Mathrubhumi Logo
  RailBudget2011_Head

മുംബൈ മലയാളിക്ക് ഒന്നുമില്ലാത്ത ബജറ്റ്

Posted on: 26 Feb 2011

മുംബൈ: ''ഇങ്ങനെ പ്രതീക്ഷിച്ചില്ല, ഒരുവണ്ടിയെങ്കിലും ഉണ്ടാവുമെന്നാണ് കരുതിയത്.'' റെയില്‍വേ ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ ഉടന്‍ താക്കുര്‍ളി നിവാസിയായ ഒരു മലയാളിയുടെ പ്രതികരണം ഈ രീതിയിലുള്ളതായിരുന്നു. മുംബൈയില്‍ നിന്നും കേരളത്തിലേക്ക് രണ്ടു വണ്ടികളുടെ നിര്‍ദേശമാണ് മധ്യ റെയില്‍വേ മുന്നോട്ടു വെച്ചിരുന്നത്. കുര്‍ളയില്‍ നിന്നും കോയമ്പത്തൂര്‍ക്കും, തിരുനെല്‍വേലിയിലേക്കും. പക്ഷേ, ഇവ രണ്ടും തള്ളിക്കളയുകയാണുണ്ടായത്. അതേ സമയം കേരളത്തിലേക്ക് പശ്ചിമ റെയില്‍വേ നിര്‍ദേശിച്ച മൂന്നു വണ്ടികളില്‍ രണ്ടും റെയില്‍വേ പരിഗണിച്ചു എന്നതാണ് ഗുജറാത്ത് മലയാളികള്‍ക്ക് നേട്ടമായത്.

കഴിഞ്ഞ കുറേ വര്‍ഷമായി കാത്തിരിക്കുന്ന ഭാവ്‌നഗര്‍-കൊച്ചുവേളിയും, പോര്‍ബന്തര്‍- കൊച്ചുവേളിയും. രാജ്‌കോട്ട്-കൊച്ചുവേളിയായിരുന്നു നിര്‍ദേശത്തിലുണ്ടായിരുന്നത്. ഹാപ്പ- തിരുനെല്‍വേലി പോര്‍ബന്തറിലേക്ക് നീട്ടാനും നിര്‍ദേശം വെച്ചിരുന്നു. ഇതു രണ്ടും ഒരു വണ്ടിയിലൂടെ പരിഹരിക്കപ്പെടുകയാണുണ്ടായത്.

ആഴ്ചയില്‍ മൂന്നു സര്‍വീസ് നടത്തുന്ന സി.എസ്.ടി.- മംഗലാപുരം എക്‌സ്​പ്രസ്സ് പ്രതിദിന വണ്ടിയാക്കാന്‍ തീരുമാനിച്ചത് മാത്രമാണ് മുംബൈ മലയാളികള്‍ക്ക് കുറച്ചെങ്കിലും ആശ്വാസമാകുന്നത്. നേത്രാവതിയിലേയും മറ്റും തിരക്കിന് അല്‍പ്പം ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

മുംബൈയില്‍ മലയാളി സംഘടനകള്‍ നിരന്തരം ആവശ്യപ്പെടുന്ന പ്രതിദിന വണ്ടി ഇത്തവണയും ഉണ്ടായില്ല. ഗരീബ്‌രഥിന്റെ സര്‍വ്വീസ് വര്‍ധിപ്പിക്കുക, മംഗള എക്‌സ്​പ്രസ്സ് തിരുവനന്തപുരം വരെ നീട്ടുക തുടങ്ങി മറ്റ് ആവശ്യങ്ങളും മുംബൈ മലയാളികള്‍ മുന്നോട്ട് വെച്ചിരുന്നു.

മുംബൈ മലയാളികളുടെ ഒരാവശ്യവും പരിഗണിക്കപ്പെടാതെ പോയതില്‍ പ്രതിഷേധിക്കുമെന്നും അടുത്ത ബജറ്റില്‍ സ്ഥിതി ആവര്‍ത്തിക്കാതിരിക്കാന്‍ പ്രക്ഷോഭം തുടങ്ങുമെന്നും റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹി ശശികുമാര്‍ നായര്‍ പറഞ്ഞു.





ganangal


മറ്റു വാര്‍ത്തകള്‍

  12 3 »
Discuss