Mathrubhumi Logo
  RailBudget2011_Head

കോച്ചുകളില്ല; പുതിയ വണ്ടികള്‍ വൈകും

Posted on: 26 Feb 2011

പാലക്കാട്: ട്രെയിന്‍ യാത്രക്കാരുടെ എണ്ണം വര്‍ഷംതോറും വര്‍ധിക്കുന്നതിനനുസരിച്ച് ആവശ്യത്തിന് കോച്ചുകള്‍ കിട്ടാനില്ലെന്ന് റെയില്‍വേ.

ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ത്തന്നെ മമതാബാനര്‍ജി ഊന്നിപ്പറഞ്ഞത് കോച്ചുകളുടെ ക്ഷാമത്തെക്കുറിച്ചാണ്. ഭാവിയിലെങ്കിലും ഇത് ശാശ്വതമായി പരിഹരിക്കാന്‍ കോച്ച്-വാഗണ്‍ ഫാക്ടറികളും അനുബന്ധസാമഗ്രികളും നിര്‍മിക്കാന്‍ വന്‍പദ്ധതികള്‍ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യാഥാര്‍ഥ്യം ആദ്യമേതന്നെ വ്യക്തമാക്കിയതോടെ പ്രഖ്യാപിച്ച തീവണ്ടികള്‍ ഓടിത്തുടങ്ങാന്‍ മാസങ്ങളെടുക്കുമെന്നുറപ്പ്.

റെയില്‍വേയ്ക്ക് ഒരുവര്‍ഷംവേണ്ട യാത്രാകോച്ചുകളുടെ 50 ശതമാനംപോലും ഇപ്പോള്‍ നിര്‍മിക്കുന്നില്ല. ആകെയുള്ളത് പഞ്ചാബിലെ കപൂര്‍ത്തലയിലും ചെന്നൈ പെരമ്പൂരിലുമുള്ള കോച്ച്ഫാക്ടറികളാണ്. വര്‍ഷം 1,100 കോച്ചുകള്‍വീതമാണ് ഇവിടെ നിര്‍മിക്കുന്നത്. ഇതുകൊണ്ട് പകുതിആവശ്യംപോലും നിറവേറ്റപ്പെടുന്നില്ല. റായ്ബറേലിയിലും കഞ്ചിക്കോട്ടും അനുവദിച്ച കോച്ച്ഫാക്ടറികള്‍ ഇനിയും യാഥാര്‍ഥ്യമാവാത്തത് കോച്ച്ക്ഷാമം രൂക്ഷമാക്കുന്നു. റായ്ബറേലിയില്‍നിന്ന് മൂന്നുമാസത്തിനകം കോച്ചുകള്‍ ഇറങ്ങുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഓരോ ബജറ്റിലും 40ഉം 50ഉം വണ്ടികള്‍ പ്രഖ്യാപിക്കുന്നുണ്ട്. ചുരുങ്ങിയത് 20 കോച്ചുകളെങ്കിലും ഓരോവണ്ടിക്കും വേണം. ഇതിനുപുറമെ പഴകിദ്രവിച്ച കോച്ചുകള്‍ മാറ്റണം. മെമു, ഡി.എം.യു. കോച്ചുകളും വേണം. ക്ഷാമംമൂലം മിക്ക ദീര്‍ഘദൂരവണ്ടികളിലും ഇപ്പോഴും പഴകിദ്രവിച്ച കോച്ചുകളാണ് കൂടുതലും.

ചരക്കുതീവണ്ടികളിലും സ്ഥിതിവ്യത്യസ്തമല്ല. നടപ്പുവര്‍ഷം 16,500 വാഗണുകളാണ് ആവശ്യംവന്നതെങ്കില്‍ അടുത്തവര്‍ഷം 18,000 വാഗണുകള്‍ വേണ്ടിവരുമെന്ന് ബജറ്റില്‍ പറയുന്നു. അധികംവേണ്ടിവരുന്ന 1,500 വാഗണുകളും ഇനി കണ്ടെത്തണം.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഓടിത്തുടങ്ങിയത് അടുത്തിടെയാണ്. ഇത്തവണ 12 പുതിയ വണ്ടി അനുവദിച്ചെങ്കിലും ഇവയിനി റെയില്‍വേ ടൈംടേബിളില്‍ ഇടംപിടിക്കണം. കോച്ചുകള്‍ ലഭിക്കണം. എങ്കില്‍മാത്രമെ വണ്ടികള്‍ ഓടിക്കാനാവൂ.

നിലവില്‍ ഓടുന്ന വണ്ടികളുടെ കോച്ചുകള്‍ പരമാവധി ഉപയോഗിച്ച് പുതിയവണ്ടികള്‍ ഓടിക്കാനാവും റെയില്‍വേയുടെ ശ്രമം.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »
Discuss