരുന്നു. ഇത് പിന്‍വലിച്ചു. അഞ്ചു ശതമാനം നികുതി ഇനി ഇവയ്ക്ക് നല്‍കേണ്ടിവരും. ക്ഷീരോത്പന്നങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, കാര്‍ഷികോത്പന്നങ്ങള്‍ തുടങ്ങിയവ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാനുള്ള ശീതസംഭരണികള്‍ക്കുള്ള പാനലുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയെ നികുതിയില്‍നിന്ന് ഒഴിവാക്കി. വെയര്‍ഹൗസുകളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.

സാനിറ്ററി നാപ്കിനുകള്‍, ഡയപ്പറുകള്‍ തുടങ്ങിയവയുടെ നികുതി 10 ശതമാനത്തില്‍നിന്ന് ഒരു ശതമാനമായി കുറച്ചു. കുടിവെള്ളം പ്ലാന്‍റുകളില്‍നിന്ന് ആദ്യത്തെ സംഭരണിവരെ എത്തിക്കുന്ന പൈപ്പുകള്‍, ഇവയുടെ ഭാഗങ്ങള്‍ എന്നിവയെയും നികുതിയില്‍നിന്ന് ഒഴിവാക്കി. വൈദ്യുതി ഉപയോഗിക്കാത്ത വാട്ടര്‍ ഫില്‍ട്ടറുകളുടെ നികുതി ഒരു ശതമാനമായി കുറച്ചു.

കളര്‍ ഫിലിമിനെ പൂര്‍ണമായും എകൈ്‌സസ് നികുതിയില്‍നിന്ന് ഒഴിവാക്കി. തുകല്‍ വ്യവസായത്തില്‍ ഉപയോഗിക്കുന്ന എന്‍സൈമുകളെയും നികുതിയില്‍നിന്ന് ഒഴിവാക്കി.

തോല അല്ലാതെ, സീരിയല്‍ നമ്പറുകളുള്ള സ്വര്‍ണബാറുകളുടെ എകൈ്‌സസ് നികുതി പത്തു ഗ്രാമിന് 280രൂപയില്‍നിന്ന് 200 രൂപയായി കുറച്ചു. അതേസമയം, സ്വര്‍ണം ശുദ്ധീകരിക്കുമ്പോള്‍ ലഭിക്കുന്ന വെള്ളിക്ക് കിലോക്ക് 1,500 രൂപ എകൈ്‌സസ് നികുതി ചുമത്തി.

കസ്റ്റംസ് നികുതി കുറയ്ക്കുന്ന ഇനങ്ങള്‍ ഇവയാണ്: അസംസ്‌കൃത പട്ട്, സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍, സിറിഞ്ച്, സൂചി തുടങ്ങിയവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍, മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ (2012 മാര്‍ച്ച് 31 വരെ) ടെക്‌സ്റ്റൈലുമായി ബന്ധപ്പെട്ട ചില സാമഗ്രികള്‍, ഇലക്‌ട്രോണിക് വ്യവസായത്തിലുപയോഗിക്കുന്ന ചില അസംസ്‌കൃത സാധനങ്ങള്‍. സിമന്‍റ് വ്യവസായത്തെ സഹായിക്കാന്‍വേണ്ടി നിലവിലുള്ള എകൈ്‌സസ് നികുതി നിരക്കുകള്‍ക്കു പകരം 10 ശതമാനം മൂല്യാധിഷ്ഠിത നിരക്ക് ഏര്‍പ്പെടുത്തി. സിമന്‍റിന്റെ അസംസ്‌കൃത വസ്തുക്കളായ പെറ്റ്‌കോക്കിന്റെയും ജിപ്‌സത്തിന്റെയും ഇറക്കുമതിത്തീരുവ കുറച്ചത് സിമന്‍റിന്റെ വില കുറയാന്‍ ഇടയാക്കുമെന്ന് കരുതപ്പെടുന്നു. കസ്റ്റംസ് നികുതി കുറച്ച മറ്റു ചില ഇനങ്ങള്‍: പിസ്‌തേഷ്യോ, അഗര്‍ബത്തിക്കുള്ള മുള, ഹോമിയോപ്പതി മരുന്നുകള്‍.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

budget 2011  pdf budget 2011 charcha
Discuss