Mathrubhumi Logo
  CentralBudget_2011_Heading

സബ്‌സിഡി പണമായി ജനങ്ങള്‍ക്ക്; തുടക്കമെന്ന നിലയില്‍ മണ്ണെണ്ണ നല്‍കും

Posted on: 28 Feb 2011

ന്യൂഡല്‍ഹി: ഭക്ഷ്യധാന്യങ്ങളും എണ്ണയും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന്റെ ഭാഗമായി റേഷന്‍ സബ്‌സിഡി പണമായി നേരിട്ട് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത് ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചു. തുടക്കമെന്ന നിലയില്‍ മണ്ണെണ്ണയും പാചകവാതകവും രാസവളങ്ങളും വാങ്ങുന്നതിനുള്ള സബ്‌സിഡി പണമായി ഗുണഭോക്താവിന് നല്‍കുന്നതിനുള്ള സംവിധാനം അടുത്ത കൊല്ലം മാര്‍ച്ച് മുതല്‍ നടപ്പാക്കും. ഇതിനുവേണ്ടി സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നതിന് ചുമതലപ്പെട്ട നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ കര്‍മസമിതി രൂപവത്കരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ പൊതുവിതരണ ശൃംഖലയിലെ ചോര്‍ച്ച ഒഴിവാക്കുന്നതിന് സബ്‌സിഡിത്തുക നേരിട്ട് ഉപഭോക്താവിന് നല്‍കാന്‍ ശുപാര്‍ശയുണ്ടായിരുന്നു. സ്മാര്‍ട്ട് കാര്‍ഡിന്റെ രൂപത്തിലോ ഭക്ഷ്യ കൂപ്പണ്‍ വഴിയോ സബ്‌സിഡി തുക റേഷന്‍ കാര്‍ഡുടമയ്ക്ക് നല്‍കാനായിരുന്നു നിര്‍ദേശം.

റേഷന്‍കടകള്‍ വഴിയുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണം വന്‍തോതില്‍ ചോര്‍ച്ചയ്ക്ക് വഴിവെക്കുന്നുവെന്ന് സാമ്പത്തിക സര്‍വേ വ്യക്തമാക്കിയിരുന്നു. ഇതുനേരിടുന്നതിന് നിര്‍ദേശിച്ചിട്ടുള്ള സബ്‌സിഡി കാര്‍ഡോ ഭക്ഷ്യകൂപ്പണോ ഉപയോഗിച്ച് ഏതു പൊതുവിതരണ കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ കമ്പോളവിലയ്ക്ക് വാങ്ങാന്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു കഴിയും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും മേലേയുള്ളവരും ഒരേ നിരക്കു നല്‍കുന്നത് കാരണം കടയുടമയ്ക്കും ബുദ്ധിമുട്ടുണ്ടാകുന്നില്ല. ഏതെങ്കിലും കടയില്‍ ഭക്ഷ്യവസ്തുക്കള്‍ മായം ചേര്‍ക്കപ്പെടുന്നുവെന്ന് സംശയമുണ്ടെങ്കില്‍ മറ്റൊരു പൊതുവിതരണ കേന്ദ്രം തിരഞ്ഞെടുക്കുന്നതിന് കാര്‍ഡുടമയ്ക്ക് സ്വാതന്ത്ര്യവും ലഭിക്കുന്നു. സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് വ്യാപകമായിക്കഴിഞ്ഞാല്‍ ഈ സംവിധാനം കുറച്ചുകൂടി ശക്തിപ്പെടും. നിലവിലുള്ള സംവിധാനത്തില്‍ നിശ്ചിത കടയില്‍ നിന്നു തന്നെ കാര്‍ഡുടമകള്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങണം. തൊഴില്‍ തേടി മറ്റൊരു സ്ഥലത്തേക്ക് പോകുന്ന ഘട്ടത്തില്‍ ഉടമയ്ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുമില്ല. സബ്‌സിഡി നേരിട്ട് റേഷന്‍ കടകള്‍ക്കാണ് നല്‍കുന്നത്. ഇതാണ് ചോര്‍ച്ചയ്ക്കു വഴിവെക്കുന്നത്. റേഷന്‍ സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നതിനു പുറമേ, മായം ചേര്‍ക്കലിനും ഇതു വഴിവെക്കുന്നു. അഞ്ചുലക്ഷത്തോളം റേഷന്‍ കടകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

budget 2011  pdf budget 2011 charcha
Discuss