പ്രസംഗം പൂര്‍ത്തിയാക്കിയത് ബഹളത്തിനിടെ
Posted on: 26 Feb 2011

ന്യൂഡല്‍ഹി: ബഹളത്തിനും തടസ്സപ്പെടുത്തലിനും ഇടയിലാണ് മന്ത്രി മമതാ ബാനര്‍ജി റെയില്‍വേ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. റെയില്‍ ബജറ്റിനെ മന്ത്രി മമത ബംഗാള്‍ ബജറ്റാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഭരണപക്ഷത്തുനിന്നുള്ള ചില അംഗങ്ങളും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിന്റെപേരില്‍ പ്രതിഷേധമുയര്‍ത്തി.ഒരുഘട്ടത്തില്‍ ബിഹാറില്‍നിന്നുള്ള ജനതാദള്‍-യു, ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധവുമായി സഭാതലത്തിലേക്കിറങ്ങി. ബജറ്റില്‍ ബിഹാറിനെ പൂര്‍ണമായി അവഗണിച്ചുവെന്ന് ആരോപിച്ചാണ് അംഗങ്ങള്‍ സഭാതലത്തിലേക്കിറങ്ങിയത്.
ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദ്, രഘുവംശ്പ്രസാദ്‌സിങ് എന്നിവരും പ്രതിഷേധിച്ചു. എന്‍.ഡി.എ. നേതാവ് ശരത്‌യാദവ് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കെതിരെ പ്രതിഷേധവുമായി തൃണമൂല്‍ അംഗങ്ങളും എഴുന്നേറ്റു. പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പണിപ്പെട്ടാണ് അംഗങ്ങളെ ശാന്തരാക്കിയത്.