Mathrubhumi Logo
  RailBudget2011_Head

കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളില്‍ മൗനം

Posted on: 26 Feb 2011

ന്യൂഡല്‍ഹി: റെയില്‍വേ അവഗണിക്കുന്നുവെന്ന കേരളത്തിന്റെ പരാതി തീര്‍ക്കാന്‍ പതിവിലേറെ പദ്ധതികള്‍ സമ്മാനിച്ച റെയില്‍വേ ബജറ്റ് സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളില്‍ ഇത്തവണയും മൗനംപൂണ്ടു. കേരളത്തിന് പ്രത്യേക റെയില്‍വേസോണ്‍ വേണമെന്ന ആവശ്യമാണ് ഇതില്‍ പ്രധാനം. മറ്റൊരു സ്വപ്നപദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതൊഴിച്ചാല്‍ മമത മറ്റൊന്നും മിണ്ടിയില്ല.

പുതുതായി പ്രഖ്യാപിച്ച 83 തീവണ്ടികളില്‍ 12 എണ്ണം സംസ്ഥാനത്തെ പാളങ്ങളിലൂടെ കൂകിപ്പായുമെന്നതാണ് പ്രധാന നേട്ടം. രാജ്യത്തെ 236 റെയില്‍വേ സ്റ്റേഷനുകളെ ആദര്‍ശ് സ്‌റ്റേഷനുകളാക്കുമെന്ന് പ്രഖ്യാപിച്ചതും കേരളത്തിന് നേട്ടമാകും. പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെട്ടതു പ്രകാരമുള്ള സ്റ്റേഷനുകള്‍ ആദര്‍ശാക്കി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രസംഗത്തിനിടെ മമത പ്രത്യേകം പറഞ്ഞു.

ഇതില്‍ കേരളത്തിലെ ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, ജഗന്നാഥ ടെമ്പിള്‍ ഗേറ്റ്, പിറവം റോഡ്, വൈക്കം റോഡ്, കാഞ്ഞിരമറ്റം, കുറുപ്പന്തറ, മാരാരിക്കുളം, മുളന്തുരുത്തി, കൊയിലാണ്ടി എന്നീ പത്തു സ്റ്റേഷനുകള്‍ ഇടം പിടിച്ചു.

ഈ വര്‍ഷത്തെ ബജറ്റിലെ പുതുമയാണ് വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള സ്റ്റുഡന്റ് എക്‌സ്​പ്രസ്സ്. ഇതില്‍ ഒരെണ്ണം ചെന്നൈ-പുതുച്ചേരി-തിരുവനന്തപുരം റൂട്ടിലാണ് കോട്ടയത്തും നേമത്തും പുതിയ പാസഞ്ചര്‍ ടെര്‍മിനലുകള്‍ സ്ഥാപിക്കാനുള്ള തീരുമാനവും സംസ്ഥാനത്തിന് ഗുണകരമാവും. നേമത്ത് കോച്ചിങ് യാര്‍ഡ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം സ്വീകാര്യമാണെങ്കിലും നാഗര്‍കോവില്‍-തിരുവനന്തപുരം പാത ഇരട്ടിപ്പിക്കാനുള്ള ആവശ്യം കേന്ദ്രം പരിഗണിക്കാത്തത് നിരാശയാണെന്ന് എ. സമ്പത്ത് എം.പി. പറഞ്ഞു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും എം.പി.മാര്‍ ഒന്നിച്ച് ആവശ്യപ്പെട്ട പാത ഇരട്ടിപ്പിക്കല്‍ തഴഞ്ഞതു ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.

അങ്കമാലി-ശബരി റെയില്‍പ്പാതയ്ക്ക് 83 കോടി വകയിരുത്തിയത് പദ്ധതി വേഗത്തിലാക്കാന്‍ സഹായിക്കും. ആദ്യമായാണ് ഇത്രയും കൂടുതല്‍ തുക പദ്ധതിക്കായി നീക്കിവെക്കുന്നതെന്ന് പി.ടി.തോമസ് എം.പി. ചൂണ്ടിക്കാട്ടി. കൊച്ചി-മധുര, കോട്ടയം-മധുര പാതകള്‍ ഇടുക്കിയിലൂടെ കടന്നു പോവുന്നത് ജില്ലയുടെ യാത്രാപ്രശ്‌നത്തിന് പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ മേഖലക്കാരുടെ ദീര്‍ഘകാല ആവശ്യമായ തലശ്ശേരി-മൈസൂര്‍ പാതയ്ക്ക് സര്‍വേ നടത്തുമെന്ന പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ സര്‍വ്വേകള്‍ മുമ്പ് പലതവണ നടന്നിട്ടുണ്ട്. ടൂറിസം മന്ത്രാലയവുമായി സഹകരിച്ചുള്ള റെയില്‍ ടൂറിസം പദ്ധതിയില്‍ തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്തി.

വൈദ്യുതീകരണ പദ്ധതിയില്‍ കേരളത്തിലെ റെയില്‍വേ ലൈനുകളെയൊന്നും പരിഗണിക്കാത്തത് നിരാശയായി. അതുപോലെ ചേര്‍ത്തലയില്‍ വാഗണ്‍ നിര്‍മാണ ഫാക്ടറി തുടങ്ങുമെന്നതും ആവര്‍ത്തനം മാത്രമായി. കേരളത്തില്‍ നിന്ന് ഡല്‍ഹി, മുംബൈ നഗരങ്ങളിലേക്ക് പുതിയ തീവണ്ടികള്‍ വേണമെന്നുള്ള ആവശ്യം ഇനിയും നിറവേറിയിട്ടില്ല. ബാംഗ്‌ളൂരിലേക്ക് ദൈനംദിന വണ്ടി വേണമെന്ന ആവശ്യം കേന്ദ്രം വാരാന്ത്യ സര്‍വീസിലൊതുക്കി.

പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി സ്ഥാപിക്കുന്ന കാര്യത്തില്‍ റെയില്‍വേമന്ത്രി ഒഴിഞ്ഞു മാറുകയാണ് ചെയ്തതെന്ന് എം.ബി. രാജേഷ് എം.പി. കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. ബജറ്റ് അവതരണത്തിനിടയിലും ഇതു ചോദിച്ചു. പദ്ധതിയില്‍ ചില തടസ്സങ്ങളുണ്ടെന്നും ഫാക്ടറി ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നുമായിരുന്നു മറുപടി. എന്നാല്‍ എന്താണ് തടസ്സങ്ങളെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല - രാജേഷ് പറഞ്ഞു.

പ്രത്യേകം സോണ്‍ അനുവദിക്കാത്തത് കേരളത്തിന്റെ റെയില്‍വേ വികസനത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കോച്ചുകളും മറ്റുമടക്കമുള്ള റോളിങ് സ്റ്റോക്ക് അനുവദിക്കുന്നത് സോണ്‍ അടിസ്ഥാനത്തിലാണ്. സോണിനെക്കുറിച്ച് ബജറ്റില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് വിമര്‍ശം. എന്നാല്‍, നയപരമായ തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും ബജറ്റില്‍ പരാമര്‍ശിക്കണമെന്ന് നിര്‍ബന്ധമില്ലെന്നുമാണ് വിദഗ്ധാഭിപ്രായം.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »
Discuss