ബാംഗ്ലൂര്‍ മലയാളികളുടെ ആവശ്യം പരിഗണിച്ചില്ല
Posted on: 26 Feb 2011

തങ്ങളെ തീര്‍ത്തും അവഗണിക്കുന്ന റെയില്‍വേ അധികൃതരുടെ നിലപാടുകള്‍ക്ക് പിന്നില്‍ ചില ലോബികളുടെ സമ്മര്‍ദമുണ്ടെന്നാണ് മലയാളി സംഘടനകളുടെ ശക്തമായ ആരോപണം. കേരളത്തിന് 12 ട്രെയിനുകളാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പ്രതിവാര വണ്ടികളാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇതില്‍ തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്ക് കൂടുതല്‍ വണ്ടികള്‍ അനുവദിച്ചപ്പോള്‍ ബാംഗ്ലൂരിനെ പൂര്‍ണമായും തഴഞ്ഞു. മലബാറിലേക്ക് ട്രെയിന്‍ അനുവദിക്കുന്നതില്‍ റെയില്‍വേ കാണിക്കുന്ന പിശുക്ക് ആരെയും അത്ഭുതപ്പെടുത്തുന്നതുമാണ്. ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ദിനം പ്രതി ഒരു ട്രെയിന്‍ വേണമെന്നത് മലയാളികളുടെ ദീര്‍ഘകാലാവശ്യമായിരുന്നു. എന്നാല്‍ ഇത് കണക്കാക്കാതെ ബാംഗ്ലൂരില്‍നിന്ന് എറണാകുളത്തേക്ക് അഴ്ചയിലൊരിക്കല്‍ ഒരു തീവണ്ടിയാണ് അനുവദിച്ചത്. ഇത് എന്ന് ഓടിത്തുടങ്ങുമെന്നതിനുപോലും യാതൊരു ഉറപ്പുമില്ല.
മലബാര്‍ യാത്രക്കാരുടെ കാര്യമാണ് ഏറെ ദുരിതം. മലബാറിലേക്ക് ഒരു വണ്ടിപോലും അനുവദിച്ചിട്ടില്ലെന്നു മാത്രമല്ല, മംഗലാപുരം വഴി കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന യശ്വന്ത്പുര്‍- കണ്ണൂര്‍ കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യവും അവഗണനയുടെ പാളത്തില്‍ തള്ളി. കോഴിക്കോട്ടു നിന്ന് ബാംഗ്ലൂരിലേക്ക് ഒരു ഇന്റര്‍സിറ്റി അനുവദിക്കുക, കണ്ണൂരില്‍ നിന്ന് ബാംഗ്ലൂരിലേക്ക് ഒരു ഗരീബ് രഥ് ട്രെയിന്‍ അനുവദിക്കുക, എന്നിവയായിരുന്നു മലബാര്‍ യാത്രക്കാരുടെ പ്രധാനാവശ്യങ്ങള്‍. ഒരു ദിവസം മലബാറില്‍ നിന്ന് പതിനായിരത്തിലധികം യാത്രക്കാരാണ് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യുന്നത്. പാലക്കാട് വഴി സര്‍വീസ് നടത്തുന്ന യശ്വന്ത് പുര്‍-കണ്ണൂര്‍ എക്സ്പ്രസ്സില്‍ ടിക്കറ്റ് കിട്ടണമെങ്കില്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ബുക്ക് ചെയ്യണം. ഇതിന് പരിഹാരം കാണാന്‍ റെയില്‍വേക്ക് പദ്ധതികളൊന്നും തന്നെയില്ല. യശ്വന്ത്പുര്‍- മംഗലാപുരം എക്സ്പ്രസ് കണ്ണൂര്‍ വരെ നീട്ടണമെന്ന ആവശ്യത്തിനും റെയില്‍വേ പച്ചക്കൊടി കാട്ടിയില്ല. മലബാര്‍ യാത്രക്കാരോടുള്ള അവഗണനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനു തന്നെയാണ് മലയാളി സംഘടനകളുടെ തീരുമാനം. റെയില്‍വേ ബജറ്റിനെക്കുറിച്ചുള്ള മലയാളി സംഘടനകളുടെ പ്രതികരണങ്ങള്‍.