Mathrubhumi Logo
  RailBudget2011_Head

റെയില്‍വേ ബജറ്റ്: ഡല്‍ഹി മലയാളികള്‍ക്ക് നിരാശ

Posted on: 26 Feb 2011



ന്യൂഡല്‍ഹി: ഡല്‍ഹി മലയാളികളുടെ ആവശ്യങ്ങള്‍ക്കൊന്നും റെയില്‍വേ ബജറ്റില്‍ ഇടംകിട്ടിയില്ല. പുതിയ തീവണ്ടി അനുവദിക്കണമെന്ന ആവശ്യം തലസ്ഥാനവാസികളായ മലയാളികള്‍ക്ക് ഇപ്പോഴില്ലായിരുന്നു. എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്‌സ്​പ്രസ് കഴിഞ്ഞവര്‍ഷം സര്‍വീസ് തുടങ്ങിയതോടെ പുതിയ ട്രെയിന്‍ എന്ന ആവശ്യം മലയാളികള്‍ മാറ്റിവെച്ചു. നിലവിലുള്ള തീവണ്ടികളുടെ സര്‍വീസ് കൂടുതല്‍ തവണയാക്കുക, വേനലവധിക്കാലത്ത് പ്രത്യേക തീവണ്ടികള്‍ അനുവദിക്കുക എന്നിവയ്ക്ക് പരിഹാരമുണ്ടായില്ല. കേരള എക്‌സ്​പ്രസ്, മംഗള എക്‌സ്​പ്രസ് എന്നിങ്ങനെയുള്ള കേരളത്തിലേക്കുള്ള ട്രെയിനുകളുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനും ബജറ്റില്‍ നിര്‍ദേശമില്ല. സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സേനയെ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിന്യസിക്കുമെന്ന വാഗ്ദാനം പ്രതീക്ഷ പകരുന്നുണ്ട്.

നിസാമുദ്ദീനില്‍ നിന്നുള്ള തുരന്തോ എക്‌സ്​പ്രസ്സിന്റെ സര്‍വീസ് ആഴ്ചയില്‍ രണ്ടു തവണയാക്കുക, ആഴ്ചയില്‍ മൂന്ന് ദിവസത്തെ രാജധാനി എക്‌സ്​പ്രസ്സിന്റെ സര്‍വീസ് നാല് ദിവസമാക്കുക എന്നീ ആവശ്യങ്ങള്‍ വിവിധ മലയാളി സംഘടനകളുടെ പ്രതിധികള്‍ മമതാ ബാനര്‍ജിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും മമത കൈക്കൊണ്ടില്ല.

യാത്രക്കാരുടെ സുരക്ഷയാണ് ഡല്‍ഹി മലയാളികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ദീര്‍ഘദൂര ട്രെയിനുകളില്‍ കൂടുതല്‍ സുരക്ഷാസേനയെ നിയോഗിക്കുകയെന്നതാണ് പ്രധാനം. ഓള്‍ ഇന്ത്യ സെക്യൂരിറ്റി ഹെല്‍പ്പ്‌ലൈന്‍ സ്ഥാപിക്കുമെന്ന വാഗ്ദാനമുണ്ട്. രാജധാനി, തുരന്തോ എക്‌സ്​പ്രസ്സുകളുടെ സര്‍വീസ് നീട്ടണമെന്ന ആവശ്യവും പരിഗണിച്ചില്ലെന്ന് ജനസംസ്‌കൃതി ജനറല്‍ സെക്രട്ടറി എം.വി. സന്തോഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി.

ലക്ഷ്യസ്ഥാനത്തുമാത്രം നിര്‍ത്തുകയെന്നതാണ് തുരന്തോകൊണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍ നിസാമുദ്ദീനില്‍നിന്ന് എറണാകുളത്തേക്കുള്ള തുരന്തോ എക്‌സ്​പ്രസ് കേരള യാത്രക്കാരെ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊറണൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ അനുവദിച്ചാല്‍ മലയാളി യാത്രക്കാര്‍ക്ക് സഹായമായിരിക്കും.

കേരളത്തിലേക്കുള്ള മുഴുവന്‍ ട്രെയിനുകള്‍ക്കും ഫരീദാബാദില്‍ സ്റ്റോപ്പനുവദിക്കണമെന്ന് ഫരീദാബാദിലെ മലയാളിസമൂഹം ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണ്. ഒരു ലക്ഷത്തോളം മലയാളികള്‍ ഫരീദാബാദില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. നിലവില്‍ മംഗള എക്‌സ്​പ്രസ്സിനു മാത്രമേ ഇവിടെ സ്റ്റോപ്പുള്ളൂ. നാട്ടിലേക്ക് പോകുന്നതിന് ട്രെയിന്‍ കയറാന്‍ തങ്ങള്‍ക്ക് ന്യൂഡല്‍ഹിയിലോ നിസാമുദ്ദീനിലോ പോകേണ്ട സ്ഥിതിയാണെന്ന് ഫരീദാബാദ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ പറഞ്ഞു. ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൃത്യസമയത്തെത്തുന്നതിന് ഫരീദാബാദില്‍ നിന്ന് ടാക്‌സിവിളിച്ചുവേണം റെയില്‍വേ സ്റ്റേഷനിലെത്താന്‍. പലപ്പോഴും ട്രെയിന്‍ നഷ്ടമാകുന്ന സ്ഥിതിയുമുണ്ട്. കാലങ്ങളായി തങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിട്ടും ഒരു ബജറ്റിലും പരിഹാരമുണ്ടാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വൃത്തിയും വെടിപ്പുമില്ലാത്ത കമ്പാര്‍ട്ട്‌മെന്റുകള്‍, ഗുണനിലവാരമില്ലാത്ത ഭക്ഷണം എന്നിവയും നിത്യമായ യാത്രാപ്രശ്‌നങ്ങളാണ്. മംഗള എക്‌സ്​പ്രസ്സിലൊഴിച്ച് മറ്റെല്ലാ തീവണ്ടികളിലും ഭക്ഷണം മോശമാണെന്ന പരാതി വ്യാപകമാണ്. പല സ്റ്റേഷനുകളില്‍നിന്ന് സംഭരിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ റെയില്‍വേ അധികൃതര്‍ പരിഗണിക്കുന്നില്ലെന്നതാണ് സത്യം. മംഗള എക്‌സ്​പ്രസ്സില്‍ ട്രെയിനിനുള്ളിലെ കാന്റീനില്‍നിന്ന് പാകം ചെയ്യുന്നതിനാല്‍ ഭേദപ്പെട്ട ഭക്ഷണം ലഭിക്കുന്നു.

ബോഗികള്‍ വൃത്തിയാക്കാത്തതുമൂലം എലികളും പാറ്റകളും ട്രെയിനുകളില്‍ കയറിക്കൂടുന്നതും സ്ഥിരം കാഴ്ചയാണ്. യാത്രയ്ക്ക് ഇതേറെ അസ്വസ്ഥതയുണ്ടാക്കുന്നു. യാചകരുടെ ശല്യം ഒഴിവാക്കുന്നതിനും നടപടിയുണ്ടാകണം. സുരക്ഷയുടെയും വൃത്തിയുടെയും കാര്യത്തില്‍ മമതയുടെ വാഗ്ദാനങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സി. ചന്ദ്രന്‍ പറഞ്ഞു.




ganangal


മറ്റു വാര്‍ത്തകള്‍

  12 3 »
Discuss