Mathrubhumi Logo
  RailBudget2011_Head

ബംഗാളിന് വാരിക്കോരി

Posted on: 26 Feb 2011

ന്യൂഡല്‍ഹി: ആസന്നമായ പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് റെയില്‍വേ ബജറ്റില്‍ പശ്ചിമബംഗാളിനോട് പ്രത്യേക മമത കാട്ടാന്‍ മമതാ ബാനര്‍ജി മറന്നില്ല.

ഒന്നിനു പിറകെ ഒന്നായി ബംഗാളിന് പദ്ധതികളും തീവണ്ടികളും ഒക്കെ പ്രഖ്യാപിച്ചപ്പോള്‍ പ്രതിഷേധവുമായി എഴുന്നേറ്റ പ്രതിപക്ഷാംഗങ്ങളെ നോക്കി മന്ത്രി ഇങ്ങനെ പ്രതികരിക്കുകയും ചെയ്തു. ''അതേ എന്റെ സംസ്ഥാനത്തെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്, ബംഗാളിന് ഞാന്‍ ഗുണം ചെയ്യും. മറ്റ് സംസ്ഥാനങ്ങള്‍ക്കും ഗുണം ചെയ്യും. രാജ്യത്തിനും ഗുണം ചെയ്യും.''

ബജറ്റില്‍ ബിഹാറിനെ അവഗണിച്ചുവെന്ന് ആരോപിച്ച മുന്‍ റെയില്‍വേ മന്ത്രി ലാലുപ്രസാദിനെയും മമത ഒന്ന് കുത്തി. ''അങ്ങ് മന്ത്രിയായിരുന്നപ്പോള്‍ ബിഹാറിനു വേണ്ടി എന്തെല്ലാം ചെയ്തു? ഇപ്പോള്‍ എന്തിനാണ് ബഹളം വെക്കുന്നത്?''

ബംഗാളില്‍ ഇടതുപക്ഷത്തിനെതിരെ വലിയ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാന്‍ മമതയെ സഹായിച്ച സംഭവങ്ങള്‍ അരങ്ങേറിയ നന്ദിഗ്രാമിനും സിംഗൂരിനും ബജറ്റില്‍ കാര്യമായ പ്രാധാന്യം നല്‍കി. നന്ദിഗ്രാമില്‍ റെയില്‍വേ വ്യവസായപാര്‍ക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സിംഗൂരില്‍ മെട്രോ റെയില്‍വേ കോച്ച് ഫാക്ടറിയും. ഇതിനു പുറമേ സംസ്ഥാനത്തെ എല്ലാ മേഖലകള്‍ക്കും മമത ബജറ്റില്‍ നല്ല പ്രാധാന്യം നല്‍കിയിട്ടുണ്ട്. പ്രശ്‌നസങ്കീര്‍ണമായ ഡാര്‍ജിലിങ്ങില്‍ സോഫ്റ്റ്‌വേര്‍ പാര്‍ക്കാണ് പ്രഖ്യാപിച്ചത്.

പുതിയ തീവണ്ടികളുടെ കാര്യത്തിലും ലൈനുകളുടെ കാര്യത്തിലും ബംഗാളിനെ ബജറ്റില്‍ മമത അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. തുരന്തോ, പുതുതായി പ്രഖ്യാപിച്ച രാജ്യറാണി തുടങ്ങിയ തീവണ്ടികളില്‍ ബംഗാളിന് കാര്യമായ പ്രാധാന്യം നല്‍കി.

ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള മെട്രോ സര്‍വീസായ കൊല്‍ക്കത്ത മെട്രോയ്ക്ക് വന്‍വിപുലീകരണ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. മറ്റു വന്‍ നഗരങ്ങളിലെ സബര്‍ബന്‍ റെയില്‍വേക്കൊപ്പം കൊല്‍ക്കത്തയിലെ സബര്‍ബന്‍ റെയില്‍വേ സംവിധാനവും ശക്തിപ്പെടുത്തുമെന്ന് ബജറ്റ് വാഗ്ദാനം ചെയ്തിരുന്നു.

രവീന്ദ്രനാഥ ടാഗോറിന്റെയും സ്വാമി വിവേകാനന്ദന്റെയും 150-ാം ജന്മവാര്‍ഷികം പ്രമാണിച്ച് പ്രത്യേക തീവണ്ടികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടാഗോറിന്റെ സ്മരണാര്‍ഥം കവിഗുരു എക്‌സ്​പ്രസ്സും സ്വാമി വിവേകാനന്ദന്റെ സ്മരണാര്‍ഥം വിവേക് എക്‌സ്​പ്രസ്സുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.തൃണമൂല്‍ എം.പി.മാര്‍ ഡസ്‌കിലടിച്ച് മമതയെ പ്രോത്സാഹിപ്പിച്ചു.

ചില പ്രധാന പദ്ധതികള്‍


പുതിയ ലൈനുകള്‍-32, ഇരട്ടിപ്പിക്കല്‍-11, കൊല്‍ക്കത്ത മെട്രോ വിപുലീകരണം, സര്‍വേ-7, ഫാക്ടറികള്‍/പരിശീലനകേന്ദ്രങ്ങള്‍-16, പുതിയ തീവണ്ടികള്‍-തുരന്തോ-2, വിവേക് എക്‌സ്​പ്രസ്-1, കവി ഗുരു എക്‌സ്​പ്രസ്-3, എക്‌സ്​പ്രസ് തീവണ്ടികള്‍-21, പാസഞ്ചര്‍-1, ഡെമു-5, മെമു-3.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »
Discuss